ന്യൂഡൽഹി
കേസ് പരിഗണിക്കവെ ജഡ്ജിമാരുടെ വാക്കാലുള്ള പരാമര്‍ശം റിപ്പോർട്ട് ചെയ്യുന്നതിൽനിന്ന് മാധ്യമങ്ങളെ വിലക്കാൻ സാധിക്കില്ലെന്ന് സുപ്രീംകോടതി. കോടതികളിൽ എന്താണ് നടക്കുന്നതെന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും അതാണ് മാധ്യമങ്ങൾ ചെയ്യുന്നതെന്നും ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എം ആർ ഷാ എന്നിവർ അംഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചു. മദ്രാസ് ഹൈക്കോടതിയുടെ പരാമർശങ്ങൾ ക്ഷീണമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമീഷൻ സമർപ്പിച്ച ഹർജിയിലാണ് നിരീക്ഷണം.
കോവിഡ് സാഹചര്യം വഷളാകാൻ ഉത്തരവാദി തെരഞ്ഞെടുപ്പ് കമീഷനാണെന്നും കൊലക്കുറ്റം ചുമത്തണമെന്നുമായിരുന്നു വിമർശം. കേസ് വീണ്ടും പരിഗണിക്കുമ്പോൾ വാക്കാൽ പരാമർശം റിപ്പോർട്ട് ചെയ്യുന്നതിൽനിന്ന് മാധ്യമങ്ങളെ വിലക്കണമെന്നായിരുന്നു കമീഷന്റെ ആവശ്യം. മദ്രാസ് ഹൈക്കോടതി ഈ ആവശ്യം തള്ളിയതിനെ തുടർന്നാണ് കമീഷൻ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ, സുപ്രീംകോടതിയും അംഗീകരിച്ചില്ല. ‘കയ്‌പ്പുള്ള മരുന്ന് പോലെ ആ വിമർശത്തെ കരുതിയാൽ മതിയെന്ന്’ –- ജസ്‌റ്റിസ് ചന്ദ്രചൂഡ് നിർദേശിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..