കോഴിക്കോട്
വേങ്ങരയിൽ പി കെ കുഞ്ഞാലിക്കുട്ടിയുടെ വോട്ടിൽ കുറവും ചോർച്ചയും. കുലുങ്ങില്ലെന്ന് അഹങ്കരിച്ച മഞ്ചേരി, മലപ്പുറം കോട്ടകളിൽ പിറകോട്ടടി. 18 ൽ നിന്ന് 15 സീറ്റിലേക്ക്. യുഡിഎഫിനെ നയിക്കാനിറങ്ങിയ മുസ്ലിംലീഗിന്റെ നെറുകുംതലയ്‌ക്കുള്ള അടിയായി ഈ തെരഞ്ഞെടുപ്പ് ഫലം. സമുദായ വഞ്ചന, ബിജെപിയുടെ ഫാസിസ്‌റ്റ് രാഷ്‌ട്രീയത്തെ എതിർക്കുന്നതിലെ കാപട്യം, നേതാക്കളുടെ അഴിമതി, മതനിരപേക്ഷ രാഷ്‌ട്രീയത്തിലും വർഗീയവിരുദ്ധതയിലും ഇടതുപക്ഷം കാട്ടുന്ന വിട്ടുവീഴ്‌ചയില്ലാത്ത നിലപാടിനോടുള്ള ഐക്യദാർഢ്യം ഇതെല്ലാം ലീഗിന്റെ പരമ്പരാഗത വോട്ടുബാങ്കുകളെ അക്ഷരാർഥത്തിൽ തകർത്തു. മലപ്പുറം ലീഗായി പോലും ഇനി നിലനിൽക്കാനാകില്ലെന്ന മുന്നറിയിപ്പാണ് ജനങ്ങൾ നൽകിയത്. മലപ്പുറം ലോക്‌സഭാ സീറ്റിൽ എം പി അബ്ദുൾസമദ് സമദാനിക്ക് വോട്ടിലും ഭൂരിപക്ഷത്തിലുമുണ്ടായ ഇടിവും ഇത് വെളിപ്പെടുത്തുന്നു. മലപ്പുറത്തെ 12 മണ്ഡലമടക്കം 15 സീറ്റിലേ ലീഗിന് ഇക്കുറി വിജയമുള്ളു. അതിൽ പെരിന്തൽമണ്ണയിലെ വിജയം കോടതിയിലേക്ക് നീങ്ങി. 27 സീറ്റിൽ മത്സരിച്ചപ്പോഴാണ് ഈ കനത്ത നഷ്‌ടമെന്ന് ഓർക്കണം.
ലോക്‌സഭാംഗത്വം രാജിവച്ച് ‘കിങ്‌മേക്കർ’ ലേബലിലായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ്. എന്നാൽ വേങ്ങരക്കാർതന്നെ അതിനെതിരായി പ്രതികരിച്ചു. 2016–ൽ- കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം 38,057 വോട്ടായിരുന്നു. ഇക്കുറി അതിൽ എണ്ണായിരം വോട്ട് കുറഞ്ഞു. 72,181 വോട്ട്‌നേടിയ കുഞ്ഞാപ്പയ്‌ക്ക് ഇക്കുറി പഴയ വോട്ടും ഉറപ്പാക്കാനായില്ല. മൂന്ന് മണ്ഡലത്തിലാണ് ലീഗിന് ഇക്കുറി ഇരുപതിനായിരത്തിന് മുകളിൽ ഭൂരിപക്ഷമുള്ളത്. ഇതിൽ തന്നെ മലപ്പുറത്ത് ഭൂരിപക്ഷത്തിൽ നല്ല ഇടിവുണ്ടായി. തവനൂരിൽ ലീഗ് സകലവിധത്തിൽ ശ്രമിച്ചിട്ടും കെ ടി ജലീൽ വിജയിച്ചതും വോട്ടർമാർ വർഗീയ രാഷ്‌ട്രീയത്തോട് വിടപറയുന്നതിന്റെ പ്രതിഫലനമാണ്. മണ്ണാർക്കാട്ടും കനത്ത വോട്ടുചോർച്ചയുണ്ടായി.
കൊടുവള്ളിയിൽ എം കെ മുനീർ കഷ്‌ടിച്ചാണ് രക്ഷപ്പെട്ടത്. കെ എം ഷാജി, വി കെ ഇബ്രാഹിംകുഞ്ഞിന്റെ മകൻ വി ഇ അബ്‌ദുൾ ഗഫൂർ, പി കെ ഫിറോസ് എന്നിവരുടെ പരാജയങ്ങളും ലീഗിന് നൽകുന്ന മുന്നറിയിപ്പ് വലുതാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..