03 May Monday

മാറ്റേറിയ മാറ്റം: പകുതിയിലധികം പുതുമുഖങ്ങള്‍; സിപിഐ എമ്മിന്റെ ധീരമായ നിലപാടിന് ജനകീയാംഗീകാരം

ദിനേശ്‌‌വർമUpdated: Monday May 3, 2021

പ്രകൃതിക്ഷോഭവും മഹാമാരിയും കേന്ദ്രസർക്കാരും 
പ്രതിപക്ഷവും ‌മാധ്യമങ്ങളും എല്ലാം ഒന്നിച്ചെതിർത്തിട്ടും 
തളരാതെ പോരാടി, ആവശ്യങ്ങളിൽ കൂടെനിന്ന്‌, 
പ്രതിസന്ധികളിൽ കൂട്ടിരുന്ന എൽഡിഎഫ്‌ സർക്കാരിനെ 
ഇതാ കേരളം ഒരിക്കൽക്കൂടി ഹൃദയത്തോട്‌ ചേർത്തുനിർത്തിയിരിക്കുന്നു. ...
നിറയെ ചുവന്നപൂക്കൾ...


തിരുവനന്തപുരം
മത്സരിക്കുന്നതിൽ പകുതിയിലധികം സീറ്റിലും പുതുമുഖങ്ങളെ അണിനിരത്തിയ സിപിഐ എമ്മിന്റെ തീരുമാനത്തിനുള്ള വലിയ അംഗീകാരംകൂടിയായി ജനവിധി. തുടർച്ചയായി രണ്ടുതവണ വിജയിച്ച എല്ലാവരും മാറിനിന്നു. വിവിധ സാമൂഹ്യ മണ്ഡലങ്ങളിൽനിന്നുള്ള പുതുമുഖങ്ങളെ സാരഥികളാക്കി. കരുത്തന്മാരായ മന്ത്രിമാരെ മാറ്റിനിർത്തിയെന്നു പറഞ്ഞ്‌ പലയിടത്തും മാധ്യമങ്ങൾ ചർച്ചയുയർത്തി. എന്നാൽ, പാർടിയുടെയും മുന്നണിയുടെയും നിലപാടാണ്‌ പ്രധാനമെന്ന കാഴ്‌ചപ്പാടിനെ ജനം അംഗീകരിച്ചു. കടുത്ത പ്രതിസന്ധികളിൽ തളരാതെ, വികസനത്തിൽ വീഴ്‌ചവരുത്താതെ മുന്നിൽനിന്ന്‌ നയിച്ച മുഖ്യമന്ത്രി പിണറായി വിജയനെയും ആരോഗ്യമന്ത്രി കെ കെ ശൈലജയെയും അരലക്ഷത്തിലധികം വോട്ട്‌ നൽകിയാണ്‌ ജനം തെരഞ്ഞെടുത്തത്‌. ഒമ്പത്‌ സ്വതന്ത്രരുൾപ്പെടെ 85 സീറ്റിലാണ്‌ സിപിഐ എം മത്സരിച്ചത്‌. ഇതിൽ 38 പാർടി സ്ഥാനാർഥികളും ഏതാനും സ്വതന്ത്ര സ്ഥാനാർഥികളും പുതുമുഖങ്ങളാണ്‌. ഇവരിൽ ഭൂരിപക്ഷവും വിജയിച്ചു.

ലോക്‌സഭയിലും രാജ്യസഭയിലും കഴിവ്‌ തെളിയിച്ചവരും മത്സരരംഗത്തിറങ്ങി. പി രാജീവ്‌, കെ എൻ ബാലഗോപാൽ, എം ബി രാജേഷ്‌ എന്നിവർ ആദ്യമായി നിയമസഭയിലേക്ക്‌ എത്തുന്നവരിലുൾപ്പെടുന്നു. മൂന്നുതവണ തുടർച്ചയായി വിജയിച്ച സ്ഥാനാർഥികളെ മാറ്റിയാണ്‌ സിപിഐയും രംഗത്തിറങ്ങിയത്‌. മൂന്ന്‌ മന്ത്രിമാർ മത്സരിച്ചില്ല. തൃശൂരുൾപ്പെടെ ഇത്‌ ദോഷകരമായി ബാധിക്കുമെന്ന്‌ പലരും പ്രചരിപ്പിച്ചിരുന്നു. കടുത്ത മത്സരത്തിനൊടുവിൽ പി ബാലചന്ദ്രൻ തൃശൂർ സീറ്റ്‌ നിലനിർത്തി.


നേമത്തിലൂടെ 
ബിജെപി മുക്ത കേരളം

അഞ്ചുവർഷംമുമ്പ്‌ യുഡിഎഫിന്റെ കൈയഴിഞ്ഞ സഹായത്തിൽ ബിജെപി നേമത്ത്‌ തുറന്ന അക്കൗണ്ട്‌ ക്ലോസ്‌ ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വോട്ടർമാർ അന്വർഥമാക്കി. ഇഞ്ചോടിഞ്ച്‌ മുന്നേറിയ മത്സരത്തിന്റെ അവസാന ലാപ്പിൽ കുമ്മനം രാജശേഖരനെ വി ശിവൻകുട്ടി മലർത്തിയടിച്ച്‌ മണ്ഡലം തിരിച്ചുപിടിച്ചു. ആറായിരത്തിൽപ്പരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ എൽഡിഎഫ്‌ വിജയം. ആകാംക്ഷ നിറഞ്ഞ മണിക്കൂറുകൾക്കവസാനം മതനിരപേക്ഷതയ്‌ക്ക്‌  വിജയം ഉറപ്പാക്കാനായി. 2011ലും ശിവൻകുട്ടിയായിരുന്നു വിജയി.

ഒ രാജഗോപാലിന്റെ പിൻഗാമി എന്ന്‌ പ്രഖ്യാപിച്ചാണ്‌‌ നേമം നിലനിർത്താൻ കുമ്മനം ഇറങ്ങിയത്‌. നേമം കേരളത്തിന്റെ ഗുജറാത്തെന്ന്‌ വിശേഷിപ്പിച്ചായിരുന്നു പ്രചാരണ തുടക്കം. ആർഎസ്‌എസും ബിജെപിയും കേന്ദ്ര ഭരണത്തിന്റെ തണലിൽ എല്ലാ ആയുധങ്ങളും പ്രയോഗിച്ചെങ്കിലും പണാധിപത്യത്തിന്‌ വിജയിക്കാനായില്ല.  ബിജെപി മുക്ത കേരളം എന്ന  എൽഡിഎഫ്‌ ലക്ഷ്യം കൂടിയാണ്‌ നേമത്ത്‌ സാധ്യമായത്‌. 

‘കരുത്തൻ’മൂന്നാമത്‌  ബിജെപിയെ പിടിച്ചുകെട്ടാൻ യുഡിഎഫിനേ കഴിയൂവെന്ന പ്രഖ്യാപനവുമായി നേമത്ത്‌ യുഡിഎഫിനായി മത്സരിക്കാൻ എത്തിയ കെ മുരളീധരൻ മതേതര വോട്ടുകൾ ഭിന്നിപ്പിക്കാനാണ്‌ ശ്രമിച്ചത്‌. എന്നാൽ, അമാനുഷികനെന്ന്‌ സ്വയം അവകാശപ്പെട്ട മുരളീധരൻ പുലിയല്ല, പൂച്ചയാണെന്ന്‌ തെളിയിച്ച്‌ മൂന്നാംസ്ഥാനത്തായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top