04 May Tuesday

കോഴിക്കോട്ട്‌ 9 മണ്ഡലങ്ങളിൽ ബിജെപിക്ക്‌ വോട്ട്‌ ചോർച്ച

സ്വന്തം ലേഖകൻUpdated: Monday May 3, 2021

കോഴിക്കോട്‌ > ജില്ലയിൽ 13ൽ ഒമ്പത്‌ നിയമസഭാ മണ്ഡലങ്ങളിലും ബിജെപിക്ക്‌ വോട്ട്‌ ചോർച്ച. 2016ൽ നേടിയ വോട്ട്‌ നിലനിർത്താൻ ബിജെപിക്കായില്ല. വടകര, കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി, ബാലുശേരി, ബേപ്പൂർ, കുന്നമംഗലം, കൊടുവള്ളി, തിരുവമ്പാടി എന്നിവിടങ്ങളിലായി 28,175 വോട്ടാണ്‌ കുറഞ്ഞത്‌. ഇത്‌  യുഡിഎഫിന്‌ മറിച്ചുവിറ്റെന്ന ആരോപണത്തിന്‌ ഇനി ശക്തി കൂടും.

രണ്ടാം സ്ഥാനം  പ്രതീക്ഷിച്ച മൂന്ന്‌ മണ്ഡലങ്ങളിൽപിന്നോക്കം പോയി. കോഴിക്കോട്‌ നോർത്ത്‌, ബേപ്പൂർ, എലത്തൂർ എന്നിവിടങ്ങളിലാണ്‌ രണ്ടാംസ്ഥാനത്തിന്‌ ബിജെപി പ്രതീക്ഷവച്ചത്‌. സ്‌മൃതി ഇറാനി അടക്കമുള്ള ദേശീയ നേതാക്കളെ ഇറക്കിയിട്ടും, കോടിക്കണക്കിന്‌ രൂപ ചെലവഴിച്ചിട്ടും വോട്ട്‌ വിഹിതം ഉയർത്താൻ ബിജെപിക്കായില്ല. ജില്ലയിൽ 13 മണ്ഡലങ്ങളിലും ബിജെപിയാണ്‌ മത്സരിച്ചത്‌. ബിഡിജെഎസിന്‌ ഒരുസീറ്റുപോലും നൽകിയില്ല. ജില്ലാ പ്രസിഡന്റ്‌ വി കെ സജീവൻ മത്സരിച്ച കുന്നമംഗലത്ത്‌ 5030 വോട്ടാണ്‌ കുറഞ്ഞത്‌. 2016ൽ 32,702 വോട്ട്‌ ലഭിച്ച സ്ഥാനത്ത്‌ ഇത്തവണ കിട്ടിയത്‌ 27,672 വോട്ട്‌ മാത്രം. എ ക്ലാസ്‌ മണ്ഡലമായി ബിജെപി ലിസ്റ്റിലുള്ള കുന്നമംഗലത്തെ പിറകോട്ടടി പാർടിയിൽ ചർച്ചയാകും. യുഡിഎഫ്‌ സ്ഥാനാർഥിക്ക്‌ വോട്ട്‌ കച്ചവടം നടത്തിയെന്ന ആക്ഷേപവും ഉയർന്നുകഴിഞ്ഞു.

വടകരയിൽ 10,225 വോട്ടാണ്‌ നേടിയത്‌. 3712 വോട്ടിന്റെ കുറവ്‌. കുറ്റ്യാടി 3188, നാദാപുരം 4203, കൊയിലാണ്ടി 4532, ബാലുശേരി 2834, ബേപ്പൂർ 1691, കൊടുവള്ളി 2030, തിരുവമ്പാടി 955 വോട്ടും കുറഞ്ഞു. (ആകെ കുറഞ്ഞത്‌ 28,175) പേരാമ്പ്ര, എലത്തൂർ, കോഴിക്കോട്‌ നോർത്ത്‌, കോഴിക്കോട്‌ സൗത്ത്‌ എന്നിവിടങ്ങളിലാണ്‌ വോട്ടിൽ വർധന. 2016ൽ 13 മണ്ഡലങ്ങളിലുംകൂടി ബിജെപി 2,49,751 വോട്ടാണ്‌ നേടിയത്‌. ഇത്തവണ 2,33,930 വോട്ട്‌ മാത്രം. 15,821 വോട്ടിന്റെ കുറവ്‌. പോൾ ചെയ്‌ത വോട്ടർമാരുടെ എണ്ണം ഇത്തവണ ഗണ്യമായി വർധിച്ചിട്ടും നാല്‌ മണ്‌ഡലങ്ങളിൽ വോട്ട്‌ കൂടിയിട്ടും ബിജെപിക്ക്‌ ജില്ലാതലത്തിൽ നേട്ടമുണ്ടായില്ല.

ബിജെപി വോട്ട്‌ നില - നിയമസഭാ
മണ്ഡലം                              2016                                                              2021

വടകര                                13,937                                                         10,225
കുറ്റ്യാടി                             12,327                                                            9139  
നാദാപുരം                       14,493                                                          10,290
കൊയിലാണ്ടി                 22,087                                                         17,555
പേരാമ്പ്ര                              8561                                                           11,165
ബാലുശേരി                     19,324                                                          16,490
എലത്തൂർ                        29,070                                                          32,010
കോഴിക്കോട്‌ നോർത്ത്‌ 29,860                                                        30,952
കോഴിക്കോട്‌ സൗത്ത്‌   19,146                                                         24,873    
ബേപ്പൂർ                             27,958                                                         26,227
കുന്നമംഗലം                   32,702                                                          27,672
കൊടുവള്ളി                    11,537                                                              9498
തിരുവമ്പാടി                      8749                                                              7794


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top