പുതുച്ചേരി
പുതുച്ചേരിയിൽ കേവലഭൂരിപക്ഷം നേടിയ എൻ ആർ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം സർക്കാർ രൂപീകരണ ചർച്ചയില്‍. രണ്ട് തവണ മുഖ്യമന്ത്രിയായ എൻ ആർ കോൺഗ്രസ് നേതാവ് എൻ രംഗസ്വാമിയുടെ നേതൃത്വത്തിലാകും എൻഡിഎ സർക്കാർ അധികാരത്തിലേറുക. എൻ ആർ കോൺഗ്രസ് പത്തും ബിജെപി ആറും സീറ്റുകൾ ജയിച്ചതോടെ കേവല ഭൂരിപക്ഷമായ പതിനാറെത്തി. സഖ്യത്തിലെ എഐഎഡിഎംകെ പൂജ്യത്തിലൊതുങ്ങി. ഡിഎംകെ ആറ് സീറ്റും കോൺഗ്രസ് രണ്ടു സീറ്റും ജയിച്ചു. ആറിടത്ത് സ്വതന്ത്രൻമാർ. ചില സ്വതന്ത്രന്മാര്‍ എൻഡിഎ സഖ്യവുമായി ചര്‍ച്ച നടത്തി. പുതുച്ചേരിയുടെ ചുമതലയുള്ള ബിജെപി നേതാവ് നിർമ്മൽ കുമാർ സുരാന നേരിട്ടെത്തി പ്രാഥമിക ചർച്ചകൾ നടത്തി. ബിജെപി നേതൃത്വവുമായും എൻ ആർ കോൺഗ്രസ് നേതൃത്വവുമായും സുരാനയും രാജ്യസഭാ എംപി രാജീവ് ചന്ദ്രശേഖറുമാണ് ചർച്ച നടത്തിയത്.
ഉത്തരവാദിത്തം ഏറ്റെടുത്ത്
നാരായണസ്വാമി
പുതുച്ചേരിയിലെ പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി കോൺഗ്രസ് മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ വി നാരായണസ്വാമി പറഞ്ഞു. 2016ൽ 15 സീറ്റ് നേടിയ കോൺഗ്രസ് ഇത്തവണ രണ്ടിൽ ഒതുങ്ങി. നാരായണസ്വാമി സർക്കാരിന്റെ പ്രകടനത്തെ വിമർശിച്ചാണ് എൻ ആർ കോൺഗ്രസ്, ബിജെപി സഖ്യം പ്രചാരണം നടത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..