03 May Monday

തകർപ്പൻ 
ജയവുമായ്‌ 
എംഎൽഎ ബ്രോ ; മണ്ഡലചരിത്രത്തിലെ റെക്കോഡ്‌ ഭൂരിപക്ഷം

വെബ് ഡെസ്‌ക്‌Updated: Monday May 3, 2021


തിരുവനന്തപുരം
വട്ടിയൂർക്കാവിൽ മിന്നുംജയം ആവർത്തിച്ച്‌ ‘ബ്രോ’. ഉപതെരഞ്ഞെടുപ്പിൽ നേടിയ 14,465 വോട്ടിന്റെ ഭൂരിപക്ഷം 21,515 ആയി ഉയർത്തിയാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥി വി കെ പ്രശാന്തിന്റെ‌ ജയം‌. മണ്ഡലചരിത്രത്തിലെ റെക്കോഡ്‌ ഭൂരിപക്ഷമാണിത്‌. 2019ലെ ഉപതെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തായിരുന്ന യുഡിഎഫ്‌ മൂന്നാമിടത്തേക്ക്‌ പിന്തള്ളപ്പെട്ടു. എൻഡിഎ രണ്ടാമതെത്തി.

ഉപതെരഞ്ഞെടുപ്പിൽ 54,830 വോട്ട്‌ ലഭിച്ച പ്രശാന്ത്‌‌ ഇത്തവണ 61,111 വോട്ട്‌‌ നേടി‌. എൻഡിഎ സ്ഥാനാർഥി ബിജെപി ജില്ലാ പ്രസിഡന്റ്‌ വി വി രാജേഷിന്‌ 39,596, യുഡിഎഫ്‌ സ്ഥാനാർഥി വീണ എസ്‌ നായർക്ക്‌ 35,455 വോട്ട്‌.  യുഡിഎഫ്‌– -ബിജെപി കൂട്ടുകെട്ടിനെയും മറികടന്നാണ്‌ പ്രശാന്തിന്റെ ജയം. തെരഞ്ഞെടുപ്പിന്റെ തുടക്കത്തിൽത്തന്നെ 2016ലെ ‘നേമം മോഡൽ’ വട്ടിയൂർക്കാവിൽ ആവർത്തിക്കാൻ നീക്കം നടക്കുന്നതായി എൽഡിഎഫ്‌ ചൂണ്ടിക്കാട്ടിയിരുന്നു. കെപിസിസി അന്വേഷണ കമീഷനെ നിയോഗിച്ചു. ഉപതെരഞ്ഞെടുപ്പിൽ 40,365 വോട്ട്‌ ലഭിച്ച യുഡിഎഫ്‌‌ ഇക്കുറി നേടിയത്‌ 35,455 വോട്ട്‌.

ഉപതെരഞ്ഞെടുപ്പിൽ 27,453 വോട്ട്‌ നേടിയ എൻഡിഎ ഇത്തവണ 39,596 വോട്ട്‌ സ്വന്തമാക്കി. 2011, 2016 നിയമസഭ തെരഞ്ഞെടുപ്പുകളിൽ യുഡിഎഫിന്റെ കെ മുരളീധരനാണ്‌ മണ്ഡലത്തിൽ ജയിച്ചത്‌. എംപിയാകാൻ മുരളി മണ്ഡലത്തെ ഉപേക്ഷിച്ചതിനാലാണ്‌ 2019ൽ ഉപതെഞ്ഞെടുപ്പുണ്ടായത്‌. 17 മാസത്തിനുള്ളിൽ മണ്ഡലത്തിൽ നടത്തിയ വികസനപ്രവർത്തനങ്ങൾ, വോട്ടർമാർക്കിടയിലെ സ്വീകാര്യത, എൽഡിഎഫിന്റെ ചിട്ടയായ പ്രവർത്തനം എന്നിവ പ്രശാന്തിന്റെ ഭൂരിപക്ഷം കൂട്ടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top