കൊച്ചി
കഞ്ചാവുമായി പൊലീസ് പിടിയിലായ യുവാവ് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചു. കഞ്ചാവുമായി പിടിയിലായ ഒറ്റപ്പാലം പാലപ്പുറം കുളപ്പുള്ളിപ്പറമ്പിൽ കെ പി രഞ്ജിത്താണ് (26) ഷോക്കേറ്റ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറിന് എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിനുസമീപത്താണ് സംഭവം.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഇയാൾ കഞ്ചാവുമായി വരുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അംബേദ്‌കർ സ്റ്റേഡിയത്തിനുസമീപം ഡിസ്ട്രിക്ട് ആന്റി നർക്കോട്ടിക്‌സ് സ്‌പെഷ്യൽ ആക്‌ഷൻ ഫോഴ്‌സും എറണാകുളം സെൻട്രൽ പൊലീസും കാത്തുനിന്ന് പിടികൂടി. നാല് കിലോയോളം കഞ്ചാവും പിടിച്ചു. എന്നാൽ, മഹസർ തയ്യാറാക്കുന്നതിനിടെ ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചു. സ്‌റ്റേഡിയത്തിനകത്ത് കയറിയ യുവാവ് ഗ്യാലറിയിലൂടെ ഓടി. പുറത്തുകടക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം തെറ്റി സമീപത്തെ തകര ഷീറ്റിട്ട കടയുടെ മുകളിലേക്ക് വീണു. പൊലീസ് വളയുന്നതുകണ്ട് വെപ്രാളത്തിൽ അടുത്തുള്ള വൈദ്യുത പോസ്റ്റിനുമുകളിലേക്ക് കയറി ലൈനിൽ പിടിക്കുകയായിരുന്നു. ഉടനെ വൈദ്യുതബന്ധം വിച്ഛേദിച്ചു. ലൈനിൽ കുരുങ്ങിക്കിടന്ന ഇയാളെ അഗ്നിരക്ഷാസേനാംഗങ്ങൾ താഴെയിറക്കിയെങ്കിലും മരിച്ച നിലയിലായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..