പാലാ > നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിലെ ബിജെപി വോട്ട് കച്ചവടത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ച ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ. പ്രമീളാദേവി രംഗത്ത്. ബിജെപി വോട്ട് യുഡിഎഫിന് മറിച്ച് നൽകിയതായുള്ള ആക്ഷേപം ശക്തമാകുകയും ഇത് സംബന്ധിച്ച ചർച്ചകൾ വ്യാപകമാവുകയും ചെയ്തതോടെയാണ് അന്വേഷണ ആവശ്യം പ്രമീളാദേവി തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചത്.
ബിജെപിയുടെ വോട്ട് വൻതോതിൽ ചോർന്നത് വിവാദമായ സാഹചര്യത്തിൽ ഇത് സംബന്ധിച്ച് പാർടി സംസ്ഥാന, ജില്ലാ നേതൃത്വങ്ങൾ അന്വേഷിക്കണമെന്നാണ് കുറിപ്പിലെ ആവശ്യം. 2016 ലെ തെരഞ്ഞെടുപ്പിൽ ബിജെപി ജില്ലാ പ്രസിഡൻ്റ് എൻ ഹരി മത്സരിച്ചപ്പോൾ ലഭിച്ച 24821 വോട്ട് സംസ്ഥാന വൈസ് പ്രസിഡൻ്റ് സ്ഥാനാർഥിയായ ഇത്തവണ 10826 ആയി കുറഞ്ഞതാണ് വ്യാപക ചർച്ചയായത്. ബിജെപിയുടെ 13952 വോട്ടാണ് കുറഞ്ഞത്. ഈ വോട്ട് ഉൾപ്പെടെ നേടിയാണ് പാലായിലെ യുഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പൻ്റെ വിജയമെന്നാണ് ആക്ഷേപം ശക്തമായിരിക്കുന്നത്. കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ കോട്ടയത്ത് എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ച കേരള കോൺഗ്രസ് നേതാവ് പി സി തോമസിനെ പാലായിൽ സ്ഥാനാർഥിയാക്കാനായിരുന്നു ബിജെപിയുടെ ആദ്യ ശ്രമം.
പി സി തോമസ് മത്സരത്തിന് തയ്യാറായിലെങ്കിൽ ബിജെപി സീറ്റ് ഏറ്റെടുത്ത് മണ്ഡലത്തിൽനിന്നുള്ള പാർടി സംസ്ഥാന വക്താവ് എൻ കെ നാരായണൻ നമ്പൂതിരി, പാലാ മണ്ഡലം പ്രസിഡൻ്റും ബിജെപി ഭരണം പിടിച്ച മുത്തോലി പഞ്ചായത്ത് പ്രസിൻ്റുകൂടിയായ രഞ്ജിത്ത് ഇവരിലാരെയെങ്കിലും സ്ഥാനാർഥിയാക്കാനായിന്നു തീരുമാനം. അവസാന നിമിഷം ഈ തീരുമാനം അട്ടിമറിച്ച് മണ്ഡലത്തിന് പുറമെ നിന്നുള്ള പ്രമീളാദേവിയെ സ്ഥാനാർഥിയാക്കിയതിന് പിന്നിൽ യുഡിഎഫിന് വോട്ട് മറിക്കാൻ ലക്ഷ്യമിട്ട് ബിജെപി നേതൃത്വത്തിൻ്റെ അറിവോടെ മുൻകൂട്ടി പദ്ധതി തയ്യാറാക്കിയതായും ആക്ഷേപമുണ്ട്. ഇതിൻ്റെ ഭാഗമായി അവസാന നിമിഷത്തിൽ ഏറെ വൈകിയാണ് പാലായിലെ ബിജെപി സ്ഥാനാർഥിയായി പ്രമീളാദേവിയെ രംഗത്തിറക്കിയത്.
താൻ എൻ ഡി എ സ്ഥാനാർഥിയായി മത്സരിച്ച പാലാ നിയോജക മണ്ഡലത്തിൽ ബിജെപി വോട്ട്കച്ചവടം നടത്തിയെന്ന ആരോപണം എതിർ സ്ഥാനാർഥികളിലൊരാൾ ഉയർത്തുകയും ഇതേ ആരോപണം വാർത്താ സമ്മേളനത്തിലൂടെ മുഖ്യമന്ത്രിയും ആവർത്തിച്ച സാഹചര്യത്തിലാണ് വോട്ട് കച്ചവടം അന്വേഷിക്കണമെന്ന ആവശ്യം ഉന്നയിച്ച് ബിജെപി സ്ഥാനാർഥി തന്നെ രംഗത്ത് എത്തിയത്. ആരോപണം വ്യാപകമാവുകയും ആവർത്തിക്കപ്പെടുകയും ചെയ്യുമ്പോൾ സ്ഥാനാർഥിയെന്ന നിലയിൽ എനിക്ക് നിശബ്ദത പാലിക്കാനാവില്ലന്നും പ്രമീളാദേവി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..