04 May Tuesday
കനത്ത തോൽവി: പി പി മുകുന്ദൻ

തോൽവി, വോട്ട്‌ വിൽപ്പന ; ബിജെപി നേതൃത്വം വെട്ടിൽ ; സുരേന്ദ്രനെതിരെ 
എ എൻ രാധാകൃഷ്‌ണൻ, മോഡിക്കളി വേണ്ടെന്ന്‌ 
ആർഎസ്‌എസ്‌ നേതാവ്‌

ദിനേശ്‌ വർമUpdated: Monday May 3, 2021


തിരുവനന്തപുരം
അണികൾക്കും കേന്ദ്ര നേതൃത്വത്തിനും വലിയ ‘പ്രതീക്ഷ’ നൽകി ഒടുവിൽ നഷ്ടംമാത്രം വരുത്തിവച്ച ബിജെപി സംസ്ഥാന നേതൃത്വം വെട്ടിൽ. കൈയിലുണ്ടായിരുന്ന  സീറ്റ്‌ നഷ്ടമായതും ആകെ വോട്ട്‌ കുറഞ്ഞതും ചിലയിടങ്ങളിൽ വോട്ട്‌ വിറ്റതും നേതൃത്വത്തിന്‌ കനത്ത തിരിച്ചടിയായി. കടുത്ത ആഭ്യന്തര പ്രശ്നങ്ങളിലേക്കാണ്‌ ബിജെപി കടക്കാൻ പോകുന്നതെന്നും സൂചനകൾ വന്നുകഴിഞ്ഞു.

നാലു ലക്ഷത്തിലേറെ (2.61 ശതമാനം) വോട്ട്‌ കുറഞ്ഞു. പത്ത്‌ മണ്ഡലത്തിൽ വോട്ടുകൾ യുഡിഎഫിന്‌ മറിച്ച  കണക്കുകൾ പുറത്തുവന്നു. പ്രമുഖ സ്ഥാനാർഥികളെന്ന്‌ ബിജെപി അവകാശപ്പെടുന്ന മണ്ഡലങ്ങളിലാണിത്‌. മൂന്ന്‌ സീറ്റ്‌ പിടിക്കുമെന്ന്‌ പറഞ്ഞ തിരുവനന്തപുരം ജില്ലയിൽ പല സീറ്റിലും പിന്നിൽ പോയി. കഴക്കൂട്ടത്ത്‌ തങ്ങളെ പരാജയപ്പെടുത്താൻ പാർടിയിലെ ചിലർ കളിച്ചതായി ശോഭാ സുരേന്ദ്രൻ വിഭാഗം പരാതി ഉന്നയിച്ചുകഴിഞ്ഞു. കുമ്മനം മത്സരിച്ച നേമം,  കൃഷ്ണദാസ്‌ മത്സരിച്ച കാട്ടാക്കട എന്നിവിടങ്ങളിലും പാറശാല, അരുവിക്കര, കോവളം മണ്ഡലങ്ങളിലും  വോട്ട്‌ കുറഞ്ഞു.  വട്ടിയൂർക്കാവിൽ വി വി രാജേഷിനും കുമ്മനത്തിന്റെ  പഴയ നില പിടിക്കാൻ കഴിഞ്ഞില്ല.

