05 May Wednesday

കൊലക്കളമായി ബം​ഗാള്‍ ; മരണം 13 ആയി

ഗോപിUpdated: Wednesday May 5, 2021



കൊൽക്കത്ത
മമത ബാനർജി അധികാരതുടര്‍ച്ച നേടിയതിനു പിന്നാലെ പശ്ചിമബം​ഗാളില്‍ സംഘര്‍ഷപരമ്പര. സിപിഐ എം സംയുക്തമുന്നണി പ്രവർത്തകരുൾപ്പെടെ 13 പേർ ഇതിനോടകം കൊല്ലപ്പെട്ടു. നൂറുകണക്കിനാളുകൾക്ക് പരിക്കേറ്റു. നിരവധിപേരുടെ നില ഗുരുതരം. വീടുകളും കടകളും സ്ഥാപനങ്ങളും തല്ലിത്തകർത്ത് തീയിട്ടു നശിപ്പിക്കുന്നു. തൃണമൂലും ബിജെപിയും പരസ്പരം പഴിചാരി പോർവിളി നടത്തുമ്പോൾ പൊലീസ്‌ കാഴ്‌ചക്കാരായി. സ്ഥിതിഗതികളെക്കുറിച്ച്‌  പ്രധാനമന്ത്രി ഗവർണറോട് റിപ്പോർട്ട് തേടി.

ചൊവ്വാഴ്‌ച സിപിഐ എം പ്രവർത്തകയും ഐഎസ്എഫ്‌ പ്രവർത്തകനും കൊല്ലപ്പെട്ടു. തൃണമൂലുകാർ നിരവധി സിപിഐ എം ഓഫീസുകൾ തകർക്കുകയും പിടിച്ചെടുക്കുകയും ചെയ്തു. പാർടി നേതാക്കളുടെയും പ്രവർത്തകരുടെയും വീടുകൾ അടിച്ചുപൊളിച്ചു. പലയിടത്തും നാട്ടുകാർ സംഘടിതമായി അക്രമം ചെറുക്കാൻ രംഗത്തിറങ്ങി.  പൂർവ ബർദ്വമാനിലെ ജമാൽപൂരിൽ സിപിഐ എം സജീവ പ്രവർത്തകയും പോളിങ്‌ ഏജന്റുമായിരുന്ന കാകലി ക്ഷേത്രപാൾ (42) ആണ്‌ കൊല്ലപ്പെട്ടത്‌. പ്രവർത്തകരുടെ വീട് ആക്രമിക്കുന്നത്‌ തടഞ്ഞ കാകലിയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഉത്തര 24 പർഗാനാസ് ജില്ലയിലെ ദപ്തപുക്കൂറിൽ  ഐഎസ്‌എഫ് പ്രവർത്തകനായ ഹസാനൂർ ജമാനാണ് കൊല്ലപ്പെട്ടത്.

ബുധനാഴ്ച മമത മൂന്നാമതും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10.45ന് രാജ്ഭവനിലാണ് ചടങ്ങ്. അധികാരം നേടാമെന്ന പ്രതീക്ഷ തകർന്നതിനെ തുടർന്ന്‌ സംസ്ഥാന ബിജെപിയിൽ കടുത്ത പോര് തുടങ്ങി. പാർടിയുമായി ബന്ധമില്ലാത്തവരെയും സിനിമാ സീരിയൽ താരങ്ങളെയും സ്ഥാനാർഥികളാക്കിയതിനെതിരെ മുൻ സംസ്ഥാന പ്രസിഡന്റും ത്രിപുര ഗവർണറുമായിരുന്ന താഥാഗത റോയ്  രംഗത്തു വന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top