03 May Monday

അടുത്ത സർക്കാരിനും മുൻഗണന കോവിഡ്‌ പ്രതിരോധത്തിന്‌: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday May 3, 2021

തിരുവനന്തപുരം > അടുത്ത എൽഡിഎഫ്‌ സർക്കാരും കോവിഡ്‌ പ്രതിരോധത്തിനാണ്‌ മുൻഗണന നൽകുകയെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ വികസന –- ക്ഷേമ പ്രവർത്തനത്തിൽ ഇതുവരെ വിട്ടുവീഴ്ച ചെയ്തിട്ടില്ല. അത് തുടരും. പ്രകടന പത്രികയിൽ ഊന്നിനിന്നുള്ള പ്രവർത്തനം നടത്തും. ധാരാളം തൊഴിൽ ഇവിടെയുണ്ടാകണം. അതിനുതകുന്ന പദ്ധതികൾ ഉണ്ടാകുമെന്നും -മുഖ്യമന്ത്രി മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്‌ മറുപടി പറഞ്ഞു.

തെരഞ്ഞെടുപ്പ്‌ വിജയം വീട്ടിലിരുന്ന്‌ ആഘോഷിച്ച എല്ലാവരും നാടിന്റെ സ്ഥിതി മനസ്സിലാക്കി പ്രവർത്തിച്ചു. അത്‌ ഈ നാടിന്‌ മാത്രം സാധിക്കുന്ന കാര്യമാണ്‌. അതിൽ അഭിമാനിക്കണം. ജനങ്ങളിൽ എനിക്ക്‌ പൂർണ വിശ്വാസം ഉണ്ടായിരുന്നു. കഴിഞ്ഞ തവണത്തേക്കാൾ സീറ്റുകൾ എൽഡിഎഫ്‌ നേടുമെന്ന്‌ നേരത്തെ ഉറപ്പായിരുന്നു. തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്ത്‌ നടന്ന കള്ളപ്പണവേട്ട ബിജെപി കൂടി പരിശോധിക്കണം. ഇത്തരം നെറികേടുകൾ നേരത്തെയും സംസ്ഥാനത്ത്‌ നടന്നിട്ടുണ്ട്‌. പാർടിയെ പാർടിയായി നിലനിർത്താൻ ബിജെപിക്ക്‌ കഴിയമെന്നും മുഖ്യമന്ത്രി പിണറായി പറഞ്ഞു.

ജനങ്ങൾ അവരുടെ ജീവിതാനുഭവങ്ങളിൽനിന്നാണ്‌ കാര്യങ്ങൾ തീരുമാനിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ്‌ ദിവസം എൻഎസ്‌എസ്‌ ജനറൽ സെക്രട്ടറി സുകുമാരൻനായർ പറഞ്ഞതിനെക്കുറിച്ചുള്ള ചോദ്യത്തിന്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം. നന്നേ കാലത്ത്‌ വോട്ട്‌ ചെയ്‌ത്‌ ആ വിരൽ ഉയർത്തി എൽഡിഎഫ്‌ ഭരണം പാടില്ലെന്ന്‌ പറയുമ്പോൾ വോട്ട്‌ ചെയ്യേണ്ടത്‌ എൽഡിഎഫിനെതിരായാണെന്ന സന്ദേശമാണ്‌ നൽകിയത്‌. പക്ഷേ, ജനങ്ങൾ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ വോട്ട്‌ ചെയ്‌തു. അവയെ അട്ടിമറിക്കാൻ അത്തരം പരാമർശങ്ങൾക്കാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top