പാലാ, തൃപ്പൂണിത്തുറ, കുണ്ടറ, കരുനാഗപ്പള്ളി, ചാലക്കുടി, ബത്തേരി തുടങ്ങിയ മണ്ഡലങ്ങളിലാണ്‌ യുഡിഎഫിന്‌ വോട്ട്‌ മറിച്ചതായി ആരോപണമുള്ളത്‌.  ഇവിടങ്ങളിലൊന്നും 2016ൽ കിട്ടിയ വോട്ട്‌ ബിജെപിക്ക്‌ വീണിട്ടില്ല. തലശേരിയിലും ഗുരുവായൂരിലും സ്വന്തം സ്ഥാനാർഥികളെ  ഇല്ലാതാക്കി നടത്തിയ കളിയും യുഡിഎഫിനെ സഹായിക്കാനായിരുന്നു. സംസ്ഥാന നേതൃത്വത്തിനെതിരെ മുതിർന്ന സംഘ്‌ നേതാവ്‌ പി പി മുകുന്ദൻ രംഗത്ത്‌ വന്നു. പ്രതികരിക്കുന്ന, മുതിർന്നവരടക്കമുള്ള നേതാക്കളെ മൂലക്കിരുത്തിയാണ്‌  വി മുരളീധരനും  കെ സുരേന്ദ്രനും ‘നയിച്ചത്‌’ എന്ന്‌ എതിർ വിഭാഗത്തിലുള്ളവർ നേരത്തേ തന്നെ ആക്ഷേപമുയർത്തിയിരുന്നു. കേന്ദ്ര നേതൃത്വത്തിന്‌ അനവധി പരാതികളും ഇവർക്കെതിരെ അയച്ചിട്ടുണ്ട്‌.

പത്ത്‌ സീറ്റ്‌ കിട്ടുമെന്ന്‌ കേന്ദ്ര നേതൃത്വത്തെ മുരളീധരൻ തെറ്റിദ്ധരിപ്പിച്ചതായാണ്‌ എതിർ വിഭാഗം പറയുന്നത്‌. പ്രധാനമന്ത്രി രണ്ട്‌ തവണയും അമിത്‌ ഷാ, പാർടി അധ്യക്ഷൻ ജെ പി നദ്ദ എന്നിവർ പല തവണയും നിരവധി കേന്ദ്ര മന്ത്രിമാരും പ്രചാരണത്തിനെത്തിയത്‌ അത്‌ വിശ്വസിച്ചാണ്‌. കോടികൾ ഒഴുക്കിയതും അങ്ങനെയാണ്‌. ഇതിനെല്ലാം മറുപടി പറയാനാകാതെ കുഴയുന്ന സംസ്ഥാന നേതൃത്വം മാറിനിൽക്കണമെന്ന ആവശ്യവും താമസിയാതെ ശക്തമാകും.

തോൽവി 
‘പഠിക്കും’
കേരളത്തിലുണ്ടായ കനത്ത തോൽവിയെക്കുറിച്ച്‌ പഠിക്കുമെന്ന് ബിജെപി സംസ്ഥാന നേതൃത്വം. ഓൺലൈനിൽ ചേർന്ന കോർ കമ്മിറ്റിയാണ്‌ ഇതിനായി പ്രത്യേക സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചത്‌. പറ്റിയാൽ പത്ത്‌ അല്ലെങ്കിൽ ഏഴ്‌ അതുമല്ലെങ്കിൽ അഞ്ച്‌ മണ്ഡലം ഉറപ്പെന്നു പറഞ്ഞ്‌ കളത്തിലിറങ്ങിയ ബിജെപിക്ക്‌ കൈയിലുള്ള നേമംകൂടി നഷ്ടമായിരുന്നു. സംസ്ഥാനവ്യാപകമായി വോട്ട്‌ ചോർച്ചയുണ്ടാവുകയും ചെയ്തു. വോട്ട്‌ മറിച്ചെന്ന്‌ ശോഭ സുരേന്ദ്രൻ പക്ഷവും തൃപ്പൂണിത്തുറയിലെ സ്ഥാനാർഥി ഡോ. കെ എസ്‌ രാധാകൃഷ്ണനും വ്യക്തമാക്കിക്കഴിഞ്ഞു. 90 സീറ്റിൽ യുഡിഎഫുമായി ബിജെപി കച്ചവടം നടത്തിയ കാര്യവും പുറത്തുവന്നു. ഈ സാഹചര്യത്തിലാണ്‌ തോൽവി ‘പഠിക്കു’ന്നത്‌.

