തിരുവനന്തപുരം
മാർത്തോമ്മാ സഭാ വലിയ മെത്രാപ്പൊലീത്ത ഡോ. ഫീലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത അന്തരിച്ചു. 104 വയസ്സായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കുമ്പനാട്ടുള്ള മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ബുധനാഴ്ച പുലർച്ചെ 1. 25ന് ആയിരുന്നു അന്ത്യം. മിഷൻ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവായിരുന്നെങ്കിലും പിന്നീട് തിരുവല്ലയിലെ പരിശോധനയിൽ കോവിഡ് നെഗറ്റീവായി.
ചിരിയിലൂടെ മനുഷ്യസ്‌നേഹത്തിന്റെ ആഴത്തെ സമൂഹത്തിന് തുറന്ന് കാട്ടിയ ആത്മീയ ആചാര്യനായിരുന്നു മാർ ക്രിസോസ്റ്റം. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മെത്രാപ്പോലീത്തയായിരുന്നു. ഏപ്രിൽ 27നാണ് 104 വയസ് തികഞ്ഞത്. രാജ്യം പത്മഭൂഷൻ നൽകി ആദരിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം മേൽപ്പട്ട സ്ഥാനം അലങ്കരിച്ചെന്ന പ്രത്യേകതയും ഇദ്ദേഹത്തിന് സ്വന്തമാണ്. 1999 മുതൽ 2007 വരെ സഭയുടെ പരമാധ്യക്ഷനായി. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് 2007-ൽ സ്ഥാനത്യാഗം ചെയ്ത ശേഷമാണ് മാർത്തോമ്മ വലിയ മെത്രാപ്പോലീത്ത എന്നറിയപ്പെട്ടത്. പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂർ കലമണ്ണിൽ ഉമ്മൻ കശീശ്ശയുടെയും ശോശാമ്മയുടെയും മകനായി 1918 ഏപ്രിൽ 27-നാണ് ജനനം.
മാരാമൺ, കോഴഞ്ചേരി, ഇരവിപേരൂർ എന്നീ സ്ഥലങ്ങളിൽനിന്ന് ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ആലുവ യുസി കോളേജിലെ ബിരുദ പഠനത്തിന് ശേഷം ബാംഗ്ലൂർ യൂണിയൻ തിയോളജിക്കൽ കോളേജ്, കാന്റർബറി സെന്റ് അഗസ്റ്റിൻ കോളേജ് എന്നിവിടങ്ങളിൽ നിന്നും ദൈവശാസ്ത്ര വിദ്യാഭ്യാസം നടത്തി. കേരളത്തിന്റെ പൊതു മണ്ഡലത്തിൽ സജീവമായി ഇടപെട്ടുകൊണ്ടിരുന്ന മനുഷ്യസ്നേനേഹിയും ആത്മീയആചാര്യനുമായിരുന്നു ക്രിസോസ്റ്റം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..