തിരുവനന്തപുരം
തുടർഭരണത്തിലേക്കുള്ള കുതിപ്പിൽ യുഡിഎഫ് കോട്ടയെന്നവകാശപ്പെടുന്ന മലപ്പുറം ജില്ലയിലടക്കം ബഹുഭൂരിപക്ഷം പ്രദേശങ്ങളിലും എൽഡിഎഫിന് മികവാർന്നനേട്ടം. മത, ജാതി, പ്രദേശ വ്യത്യാസമില്ലാതെ എല്ലാവിഭാഗം ജനങ്ങളും ഇടതുപക്ഷത്തെ നെഞ്ചേറ്റിയെന്നും തെരഞ്ഞെടുപ്പു കമീഷൻ പുറത്തുവിട്ട ഏറ്റവും പുതിയ വോട്ടിങ് കണക്കുകൾ വ്യക്തമാക്കുന്നു. എൽഡിഎഫ് വിജയിച്ച 2016ലേതിനേക്കാൾ കൂടുതൽ വോട്ടുനേടിയാണ് 12 ജില്ലയിലും വിജയക്കൊടി പാറിച്ചത്.
പോൾ ചെയ്തതിന്റെ 47.74 ശതമാനം വോട്ട് ഇടതുപക്ഷത്തിന് കിട്ടിയപ്പോൾ യുഡിഎഫിന് 42.91 ശതമാനമേ കിട്ടിയുള്ളു. പത്ത് ലക്ഷത്തിലധികം ( 10.04 ) വോട്ടാണ് 2016 നെ അപേക്ഷിച്ച് ഇക്കുറി എൽഡിഎഫ് അധികം നേടിയത്. എൽഡിഎഫിന് 99.44 ലക്ഷം വോട്ട് കിട്ടിയപ്പോൾ യുഡിഎഫിന് 89.4 ലക്ഷവും എൻഡിഎയ്‌ക്ക് 25.07 ലക്ഷവും വോട്ടാണ് ലഭിച്ചത്.
ഇടതുപക്ഷത്തിന് വലിയ വർധന ഇടുക്കി ജില്ലയിലാണ്–-11.33 ശതമാനം. 16ലെ 36.60ൽനിന്ന് 21 ൽ 47.99 ശതമാനമായി. തിരുവനന്തപുരം (4.99 ), കോട്ടയം (4.9 ), പാലക്കാട് ( 3.23 ) ജില്ലകളിലും വൻ മുന്നേറ്റമുണ്ടാക്കി. തൃശൂർ ( 2.09 ), കോഴിക്കോട് ( 2.12 ), കണ്ണൂർ ( 1.11 ) ജില്ലകളിലും മികച്ച നേട്ടം കാഴ്‌ചവച്ചു.
മലപ്പുറം
വ്യക്തമായ സൂചന
ഏത് സുനാമിയിലും കുലുങ്ങില്ലെന്ന് പറഞ്ഞുനടന്ന മുസ്ലിംലീഗ് കോട്ടകളിലും ഇടറി. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലും അരലക്ഷത്തിലധികം വോട്ടിന്റെ വ്യത്യാസമുണ്ട്. മലപ്പുറം ജില്ലയിൽ 2016ൽ 41.05 ശതമാനമായിരുന്നത് ഇക്കുറി 42.43 ശതമാനമായി. വേങ്ങരയിൽമാത്രം ഏഴ് ശതമാനം കുറഞ്ഞു. എറണാകുളം, കൊല്ലം ജില്ലകളിലാണ് ഇടതുപക്ഷത്തിന് വോട്ടിങ് ശതമാനത്തിൽ കുറവുണ്ടായത്.26 മണ്ഡലത്തിൽ ആകെ പോൾ ചെയ്തതിന്റെ പകുതിയിലധികം വോട്ടും ഇടതുപക്ഷം നേടി. ഇതിൽ മട്ടന്നൂർ, പയ്യന്നൂർ, ഉടുമ്പൻചോല, കല്യാശേരി, തലശേരി മണ്ഡലങ്ങൾ 60 ശതമാനം കടന്നു. ധർമടം അറുപതിന് തൊട്ടടുത്തെത്തുകയും ചെയ്തു ( 59.61 ).
