03 May Monday

മന്ത്രിസ്ഥാനം നഷ്ടപ്പെടുത്തിയ പ്രസംഗം

വെബ് ഡെസ്‌ക്‌Updated: Monday May 3, 2021

രാഷ്ട്രീയ ജീവിതത്തിലെ വൈരുധ്യങ്ങളാകാം  ആർ ബാലകൃഷ്ണപിള്ളയെന്ന നേതാവിനെ അടയാളപ്പെടുത്തിയത്. വിദ്യാർഥിയായിരിക്കെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് ആഭിമുഖ്യം കാട്ടിയ അദ്ദേഹം പിന്നീട്‌  കോൺഗ്രസുകാരനും കേരളകോൺഗ്രസുകാരനുമായി വലതുപക്ഷത്തിനൊപ്പം നിന്നു. സ്വാതന്ത്ര്യാനന്തര കേരള രാഷ്ട്രീയത്തിൽ മാറ്റിനിർത്താനാവാത്ത പ്രാഗത്ഭ്യം അദ്ദേഹത്തിനുണ്ടായി. സാമ്പത്തികശേഷിയുള്ള കുടുംബാന്തരീക്ഷം പ്രമാണിത്തത്തിന് വഴിവച്ചെങ്കിലും പലപ്പോഴും സംഘർഷഭരിതമായ ജീവിതവഴികളായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ്, എംഎൽഎ, എംപി, സംസ്ഥാന മന്ത്രി തുടങ്ങി അധികാരസ്ഥാനങ്ങളിൽ തിളങ്ങി.

അധികാര തർക്കങ്ങളും പിളർപ്പുകളും

മറ്റുസംസ്ഥാനങ്ങളിൽ ഭാഷ, മതം, സമുദായം അതുമായി ബന്ധപ്പെട്ട സാംസ്കാരികബോധം തുടങ്ങിയവയാണ്‌ പ്രാദേശിക പാർടികളുടെ രൂപീകരണത്തിലെത്തിച്ചതെങ്കിൽ അതിൽ ചിലതെല്ലാം ചൂഷണം ചെയ്താണ് കേരളകോൺഗ്രസും നിലനിന്നത്. അത്തരം  തന്ത്രങ്ങൾക്ക് രൂപംനൽകുന്നതിൽ കഴിവ് തെളിയിച്ച നേതാവായിരുന്നു പിള്ള. "വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും' ചെയ്യുന്ന നിരവധി ഗ്രൂപ്പുകളുള്ള പാർടിയായി കേരളകോൺഗ്രസ് മാറി. സ്ഥാപക ചെയർമാൻ കെ എം ജോർജിന്റെ അന്ത്യത്തോടെ പിളർപ്പ്‌ തുടങ്ങി. പി ജെ ജോസഫിനെയും ടി എം ജേക്കബിനെയുമെല്ലാം തുണച്ച മാണി ഇരുവരെയും പരിധിവിട്ട്‌ പ്രോത്സാഹിപ്പിച്ചതുമില്ല. അതുപോലെ ശിഷ്യന്മാരിൽ പലരും ഇണങ്ങിയും പിണങ്ങിയും പ്രവർത്തിച്ചു. 

