ന്യൂഡൽഹി
ബിജെപി മുന്നണിയെ പ്രതിരോധിക്കുന്നതിലും സംഘപരിവാർ വിരുദ്ധ വോട്ടുകൾ ഏകീകരിക്കുന്നതിലും ദയനീയമായി പരാജയപ്പെട്ടതാണ് അസമിൽ കോൺഗ്രസിനെ വീണ്ടും തറപറ്റിച്ചത്. വാഗ്‌ദാനങ്ങൾ പാലിക്കുന്നതിൽ 2016ൽ അധികാരത്തിലെത്തിയ എൻഡിഎ പരാജയപ്പെട്ടിട്ടും അത് വോട്ടാക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല. പൗരത്വ ദേഭഗതി നിയമത്തിന് എതിരെ അസമിൽ വലിയ വികാരമുയർന്നിരുന്നു. എന്നാൽ, ഈ നിലപാടുള്ളവരെ മുഴുവൻ ഒരുമിപ്പിച്ച് ബിജെപിക്ക് എതിരെ വിശാലമുന്നണി ഉണ്ടാക്കിയെടുക്കാനും കോൺഗ്രസിന് കഴിഞ്ഞില്ല.
15 വർഷം തുടർച്ചയായി ഭരിച്ച കോൺഗ്രസിന് സംസ്ഥാനത്തിന്റെ സാമ്പത്തികനില ഭദ്രമാക്കാൻ കഴിഞ്ഞില്ല. തൊഴിലില്ലായ്‌മ നിരക്ക് കുറയ്‌ക്കാനോ തേയിലത്തോട്ടം തൊഴിലാളികളുടെ നില മെച്ചപ്പെടുത്താനോ തരുൺ ഗൊഗോയ് മന്ത്രിസഭയ്‌ക്ക് കഴിഞ്ഞില്ല. അസമീസ് ജനതയുടെ സാംസ്‌കാരിക തനിമ നിലനിർത്താൻ കഴിഞ്ഞില്ല.
ഭരണവിരുദ്ധവികാരത്തിന്റെ ചിറകിലേറിയാണ് 2016ൽ ബിജെപി അധികാരത്തിലേറുന്നത്. ഹിമാന്ത ബിസ്വ സർമയെ പോലെയുള്ള മുതിർന്ന നേതാക്കൾക്ക് പാർടിക്ക് പുറത്തേക്കുള്ള വഴിയൊരുക്കിയതും കോൺഗ്രസിന് കനത്ത തിരിച്ചടിയായി. തരുൺ ഗൊഗോയ്‌യുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് ബിജെപിയിലേക്ക് ചേക്കേറിയ ഹിമാന്തയാണ് കോൺഗ്രസിന്റെ പതനത്തിൽ പ്രധാനപങ്ക് വഹിച്ചത്. 2016 തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ജയത്തിന് തന്ത്രം മെനഞ്ഞെടുത്തത് ഹിമാന്തയാണ്.
വർഗീയ, വംശീയ ധ്രുവീകരണമായിരുന്നു ബിജെപി പ്രചാരണത്തിന്റെ കാതൽ. കോൺഗ്രസിന്റെ സഖ്യകക്ഷിയായ പ്രാദേശികപാർടി ഓൾ ഇന്ത്യാ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിനെ (എഐയുഡിഎഫ്) ലക്ഷ്യമിട്ടുള്ള പ്രചാരണമാണ് അവർ നടത്തിയത്. ലോക്‌സഭാംഗവും വ്യവസായിയുമായ ബദ്‌റുദ്ദീൻ അജ്‌മലിന്റെ പാർടിയെ ‘അനധികൃതമായി കടന്നുകയറിയവരുടെ പാർടി’യായാണ് ബിജെപി ചിത്രീകരിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..