കൊട്ടാരക്കര വാളകത്തെ ധനികനായ കീഴൂട്ട് രാമൻപിള്ളയുടെ മകനായി 1935 മാർച്ച് എട്ടിനാണ് ആർ ബാലകൃഷ്ണ പിള്ളയുടെ ജനനം. അമ്മ: കാർത്ത്യായനിയമ്മ. രാമൻപിള്ള തിരുവിതാംകൂറിലും തമിഴ്നാട്ടിലും വിപുലമായ ഭൂസ്വത്തിനുടമയായിരുന്നു. അഞ്ചാംഫോറത്തിൽ പഠിക്കുമ്പോൾ ബാലകൃഷ്ണ പിള്ള പി കെ വാസുദേവൻ നായരിൽനിന്ന് തിരുവിതാംകൂർ വിദ്യാർഥി യൂണിയനിൽ അംഗത്വമെടുത്ത് രാഷ്ട്രീയത്തിലെത്തി. തുടർന്ന് സ്റ്റുഡന്റ്സ് ഫെഡറേഷന്റെ സജീവ പ്രവർത്തകൻ. 1958‐64 കാലത്ത് കെപിസിസിയിലും എഐസിസിയിലും അംഗം. 1964‐87ൽ ഇടമുളയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ്. 1987‐95 കാലത്ത് കൊട്ടാരക്കര പഞ്ചായത്ത് പ്രസിഡന്റായി. എട്ടു തവണ നിയമസഭയിലെത്തി. പുറമെ പാർലമെന്റിലേക്കും.തിരുവനന്തപുരത്തെ പ്രശസ്ത മജിസ്ട്രേറ്റ് മാധവവിലാസത്ത് ആട്ടറ പരമേശ്വരൻ പിള്ളയുടെ മകൾ പി ആർ വത്സലയെ വിവാഹം ചെയ്തത് 1957ൽ.
1960 ൽ 25‐ാം വയസ്സിൽ പത്തനാപുരത്ത് സ്വന്തം അധ്യാപകനെ തോൽപിച്ച് ആദ്യമായി എംഎൽഎയായി. 1965ൽ സ്വന്തം മണ്ഡലമായ കൊട്ടാരക്കരയിൽനിന്ന് ജയിച്ചെങ്കിലും 1967ലും 1970ലും തോറ്റു. 1971ൽ മാവേലിക്കരയിൽ നിന്ന് പാർലമെന്റിലേക്ക്. 1975ൽ സി അച്യുതമേനാൻ മന്ത്രിസഭയിലെത്തി. 1977ൽ കേരള കോൺഗ്രസ് മാണി, പിള്ള ഗ്രൂപ്പുകളായി പിളർന്നു. 77ൽ പിള്ള വീണ്ടും കൊട്ടാരക്കയിൽനിന്നും നിയമസഭയിൽ. തുടർന്ന് 1980, 82, 87, 1991, 96, 2001 വർഷങ്ങളിലും അവിടെ തുടർജയം. 1980ൽ 37,000 വോട്ടിന്റെ വൻഭൂരിപക്ഷം.ഐക്യജനാധിപത്യ മുന്നണിയുടെ സ്ഥാപകാംഗമായിരുന്ന പിള്ള, സി അച്ചുതമേനോൻ, കെ കരുണാകരൻ, ഇ കെ നായനാർ, എ കെ ആന്റണി തുടങ്ങിയവർ നയിച്ച മന്ത്രിസഭയിലെല്ലാം ഭാഗഭാക്കായി. 11‐ാം സഭയിൽ ഇെ ക നായനാരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ 1980മുതൽ 81 വരെ വൈദ്യുതി മന്ത്രി.
1982 മുതൽ 85വരെയും 1986മുതൽ 87വരെയും കരുണാകരൻ മന്ത്രിസഭയിലും വൈദ്യുതി മന്ത്രിയായി. 1991മുതൽ 95വരെ യുഡിഎഫ് മന്ത്രിസഭയിൽ ഗതാഗത മന്ത്രി. 1995ലും 2003‐ 2004ലും ആന്റണി മന്ത്രിസഭയിൽ വൈദ്യുതി‐റെയിൽ മന്ത്രിയായി. മന്ത്രിപദം കൂടാതെ, 1962‐63ൽ സഭാകമ്മിറ്റി അധ്യക്ഷനായും പ്രവർത്തിച്ചു. നിയമസഭയിൽ കേരള കോൺഗ്രസ് (ബി) നേതാവും പാർടി അധ്യക്ഷനുമായിരുന്നു. മകൻ കെ ബി ഗണേഷ് കുമാർ 2001‐2003ലെ ആന്റണി മന്ത്രിസഭയിലെത്തി. ഉമ്മൻചാണ്ടി മന്ത്രിസഭയിലും അംഗമായെങ്കിലും വിവാദങ്ങളെ തുടർന്ന് ഒഴിഞ്ഞു. ഇടമലയാർ പദ്ധതിയുടെ കരാർ അനുവദിച്ചതിലെ പദവി ദുരുപയോഗത്തിന് സുപ്രീംകോടതി 2011 ഫെബ്രുവരി 10ന് പിള്ളയെ ഒരു വർഷം കഠിന തടവിനു ശിക്ഷിക്കുകയുണ്ടായി. കെ കരുണാകരന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായിരിക്കെ അണക്കെട്ട് നവീകരണപ്രവൃത്തിക്ക് കരാറുകാരന് അധികലാഭം ലഭിക്കാൻ നീക്കം നടത്തിയെന്ന ആക്ഷേപം ശരിവച്ചായിരുന്നു വിധി.