കൂപ്പുകുത്തി എൻഡിഎ
35 സീറ്റ് നേടി സംസ്ഥാന ഭരണം പിടിക്കാനൊരുങ്ങിയ എൻഡിഎ ചിത്രത്തിലേ ഇല്ലാതായി. നേട്ടമുണ്ടാക്കുമെന്ന് ബിജെപി അവകാശപ്പെട്ട തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ ജില്ലകളിലടക്കം വൻ തിരിച്ചടി നേരിട്ടു. 2016 ലും 2021 ലും കിട്ടിയ വോട്ടുകൾ ബ്രായ്‌ക്കറ്റിൽ: തിരുവനന്തപുരം ( 22.50–-19.08 ), പത്തനംതിട്ട ( 19.00 –- 17.25 ), കൊല്ലം ( 13.1–-1200), ആലപ്പുഴ ( 16.76 –- 13.54 ), കോട്ടയം ( 16.75 –- 9.77 ), ഇടുക്കി ( 12.53 –- 7.00 ), എറണാകുളം ( 12.54–-8.57 ), തൃശൂർ ( 19.28–-16.37 ), മലപ്പുറം ( 7.32–-5.76 ),കോഴിക്കോട് ( 12.92–-11.34 ), വയനാട് ( 12.25–-8.99 ), കണ്ണൂർ ( 10.06–-8.12 ), കാസർകോട് ( 21.25–-20.79 ). പാലക്കാട് ജില്ലയിൽ മാത്രമാണ് ബിജെപി ക്ക് നേരിയ വർധനയുണ്ടായത് (0.48 ).
2 വർഷം: വോട്ട് വർധന കാൽക്കോടി
തിരുവനന്തപുരം
രണ്ടുവർഷംകൊണ്ട് കാൽക്കോടി വോട്ടർമാരുടെ അധിക പിന്തുണയുമായി എൽഡിഎഫ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ 22.96 ലക്ഷം വോട്ടാണ് എൽഡിഎഫിന് വർധിച്ചത്. 2019ൽ 35.08 ശതമാനമായിരുന്നത് 45.33 ശതമാനമായി. കൊല്ലം, എറണാകുളം ഒഴികെ എല്ലാ ജില്ലയിലും വോട്ട് വർധിച്ചു. കോട്ടയം, ഇടുക്കി, തിരുവനന്തപുരം ജില്ലകളിലാണ് ഏറ്റവും വോട്ട് കൂടിയത്. യഥാക്രമം പത്തും ഏഴും അഞ്ചും ശതമാനം വർധന.യുഡിഎഫിന് ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാൾ 7.8 ശതമാനം വോട്ട് കുറഞ്ഞെങ്കിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ 0.78 ശതമാനം അധികം ലഭിച്ചു. തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കാസർകോട് ജില്ലകളിലാണ് വോട്ട് കുറഞ്ഞത്. ബിജെപിക്ക് വലിയ തോതിൽ വോട്ട് കുറഞ്ഞ ജില്ലകളിലാണ് യുഡിഎഫിന് വോട്ട് കൂടിയത്. തൃശൂർ മാത്രമാണ് അപവാദം. ക്രമേണ വോട്ട് കൂടിക്കൊണ്ടിരുന്ന ബിജെപി മുന്നണിക്ക് ഇത്തവണ വലിയ പതനമുണ്ടായി. പാർലമെന്റ് തെരഞ്ഞെടുപ്പിൽ 15.5 ശതമാനം വോട്ട് ലഭിച്ചത് 12.4 ശതമാനമായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ 2.6 ശതമാനവും വോട്ട് കുറഞ്ഞു. 13 ജില്ലയിലും വോട്ട് കുറഞ്ഞപ്പോൾ പാലക്കാട് ജില്ലയിൽ മാത്രമാണ് നേരിയ വർധനയുണ്ടായത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..