04 May Tuesday

കളിക്കാർക്ക് കോവിഡ്: മത്സരം മാറ്റിവച്ചു ; ഐപിഎൽ പ്രതിസന്ധിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday May 4, 2021


ന്യൂഡൽഹി
മലയാളി താരം സന്ദീപ്‌ വാര്യർ ഉൾപ്പെടെ രണ്ട്‌ കളിക്കാർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചതിനെ തുടർന്ന്‌ ഐപിഎലിൽ മത്സരം മാറ്റിവച്ചു. തിങ്കളാഴ്‌ചത്തെ കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സ്‌–-റോയൽ ചലഞ്ചേഴ്‌സ്‌ ബാംഗ്ലൂർ മത്സരമാണ്‌ മാറ്റിവച്ചത്‌. സന്ദീപിനുപുറമെ കൊൽക്കത്ത ടീമിലെ വരുൺ ചക്രവർത്തിക്കുമാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌. ചെന്നൈ സൂപ്പർ കിങ്‌സ്‌ ടീമിലും മൂന്നുപേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. എന്നാൽ ഇവർ കളിക്കാരല്ലെന്ന്‌ ടീം അധികൃതർ അറിയിച്ചു.
കോവിഡ്‌ ഭീഷണി കാരണം വിദേശതാരങ്ങളും അമ്പയർമാരും പിന്മാറുന്നതിനിടെയാണ്‌ കളിക്കാർക്ക് കോവിഡായ പുറത്തുവരുന്നത്‌.

കഴിഞ്ഞദിവസം നടത്തിയ പരിശോധനയിലായിരുന്നു കണ്ടെത്തിയത്‌. ഏപ്രിൽ ഒമ്പതിന്‌ ടൂർണമെന്റ്‌ തുടങ്ങിയതിനുശേഷം ആദ്യമായാണ്‌ കളിക്കാർക്ക്‌ രോഗം സ്ഥിരീകരിക്കുന്നത്‌.വരുണും സന്ദീപും സ്വയം നിരീക്ഷണത്തിലാണ്‌. ടീമുകൾ എല്ലാ ദിവസവും കളിക്കാർക്ക്‌ പരിശോധന നടത്താറുണ്ട്‌.

കോവിഡ്‌ പടരുന്ന സാഹചര്യത്തിൽ കളിക്കാർക്ക്‌ കടുത്ത നിയന്ത്രണമുണ്ട്‌. എന്നാൽ വരുൺ കഴിഞ്ഞദിവസം ഡോക്ടറെ കാണാനായി പുറത്തുപോയിരുന്നു. ടീമിലെ മറ്റ്‌ കളിക്കാരുടെ ഫലം നെഗറ്റീവാണ്‌. ഓസ്‌ട്രേലിയൻ താരങ്ങളായ ആദം സാമ്പ, ആൻഡ്രൂ ടൈ, കെയ്‌ൻ റിച്ചാർഡ്‌സൺ എന്നിവർ ഐപിഎൽ വിട്ട്‌ തിരിച്ചുപോയിരുന്നു.

മൂന്നുപേർക്ക്‌ കോവിഡ്‌ കണ്ടെത്തിയതിനെ തുടർന്ന്‌ ചെന്നൈ ടീമിന്റെ പരിശീലനം ഉപേക്ഷിച്ചിരുന്നു.
അതിനിടെ ഇംഗ്ലീഷ്‌ ക്രിക്കറ്റ് ബോർഡ്‌ ഇന്ത്യയിലെ സാഹചര്യം നിരീക്ഷിച്ചുവരികയാണ്‌. കളിക്കാർ തീരുമാനമെടുക്കാമെന്ന്‌ ബോർഡ്‌ വ്യക്തമാക്കി. 11 ഇംഗ്ലീഷ്‌ കളിക്കാരാണ്‌ ഐപിഎലിൽ കളിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top