03 May Monday

വിജയികൾക്ക്‌ മധുരം നൽകി എ കെ ജി സെന്റർ

വെബ് ഡെസ്‌ക്‌Updated: Monday May 3, 2021

തിരുവനന്തപുരം മണ്ഡലത്തിൽ വിജയിയായ ആന്റണി രാജു എ കെ ജി സെന്ററിൽ എത്തിയപ്പോൾ പിബി അംഗം കോടിയേരി ബാലകൃഷ്ണൻ മധുരം നൽകുന്നു


തിരുവനന്തപുരം
വിജയമുറപ്പിച്ചശേഷം എ കെ ജി സെന്ററിലെത്തിയ തലസ്ഥാനത്തെ സ്ഥാനാർഥികളെ‌ മധുരം നൽകി‌ നേതാക്കൾ വരവേറ്റു. വി ശിവൻകുട്ടി, കടകംപള്ളി സുരേന്ദ്രൻ, വി കെ പ്രശാന്ത്‌, വി ജോയി, ആന്റണി രാജു എന്നിവരെ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ, എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ തുടങ്ങിയവർ വരവേറ്റു.

കോവിഡ്‌ പെരുമാറ്റച്ചട്ട നിർദേശമുണ്ടായിരുന്നതിനാൽ പ്രവർത്തകരുടെ തടിച്ചുകൂടലോ ആഹ്ലാദപ്രകടനങ്ങളോ ഉണ്ടായില്ല. പൊളിറ്റ്‌ബ്യൂറോ അംഗങ്ങളായ എം എ ബേബി, എസ്‌ രാമചന്ദ്രൻ പിള്ള, സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം ആനത്തലവട്ടം ആനന്ദൻ തുടങ്ങിയവരും രാവിലെതന്നെ സെന്ററിലെത്തി. മധുരം നൽകി സന്തോഷപ്രകടനം‌ പരിമിതപ്പെടുത്തി.

സിപിഐ സംസ്ഥാന കമ്മിറ്റി ഓഫീസ്‌ എം എൻ സ്‌മാരകത്തിലും കോവിഡ്‌ പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി ആഘോഷങ്ങൾ ഒഴിവാക്കി. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, നേതാക്കൾ പന്ന്യൻ രവീന്ദ്രൻ, കെ പ്രകാശ്‌ ബാബു തുടങ്ങിയവർ ഓഫീസിലെത്തിയിരുന്നു. വിജയികളെ നേതാക്കൾ വിളിച്ച്‌ അഭിനന്ദിച്ചു. തലസ്ഥാനത്തെ വിജയികളിൽ ജി ആർ അനിൽ, ആന്റണി രാജു തുടങ്ങിയവർ ഓഫീസിലെത്തിയപ്പോൾ മധുരം നൽകി.

ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ്‌ ശോകമൂകമായി. സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ ഓഫീസിലുണ്ടായിരുന്നു. ലീഡ്‌ ചെയ്ത സമയം ഓഫീസിലെത്തിയ കുമ്മനം രാജശേഖരൻ അൽപ്പസമയത്തിനുള്ളിൽ മടങ്ങി. തോൽവി ഉറപ്പിച്ചതോടെ മടങ്ങിയെത്തിയതുമില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top