06 May Thursday
മറാത്താവിഭാഗത്തിന്‌ വിദ്യാഭ്യാസസ്ഥാപനങ്ങളിലും സർക്കാർജോലിക്കും അനുവദിച്ച സംവരണം 
ഭരണഘടനാവിരുദ്ധം

മഹാരാഷ്ട്ര സർക്കാർ മറാത്താവിഭാഗത്തിന്‌ ഏർപ്പെടുത്തിയ സംവരണം സുപ്രീംകോടതി റദ്ദാക്കി

എം അഖിൽUpdated: Wednesday May 5, 2021


ന്യൂഡൽഹി
50 ശതമാനം സംവരണപരിധി മറികടന്ന്‌ മഹാരാഷ്ട്ര സർക്കാർ മറാത്താവിഭാഗത്തിന്‌ ഏർപ്പെടുത്തിയ സംവരണ ആനുകൂല്യങ്ങൾ ഭരണഘടനാവിരുദ്ധമെന്ന്‌ വിലയിരുത്തി സുപ്രീംകോടതി റദ്ദാക്കി. സംവരണം നൽകേണ്ട അസാധാരണ സാഹചര്യം നിലവിലില്ലെന്നും മറാത്താവിഭാഗത്തിനുള്ള പ്രത്യേക സംവരണം ഭരണഘടനയിലെ 14, 21 അനുച്ഛേദങ്ങളുടെ ലംഘനമാണെന്നും ജസ്‌റ്റിസ്‌ അശോക്‌ ഭൂഷൺ അധ്യക്ഷനായ ബെഞ്ച്‌ ചൂണ്ടിക്കാണിച്ചു.  

2018ൽ ദേവേന്ദ്ര ഫദ്‌നവിസ്‌ സർക്കാർ കൊണ്ടുവന്ന എസ്‌ഇബിസി നിയമത്തിലെ പ്രധാനവകുപ്പുകളും റദ്ദാക്കി. മറാത്താവിഭാഗത്തെ പിന്നോക്കവിഭാഗമാക്കിയ 2 (ജെ) വകുപ്പ്‌, വിദ്യാഭ്യാസസ്ഥാപനങ്ങളിൽ സംവരണം അനുവദിച്ച 4 (1) (എ) വകുപ്പ്‌, സർക്കാർ സർവീസുകളിൽ സംവരണം അനുവദിച്ച 4 (1) (ബി) വകുപ്പ്‌ എന്നിവയാണ്‌ റദ്ദാക്കിയത്‌.

മറാത്താസംവരണം 2019 ജൂൺ 27ന്‌ ബോംബെ ഹൈക്കോടതി ശരിവച്ചിരുന്നു. അതിനുശേഷം സുപ്രീംകോടതി ഇടക്കാല ഉത്തരവ്‌ പുറപ്പെടുവിച്ച 2020 സെപ്‌തംബർ ഒമ്പതുവരെ നടത്തിയ നിയമനങ്ങളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടത്തിയ പ്രവേശനങ്ങളെയും ഉത്തരവ്‌ ബാധിക്കില്ല. എന്നാൽ, അത്തരം നിയമനങ്ങൾക്കും പ്രവേശനങ്ങൾക്കും ഭാവിയിൽ സംവരണം ഉണ്ടാകില്ലെന്നും അറിയിച്ചു. മറാത്താവിഭാഗത്തിന്‌  നൽകിയതോടെ മഹാരാഷ്ട്രയിലെ സംവരണം 52 ശതമാനത്തിൽനിന്ന്‌ 68 ആയിരുന്നു.

പിന്നോക്കവിഭാഗങ്ങളെ നിശ്‌ചയിക്കല്‍
സംസ്ഥാനങ്ങൾക്ക്‌ അധികാരം 
ഇല്ലെന്ന് ഭൂരിപക്ഷവിധി

102–ാം ഭരണഘടനാഭേദഗതിക്ക്‌ ശേഷം സംസ്ഥാനങ്ങൾക്ക്‌ സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളെ നിശ്‌ചയിക്കാനുള്ള അധികാരം ഇല്ലാതായതായി സുപ്രീംകോടതി. 102–ാം ഭേദഗതിയിലൂടെ ഭരണഘടനയിൽ ഉൾപ്പെടുത്തിയ 338ബി, 342എ അനുച്ഛേദങ്ങൾ അനുസരിച്ച്‌ ഏതെങ്കിലും വിഭാഗങ്ങളെ പിന്നോക്കവിഭാഗങ്ങളുടെ പട്ടികയിൽ  ഉൾപ്പെടുത്തണോ ഒഴിവാക്കണോ എന്ന വിഷയത്തിൽ രാഷ്ട്രപതിയുടേതും പാർലമെന്റിന്റേതുമാണെന്ന്‌ അവസാന വാക്കെന്ന്‌ അഞ്ചംഗഭരണഘടനാബെഞ്ചിലെ മൂന്ന്‌ ജഡ്‌ജിമാരും നിരീക്ഷിച്ചു. 

സംസ്ഥാനങ്ങൾക്ക്‌ അവർ നിയമിക്കുന്ന കമീഷനുകളിലൂടെ വിവരങ്ങൾ ശേഖരിച്ച്‌ അത്‌ രാഷ്ട്രപതിയുടെ പരിഗണനയ്‌ക്ക്‌ സമർപ്പിക്കാൻ മാത്രമേ അധികാരമുള്ളുവെന്ന് ജസ്‌റ്റിസുമാരായ രവീന്ദ്രഭട്ട്‌, നാഗ്വേരറാവു, ഹേമന്ത്‌ഗുപ്‌ത എന്നിവർ ചൂണ്ടിക്കാട്ടി. ഭരണഘടനാബെഞ്ചിലെ മറ്റ്‌ അംഗങ്ങളായ ജസ്‌റ്റിസുമാരായ അശോക്‌ഭൂഷണും, അബ്‌ദുൾ നസീറും ഭൂരിപക്ഷ നിലപാടിനോട്‌ വിയോജിച്ചു. 102–ാം ഭേദഗതി അതത്‌ സംസ്ഥാനങ്ങളിലെ പിന്നോക്കവിഭാഗങ്ങളെ കണ്ടെത്താനുള്ള സംസ്ഥാസർക്കാരുകളുടെ അവകാശം ഇല്ലാതാക്കുന്നില്ലെന്നാണ്‌ അവരുടെ വിലയിരുത്തൽ.

എന്നാൽ, 3:2 ഭൂരിപക്ഷത്തിൽ 102–ാം ഭേദഗതി നിലവിൽ വന്നതോടെ പിന്നോക്കവിഭാഗങ്ങളെ നിശ്‌ചയിക്കാനുള്ള അവകാശം സംസ്ഥാനസർക്കാരുകൾക്ക്‌ ഇല്ലെന്ന്‌ തന്നെയാണ്‌ സുപ്രീംകോടതി നിലപാട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top