04 May Tuesday

ബത്തേരിയിൽ സി കെ ജാനുവിനെ 
ബിജെപി കാലുവാരി; യുഡിഎഫിന്‌ സഹായം

സ്വന്തം ലേഖകൻUpdated: Tuesday May 4, 2021
കൽപ്പറ്റ > സി കെ ജാനുവിനെ ബിജെപി താമരചിഹ്നത്തിൽ മത്സരിപ്പിച്ച്‌ കാലുവാരി. ബത്തേരി മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ച ജനാധിപത്യ രാഷ്‌ട്രീയ പാർടി (ജെആർപി)അധ്യക്ഷ ജാനുവിന്‌ കനത്ത തിരിച്ചടിയാണ്‌ ഉണ്ടായത്‌. 2016ൽ എൻഡിഎ സ്ഥാനാർഥിയായി ഇതേ മണ്ഡലത്തിൽ മത്സരിച്ച ജാനുവിന്‌ 27,920 വോട്ടാണ്‌ ലഭിച്ചത്‌.
 
എന്നാൽ ഇത്തവണ കിട്ടിയത്‌ 15,198 വോട്ടുകൾ മാത്രം‌. 12,722 വോട്ടിന്റെ കുറവ്‌. ഞെട്ടിക്കുന്ന ഇടിവാണിത്‌. ബിജെപി  നേതൃത്വം യുഡിഎഫുമായി കൂട്ടുകെട്ടുണ്ടാക്കി വോട്ട്‌ യുഡിഎഫ്‌ സ്ഥാനാർഥിക്ക്‌ മറിച്ചുനൽകി.  യുഡിഎഫ്‌ സ്ഥാനാർഥിക്ക്‌ ഈ മണ്ഡലത്തിൽ ലഭിച്ച ഭൂരിപക്ഷം 11,822 ആണ്‌. ഈ ഭൂരിപക്ഷത്തേക്കാൾ വോട്ടിന്റെ കുറവാണ്‌ എൻഡിഎക്കുണ്ടായത്‌.   ഞെട്ടിക്കുന്ന കുറവാണ്‌ വോട്ടിൽ ഉണ്ടായതെന്ന്‌ സി കെ ജാനു പ്രതികരിച്ചു. കഴിഞ്ഞ തവണത്തേക്കാൾ വോട്ട്‌ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ വൻ ഇടിവുണ്ടായി.  വോട്ട്‌ എങ്ങനെയാണ്‌ കുറഞ്ഞതെന്ന്‌ പരിശോധിക്കുമെന്നും അവർ പറഞ്ഞു.
 
വോട്ടെണ്ണലിനു മുമ്പുതന്നെ വോട്ട്‌ കുറയുമെന്ന്‌  ജെആർപി  മനസ്സിലാക്കിയിരുന്നു. ബിജെപി വോട്ട്‌ മറിച്ചെന്നാണ്‌ ആക്ഷേപം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ജെആർപി സംസ്ഥാന കമ്മിറ്റി ബിജെപി സംസ്ഥാന പ്രസിഡന്റിന്‌ പരാതിയും നൽകിയിട്ടുണ്ട്‌. നേരത്തെ എൻഡിഎ വിട്ട സി കെ ജാനുവിനെ തെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പാണ്‌ ബിജെപി വീണ്ടും എൻഡിഎയിൽ എത്തിച്ചത്‌. ബത്തേരിയിൽ എൻഡിഎയുടെ സ്ഥാനാർഥിയുമാക്കി. ഇതിനെതിരെ ജില്ലാ നേതൃത്വം പരസ്യമായി രംഗത്തെത്തി. പിന്നീട്‌ സംസ്ഥാന നേതൃത്വം ഇടപെട്ട്‌ ഒത്തുതീർപ്പുണ്ടാക്കി ജാനുവിനെ സ്ഥാനാർഥിയായി  അംഗീകരിപ്പിച്ചു. താമര ചിഹ്നത്തിൽ മത്സരിക്കണമെന്ന ബിജെപിയുടെ ആവശ്യം ജാനു അംഗീകരിക്കുകയും ചെയ്‌തു. എന്നിട്ടും കാലുവാരി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top