കേരള കോൺഗ്രസിലൂടെ ചരിത്രത്തിൽ
കോൺഗ്രസിൽ വിള്ളലുണ്ടാക്കി 1964ൽ കേരള കോൺഗ്രസ് പിറവിയെടുത്തപ്പോൾ ആദ്യ ജനറൽ സെക്രട്ടറി ആർ ബാലകൃഷ്ണ പിള്ളയായിരുന്നു. പ്രസിഡന്റ് കെ എം ജോർജ്. കോൺഗ്രസ് നേതാവ് പി ടി ചാക്കോയോട് നേതൃത്വം വഞ്ചന കാട്ടിയെന്ന പരാതിയുമായി ഇറങ്ങിവന്ന ചില എംഎൽമാരും കൂടെ. 1963 ഡിസംബർ എട്ടിന് ചാക്കോ സഞ്ചരിച്ച കാറിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. കാറിൽ കൂളിങ്ഗ്ലാസ് ധരിച്ച സ്ത്രീയുണ്ടായിരുന്നു എന്ന വാർത്ത പ്രചരിച്ചു. വിവാദമുയർത്തിയതാകട്ടെ കോൺഗ്രസും. ലിഫ്റ്റ് ചോദിച്ച് കയറിയ പത്മംമേനോൻ എന്ന കോൺഗ്രസ് പ്രവർത്തകയായിരുന്നു ഒപ്പമെന്ന് വിശദീകരിച്ചെങ്കിലും പലരും ചെവിക്കൊണ്ടില്ല. സംഭവത്തെ ചൊല്ലി കോൺഗ്രസിൽ കൂട്ടക്കുഴപ്പമായി. സി എം സ്റ്റീഫൻ രാജി ആവശ്യപ്പെട്ടു. ആർ ശങ്കറും കൈവിട്ടു. ഹൈക്കമാൻഡ് സമ്മർദം കൂടിയായപ്പോൾ ചാക്കോ രാജിവച്ചു. കെപിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തോറ്റ അദ്ദേഹം സജീവ രാഷ്ട്രീയം വിട്ടു. വൈകാതെ ഒരു യാത്രക്കിടെ കുറ്റ്യാടിയിൽ ഹൃദയസ്തംഭനത്തിൽ മരിച്ചു. കോൺഗ്രസുകാരുടെ ചതിയിൽ മനംനൊന്താണ് ചാക്കോ മരിച്ചതെന്ന വിവാദം കത്തിപ്പടർന്നു.
തുടർന്നായിരുന്നു കേരള കോൺഗ്രസിന്റെ പിറവി. 1976ൽ കെ എം ജോർജ് അന്തരിച്ചു. മാണിയും പിള്ളയും രണ്ട് ചേരികളിലായി. പിളർപ്പ് പ്രതിഭാസമായി മാറിയ കേരള കോൺഗ്രസിലെ ആദ്യപിളർപ്പ് 1977ലാണ്. അന്ന് പിള്ളയുടെ നേതൃത്വത്തിൽ കേരളകോൺഗ്രസ് ബി നിലവിൽവന്നു. 1979ൽ മാണി വിഭാഗം വീണ്ടും പിളർന്നു. 1987, 93, 2009, 2010 വർഷങ്ങളിലും പിളരലും ലയിക്കലും അനുസ്യൂതം തുടർന്നു. 2015വരെ യുഡിഎഫിൽ തുടർന്ന കേരള കോൺഗ്രസ് ബി പിന്നീട് എൽഡിഎഫിന്റെ ഭാഗമായി.
റെക്കോർഡുകൾ തീർത്ത നേതാവ്
● 1960ൽ പത്തനാപുരത്തുനിന്നും ആദ്യമായി എംഎൽഎയായത് 25–ാം വയസ്സിൽ.
● സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ സാമാജികൻ.
● 1975 ഡിസംബർമുതൽ 76 ജൂൺവരെ സി അച്ച്യുതമേനോൻ മന്ത്രിസഭയിൽ ഗതാഗതം, എക്സൈ്സ്, ജയിൽ മന്ത്രിയായിരിക്കെ പഞ്ചായത്തംഗവും.
● 1967 മുതൽ തുടർച്ചയായി 26 വർഷം ഇടമുളയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ്. 11വർഷം കൊട്ടാരക്കര പഞ്ചായത്ത് പ്രസിഡന്റ്.
● കൂറുമാറ്റ നിയമ പ്രകാരം ശിക്ഷിക്കപ്പെട്ട ആദ്യ നിയമസഭാ സാമാജികൻ.
● യുഡിഎഫിന്റെ സ്ഥാപകാംഗം. സി അച്ച്യുതമേനോൻ, കെ കരുണാകരൻ, ഇ കെ നായനാർ, എ കെ ആന്റണി എന്നിവർക്കൊപ്പം മന്ത്രിസഭയിൽ.
● അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ട കേരളത്തിലെ ആദ്യ മന്ത്രി. ഇടമലയാർ കേസിൽ ഒരു വർഷത്തേക്ക് ശിഷിക്കപ്പെട്ടെങ്കിലും 69 ദിവസത്തിനുശേഷം (കൂടെ പരോളും ചികിത്സാകാലവും പരിഗണിച്ചു)കേരളപിറവിയോടനുബന്ധിച്ച് ശിക്ഷാകാലാവധി ഇളവുചെയ്ത് വിട്ടയക്കപ്പെട്ടു.
● 1980ൽ കൊട്ടാരക്കരയിൽനിന്നും ലഭിച്ച 37,000 വോട്ടിന്റെ ഭൂരിപക്ഷം കാൽനൂറ്റാണ്ട് കേരളത്തിലെ റെക്കോർഡ് ആയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..