ന്യൂഡൽഹി : സംവരണം 50 ശതമാനം കടക്കരുതെന്ന ഇന്ദിര സാഹ്നി കേസ് വിധി പുനഃപരിശോധിക്കേണ്ട കാര്യമില്ലെന്ന് സുപ്രീം കോടതി. മഹാരാഷ്ട്ര സർക്കാർ ഏർപ്പെടുത്തിയ മറാഠ സംവരണവും സുപ്രീം കോടതി റദ്ദാക്കി. അതേസമയം, സംവരണ വിഭാഗങ്ങളെ നിശ്ചയിക്കുന്നതിനുള്ള അധികാരം കേന്ദ്രത്തിന് നൽകുന്ന ഭരണഘടനാ ഭേദഗതി ഭൂരിപക്ഷ വിധിയിലൂടെ ഭരണഘടനാ ബഞ്ച് ശരിവെച്ചു.
സംവരണം 50 ശതമാനത്തിൽ അധികം ആകുന്നത് ഭരണഘടനയുടെ 14, 15 അനുച്ഛേദങ്ങളുടെ ലംഘനം ആണെന്ന് സുപ്രീം കോടതി ഭരണഘടന ബെഞ്ച് വിധിച്ചു. അസാധാരണമായ സാഹചര്യങ്ങളിൽ ഒഴികെ സംവരണം 50 ശതമാനം കടക്കരുത് എന്നാണ് ഇന്ദിര സാഹ്നി കേസിൽ ഒമ്പത് അംഗ ബെഞ്ച് വിധിച്ചിട്ടുള്ളത്.
മറാഠ സംവരണം അസാധാരണമായ സാഹചര്യത്തിൽ ഉണ്ടായത് അല്ല. അതിനാൽ തന്നെ മറാഠക്കാർക്ക് തൊഴിലിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 16% വീതം സംവരണം നൽകാൻ 2017 നവംബറിൽ മഹാരാഷ്ട്ര നിയമസഭ പാസ്സാക്കിയ നിയമം ഭരണഘടന വിരുദ്ദം ആണെന്ന് കോടതി വ്യക്തമാക്കി. നിയമത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം ലഭിച്ചവർക്ക് അത് നഷ്ടമാകില്ല. എന്നാൽ ഇനി പുതുതായി പ്രവേശനം നൽകരുതെന്നും കോടതി നിർദേശിച്ചു.
Post Your Comments