തിരുവനന്തപുരം
താരത്തിളക്കമുള്ള വിജയച്ചിരിയുമായി മുകേഷും ഗണേഷും. നാട് നെഞ്ചേറ്റിയ മനോഹര ഗാനമായി ദലീമ നിയമസഭയിലേക്ക്.
എട്ടുനിലയിൽ പൊട്ടിയ സിനിമപോലെ സുരേഷ് ഗോപിയും കൃഷ്‌ണകുമാറും. ധർമജൻ ‘ട്രാജഡിയായി’.
താരങ്ങളിൽ വിജയം നുകർന്നത് എൽഡിഎഫിനുവേണ്ടി രംഗത്തിറങ്ങിയവർമാത്രം. മത്സരങ്ങളുടെ എണ്ണത്തിലും വിജയത്തിലും കെ ബി ഗണേഷ് കുമാറായിരുന്നു ‘സീനിയർ’. പത്തനാപുരത്ത് തുടർച്ചയായി അഞ്ചാംതവണ വിജയിച്ച് ജനങ്ങൾക്ക് പ്രിയങ്കരനാണെന്ന് ഒരിക്കൽക്കൂടി തെളിയിച്ചു താരം. രണ്ടാം ജയത്തിലൂടെ കൊല്ലത്ത് മുകേഷും എൽഡിഎഫും വീണ്ടും സൂപ്പർ ഹിറ്റായി. തോൽപ്പിച്ചത് ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്‌ണയെ. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം കന്നിനിയമസഭാ അങ്കത്തിലും ആവർത്തിച്ചു ദലീമ. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് എംഎൽഎയായി സ്ഥാനക്കയറ്റം.
പാർലമെന്റ് തെരഞ്ഞെടുപ്പിൽ ‘തൃശൂരിങ് എടുക്കാൻ ഇറങ്ങി’ തോറ്റ സുരേഷ് ഗോപി വീണ്ടും തോറ്റു. സിനിമയിൽ കൊമേഡിയനായ ധർമജൻ തെരഞ്ഞെടുപ്പിൽ ട്രാജഡിയായി. രാഷ്ട്രീയനമ്പർ ഇറക്കാൻ നോക്കിയ താരത്തിന് സ്ഥലം മാറിപ്പോയെന്ന് ബാലുശേരിക്കാരുടെ മറുപടി. എൽഡിഎഫിലെ സച്ചിൻദേവിന് ജയം. തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർഥിയായി അവതരിച്ച സിനിമ–-സീരിയൽ താരം കൃഷ്‌ണകുമാറിനെ വോട്ടർമാർ മൂന്നാം സ്ഥാനത്തൊതുക്കി.
അവതാരകകൂടിയായിരുന്ന വീണ എസ് നായർ (യുഡിഎഫ്, വട്ടിയൂർക്കാവ്), സിനിമ താരം പ്രിയങ്ക അനൂപ് (ഡിജെഎസ്‌പി, അരൂർ), സീരിയൽ താരം വിവേക് ഗോപൻ (എൻഡിഎ, ചവറ) എന്നിവരും നിലംതൊട്ടില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..