ഭാര്യ പി ആര്‍ വത്സലയ്‌ക്കൊപ്പം

ഭാര്യ പി ആര്‍ വത്സലയ്‌ക്കൊപ്പം

ഒരു പ്രസംഗം പിള്ളയുടെ മന്ത്രിസ്ഥാനം നഷ്ടമാക്കിയതും എടുത്തുപറയേണ്ടതാണ്‌. രാജ്യത്തിന്റെ ഫെഡറൽ ഘടന, കേന്ദ്ര‐സംസ്ഥാന ബന്ധങ്ങൾ, വികസനം,കേന്ദ്രത്തിന്റെ അമിതാധികാര പ്രവണത എന്നിവയെല്ലാം അതിലൂടെ ചർച്ചയായെങ്കിലും പ്രസംഗത്തിന്റെ ഊന്നൽ അതിരുവിട്ടു പോയെന്ന പൊതുവിലയിരുത്തലാണ്‌ ഉണ്ടായത്‌.  പിള്ളയുടെ പഞ്ചാബ് മോഡൽ പ്രസംഗം ഈയർഥത്തിലും  പരിശോധിക്കേണ്ടതാണ്. കെ കരുണാകരൻ മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായ അദ്ദേഹം 1985 മെയ് 25ന് എറണാകുളത്ത്  കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചു. കോൺഗ്രസ് കേന്ദ്രത്തിലെയും സംസ്ഥാനത്തെയും മുഖ്യ ഭരണപാർടിയായ സാഹചര്യത്തിൽ വിമർശനം ശ്രദ്ധിക്കപ്പെട്ടു. വികസന‐സാമ്പത്തിക കാര്യങ്ങളിൽ കേന്ദ്രത്തിന്റെ ചിറ്റമ്മനയം നിലനിൽക്കുന്നിടത്തോളം ആ പ്രസംഗവും ചർച്ചചെയ്യപ്പെടും. എന്നാൽ രാജ്യത്തിനെതിരെ കലാപത്തിന് ആഹ്വാനം ചെയ്തെന്ന പരാതിയാണ് ഉയർന്നത്. അത് സത്യപ്രതിജ്ഞാ ലംഘനമായും വിമർശിക്കപ്പെട്ടു. പഞ്ചാബ് പ്രശ്നം കത്തിയെരിയുന്ന കാലത്ത് ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ട മന്ത്രി, സമൂഹത്തിന് നൽകിയത് തെറ്റായ സന്ദേശമാണെന്ന് ഹൈക്കോടതിയും അഭിപ്രായപ്പെട്ടതോടെ രാജിയേ നിർവാഹമുണ്ടായുള്ളൂ. വർഷങ്ങൾക്കുശേഷം തന്റെ പ്രസംഗം ശരിയായിരുന്നുവെന്ന്  പിള്ള പറഞ്ഞപ്പോഴും ഫെഡറൽ തത്വങ്ങളോടുള്ള കേന്ദ്ര അവഗണന യാഥാർഥ്യമായി തുടർന്നു. 2016 ജൂലൈ 30ന് പത്തനാപുരത്ത് കമുകുഞ്ചേരിയിൽ എൻഎസ്എസ് യോഗത്തിൽ നടത്തിയ പ്രസംഗം സാമുദായിക വിദ്വേഷം വളർത്തുന്നതെന്ന പരാതിക്കിടയാക്കി. സംഭവത്തിൽ  കേസെടുത്തു. ഐഎസ്ആർഒ ചാരക്കേസ്, സോളാർ തട്ടിപ്പ്‌ എന്നിവയിലെല്ലാം പിള്ളയുടെ പ്രസംഗങ്ങൾ  വിവാദമുയർത്തി. മഅ്ദനിയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് സെക്രട്ടറിയറ്റിനു മുമ്പിൽ നടത്തിയ പ്രസംഗത്തിൽ അക്രമത്തിന് പ്രേരണനൽകിയെന്ന് ആക്ഷേപമുയർന്നത് പിന്നാലെ.

യുഡിഎഫിലും എൽഡിഎഫിലും

1982ൽ യുഡിഎഫിന് രൂപം നൽകിയത് താനും കരുണാകരനുമായിരുന്നെന്ന് പിള്ള അവകാശപ്പെട്ടിട്ടുണ്ട്. സമർദ ഗ്രൂപ്പെന്നനിലയിലാണ്‌   കേരളകോൺഗ്രസ്  പലപ്പോഴും പ്രവർത്തിച്ചത്‌. പിള്ളയും ഒഴിഞ്ഞുനിന്നില്ല. കോൺഗ്രസിലായാലും കേരളയിലായാലും മാണിയെക്കാൾ മുതിർന്ന നേതാവ് താനാണെന്ന് അദ്ദേഹം കരുതി. മാണിയെക്കാൾ മുന്നെ കേരളകോൺഗ്രസ് പ്രതിനിധിയായി മന്ത്രിസഭയിലെത്തിയത് പിള്ളയാണ്‌.

കേരളകോൺഗ്രസിനെ ഇടതുപക്ഷ ചേരിയിലെത്തിച്ചതും പിള്ളയാണ്. എന്നാൽ മാണിയെപ്പോലെ കരുണാകരനൊപ്പം അടിയുറച്ച ആ   നിലപാട് മറ്റൊരു വൈരുധ്യമാണ്‌. 2016ലെ തെരഞ്ഞെടുപ്പിൽ  ഗണേഷ്കുമാർ പത്തനാപുരത്തുനിന്ന് എംഎൽഎയായത് എൽഡിഎഫ് പിന്തുണയോടെ.  മുന്നോക്ക വികസന കോർപറേഷൻ ചെയർമാനായി പിള്ളക്ക്  ക്യാബിനറ്റ് പദവിയും ലഭിച്ചു.

എതായാലും കരുണാകരന്റെ കാലത്തോടെ ശക്തിപ്പെട്ട യുഡിഎഫിന്റെ സാമുദായിക‐ വർഗീയ പ്രീണനം തിരിച്ചറിയാൻ അദ്ദേഹത്തിന് സാധിച്ചു. അതുകൊണ്ടാകാം ആ മുന്നണിയിൽൽനിന്ന് അതിന്റെ ശിൽപ്പിക്ക് മനഃക്ലേശമില്ലാതെ പുറത്തുവരാനായത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top