04 May Tuesday

ചെന്നിത്തലയും 
മുല്ലപ്പള്ളിയും തെറിക്കും ; തലയിൽ മുണ്ടിട്ട്‌ വി മുരളീധരനും കെ സുരേന്ദ്രനും

കെ ശ്രീകണ്‌ഠൻUpdated: Tuesday May 4, 2021


തിരുവനന്തപുരം
ചരിത്രത്തിലെ കനത്തതോൽവിയുടെ ഞെട്ടൽ മാറുംമുമ്പേ കോൺഗ്രസിലും ബിജെപിയിലും കലാപക്കൊടി. പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല പദവി ഒഴിയാൻ തയ്യാറെടുപ്പ്‌ തുടങ്ങി. കെപിസിസി പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന്‌ മുല്ലപ്പള്ളി രാമചന്ദ്രനെ പുറത്താക്കണമെന്ന്‌ കോൺഗ്രസിൽ ആവശ്യമുയർന്നു. ആലപ്പുഴ ഡിസിസി പ്രസിഡന്റ്‌ എം ലിജു രാജിവച്ചു. കണ്ണൂർ ഡിസിസി പ്രസിഡന്റ്‌ സതീശൻ പാച്ചേനി അടക്കം നിരവധി പേർ രാജി സന്നദ്ധത നേതൃത്വത്തെ അറിയിച്ചു.
കഴിഞ്ഞ തവണ നേമത്ത്‌ തുറന്ന അക്കൗണ്ടും പൂട്ടിയതോടെ സംപൂജ്യരായി മാറിയ ബിജെപിയിലും നേതൃമാറ്റ ആവശ്യം ശക്തമായി. പ്രചാരണം നയിച്ച കേന്ദ്ര സഹമന്ത്രി വി മുരളീധരൻ, സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ എന്നിവർ പ്രതിരോധത്തിലായി. മുതിർന്ന നേതാവ്‌ പി പി മുകുന്ദൻ നേതൃമാറ്റ ആവശ്യം പരസ്യമായി ഉന്നയിച്ചു.

കോൺഗ്രസിൽ ചെന്നിത്തലയും മുല്ലപ്പള്ളിയും തെറിക്കുമെന്ന്‌ ഏറെക്കുറെ ഉറപ്പാണ്‌. ഒഴിഞ്ഞില്ലെങ്കിൽ മുല്ലപ്പള്ളിയെ പുറത്താക്കണമെന്ന്‌ ധർമടത്തെ  യുഡിഎഫ്‌ സ്ഥാനാർഥി  സി രഘുനാഥ്‌ ആവശ്യപ്പെട്ടു. രമേശ്‌ ചെന്നിത്തലയെ കെപിസിസി പിന്തുണച്ചില്ലെന്ന്‌ അരൂരിൽ തോറ്റ ഷാനിമോൾ ഉസ്‌മാനും ആരോപിച്ചു. മുല്ലപ്പള്ളിയെ പുകച്ചു ചാടിക്കാനുള്ള നീക്കത്തിന്‌ വേഗതയേറിയിട്ടുണ്ട്‌. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ്‌ ഇതിന്‌ ചുക്കാൻ പിടിക്കുന്നത്‌. മുല്ലപ്പള്ളിയെയും ചെന്നിത്തലയെയും ഒരുമിച്ച്‌ ഉന്നം വച്ചാണ്‌ കെ സി വേണുഗോപാൽ നീങ്ങുന്നത്‌.  സ്ഥാനാർഥി നിർണയം അടക്കം  നേരിട്ട്‌ ഏറ്റെടുത്തിട്ടും ദയനീയമായി തോറ്റതിൽ ഹൈക്കമാൻഡിനും ഉത്തരവാദിത്തമുണ്ടെന്നാണ്‌ മുല്ലപ്പള്ളിയെയും ചെന്നിത്തലയെയും പിന്തുണയ്‌ക്കുന്നവരുടെ വാദം.