രണ്ടിടത്ത്‌ മൽസരിച്ചത്‌ പരാജയകാരണം : സുരേന്ദ്രനെതിരെ 
എ എൻ രാധാകൃഷ്‌ണൻ
കെ സുരേന്ദ്രൻ രണ്ടിടത്ത്‌ മൽസരിച്ചത്‌ മഞ്ചേശ്വരത്തെ പരാജയത്തിനു കാരണമായതായി ബിജെപി സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എ എൻ രാധാകൃഷ്‌ണൻ പറഞ്ഞു. മഞ്ചേശ്വരത്തുമാത്രം മൽസരിച്ചാൽ മതിയായിരുന്നു. അവിടെമാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമായിരുന്നു. മുപ്പതുവർഷമായി ബിജെപിക്ക്‌ സ്വാധീനമുള്ള മണ്ഡലമാണ്‌. കെ ജി മാരാർ ഉൾപ്പെടെയുള്ള നേതാക്കൾ മൽസരിച്ച്‌ രണ്ടാം സ്ഥാനത്ത്‌  എത്തിയതാണെന്നും എ എൻ രാധാകൃഷ്‌ണൻ മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു.

മോഡിക്കളി വേണ്ടെന്ന്‌ 
ആർഎസ്‌എസ്‌ നേതാവ്‌
‘മോഡി കളി’ക്കാൻ ഒന്നിലധികം സീറ്റുകളിൽ മത്സരിച്ച്‌ ഹെലികോപ്‌റ്ററിൽ പറന്നു പ്രചാരണം നടത്തിയ കെ സുരേന്ദ്രന്റെ കോമാളിത്തരവും  തെരഞ്ഞെടുപ്പ്‌ പ്രവർത്തനത്തിലെ കുട്ടിക്കളിയുമാണ്‌ ബിജെപിയെ തോൽപ്പിച്ചതെന്ന്‌ ആർഎസ്‌എസ്‌ നേതാവ്‌ ഇ എൻ നന്ദകുമാർ. ഇങ്ങനെയുള്ളവർ എത്രയുംവേഗം സ്ഥാനമൊഴിഞ്ഞ്‌ പ്രസ്ഥാനത്തെ രക്ഷിക്കണമെന്നും ആർഎസ്‌എസിന്റെ പ്രസിദ്ധീകരണ വിഭാഗമായ കുരുക്ഷേത്ര ബുക്സ്‌ ചുമതലക്കാരനും നാഷണൽ ബുക്ക്‌ ട്രസ്‌റ്റ്‌ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗവുമായ നന്ദകുമാർ ആവശ്യപ്പെട്ടു.  കൃഷ്‌ണദാസ്‌ പക്ഷത്തെ പ്രമുഖനായ ബിജെപി സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ എ എൻ രാധാകൃഷ്‌ണന്റെ സഹോദരനായ നന്ദകുമാർ തെരഞ്ഞെടുപ്പുഫലം വന്ന ഉടനെ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിലാണ്‌ സുരേന്ദ്രനെതിരെ പരസ്യമായി പ്രതികരിച്ചത്‌.

കനത്ത തോൽവി: പി പി മുകുന്ദൻ
കോഴിക്കോട്‌ ബിജെപിക്കുണ്ടായ തിരിച്ചടി കനത്തതാണെന്ന്‌ മുതിർന്ന നേതാവ്‌ പി പി മുകുന്ദൻ. നേതൃത്വം ഇത്‌ വിലയിരുത്തണം.  കൂട്ടായ നേതൃത്വമില്ലാത്തതാണ്‌ കനത്ത പരാജയത്തിന്‌ കാരണം–-മുകുന്ദൻ ‘ദേശാഭിമാനി’യോട്‌ പറഞ്ഞു. പരാജയം ചർച്ചചെയ്‌ത്‌ തിരുത്തണം. സംഘടനാക്രമീകരമാണ്‌ ആവശ്യം. നേതൃത്വത്തിന്റെ ഇടപെടലാണ്‌ വേണ്ടത്‌.  അനുകൂലമായ സാഹചര്യം എന്തുകൊണ്ട്‌ നഷ്ടമാക്കിയെന്നത്‌ പരിശോധിക്കണം. തെരഞ്ഞെടുപ്പ്‌ ഫലം സമഗ്രമായി വിലയിരുത്തി കൂടുതൽ പ്രതികരിക്കുമെന്നും മുകുന്ദൻ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top