കേരളത്തിൽ സീറ്റും വോട്ടുവിഹിതവും വർധിക്കുമെന്ന്‌ ബിജെപി ദേശീയ നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചത്‌ വി മുരളീധരനാണെന്ന്‌ ആക്ഷേപം ഉയർന്നു. പ്രധാനമന്ത്രിയെവരെ പ്രചാരണത്തിനിറക്കിയ ശേഷം യുഡിഎഫിന്‌ വോട്ടുമറിച്ചതിന്റെ വ്യക്തമായ സൂചനകൾ പുറത്തുവന്നു. മണ്ഡലങ്ങളിലെ വോട്ടുകച്ചവടം സംബന്ധിച്ച വിവരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തുവിട്ടു. വോട്ടുകച്ചവടത്തെ കുറിച്ച്‌ പരിശോധിക്കണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം ബിജെപി കേന്ദ്ര നേതൃത്വം പരിഗണിച്ചാൽ കേന്ദ്രമന്ത്രിയടക്കമുള്ളവർ പ്രതിരോധത്തിലാകും.

തകർച്ചയിൽനിന്ന്‌ കോൺഗ്രസിനെ കരകയറ്റാൻ ഡൽഹിയിൽ തമ്പടിച്ചിരിക്കുന്ന എ കെ ആന്റണി മുന്നിട്ടിറങ്ങിയതാണ്‌ കൗതുകകരമായത്‌. തുടർ ഭരണമുണ്ടായാൽ സർവനാശമായിരിക്കുമെന്നാണ്‌ ആന്റണി പ്രചാരണ സമയത്ത്‌ ആരോപിച്ചത്‌. സർവനാശം കോൺഗ്രസിന്‌ ആയിരിക്കുമെന്നാണ്‌ എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ ആന്റണിക്ക്‌ നൽകിയ മറുപടി. ആന്റണിയുടെ ‘സർവനാശ പ്രയോഗം’ തിരിഞ്ഞുകൊത്തുകയാണ്‌. ഒരു ജനവിധിയും സ്ഥിരമല്ലെന്നും 1967ൽ ഒമ്പത്‌ സീറ്റുമായി കോൺഗ്രസ്‌ പ്രതിപക്ഷത്തിരുന്നിട്ടുണ്ടെന്നും പറഞ്ഞ്‌ കോൺഗ്രസുകാരെ സാന്ത്വനിപ്പിക്കാനാണ്‌ ആന്റണിയുടെ ശ്രമം.

തിരിച്ചടി വിശകലനം ചെയ്യാൻ കെപിസിസി നിർവാഹക സമിതിയോ, യുഡിഎഫ്‌ നേതൃയോഗമോ വിളിക്കാൻ പോലും കഴിയാത്ത പരുങ്ങലിലാണ്‌ നേതൃത്വം. 2016ൽ പരാജയപ്പെട്ടെങ്കിലും ദിവസങ്ങൾക്കുള്ളിൽ കെപിസിസി യോഗവും യുഡിഎഫ്‌ നേതൃയോഗവും വിളിച്ചിരുന്നു. ഇത്തവണ അതൊന്നും ആലോചിക്കാൻ പോലും ത്രാണിയില്ല. ഇതിനിടെ മുസ്ലിംലീഗ്‌ അടക്കമുള്ള ഘടകകക്ഷികൾ വഴിപിരിയാൻ തയ്യാറെടുക്കുന്നതായാണ്‌ സൂചന. ലീഗിന്‌ കഴിഞ്ഞ തവണത്തെക്കാൾ മൂന്ന്‌ സീറ്റ്‌ കുറഞ്ഞതും മലപ്പുറം ലോക്‌സഭാ മണ്ഡലത്തിൽ ഭൂരിപക്ഷം ഒന്നരലക്ഷം കുറഞ്ഞതും ലീഗ്‌ നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്‌. കോൺഗ്രസുമായി കൂട്ടുകെട്ട്‌ തുടർന്നാൽ നില കൂടുതൽ ദുർബലമാകുമെന്ന വികാരം ലീഗ്‌ നേതൃത്വത്തിലുണ്ട്‌. ആർഎസ്‌പിയും സ്വന്തംവഴി തേടാൻ ഒരുങ്ങുന്നതായാണ്‌ സൂചന.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top