03 May Monday

ബിജെപി വോട്ടുമറിച്ചില്ലായിരുന്നെങ്കില്‍ കോണ്‍ഗ്രസ് പതനം ഇതിലും വലുതായേനെ: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday May 3, 2021

തിരുവനന്തപുരം> ബിജെപിയും കോണ്‍ഗ്രസും  തെരഞ്ഞെടുപ്പില്‍ വലിയ വോട്ടുകച്ചവടം നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  കോണ്‍ഗ്രസ് -ബിജെപി കൂട്ടുകെട്ടില്‍ വോട്ടുമറിച്ച മണ്ഡലങ്ങളിലെ കണക്കും തിരുവനന്തപുരത്ത് നടന്ന  മീറ്റ് ദ പ്രസില്‍   മുഖ്യമന്ത്രി  മാധ്യമങ്ങളോട് വ്യക്തമാക്കി.

 കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനേക്കാള്‍ വോട്ടുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായപ്പോഴും ബിജെപി വോട്ടകള്‍ കുറഞ്ഞു എന്നത്, പുറമെ കാണുന്നതിനേക്കാള്‍ വലിയ വോട്ട് കച്ചവടം നടന്നു എന്ന് തന്നെയാണ് കാണിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. പത്തോളം സീറ്റുകളില്‍ ബിജെപി  വോട്ട് മറിച്ചതിന്റെ ഭാഗമായി  യുഡിഎഫിന് വിജയിക്കാനായെന്ന് കണക്കുകള്‍ വ്യക്തമക്കുന്നു.അതില്ലായിരുന്നെങ്കില്‍ യുഡിഎഫ് പതനം ഇതിനേക്കാള്‍ വലുതാകുമായിരുന്നു.

ബിജെപി വലിയ നേട്ടമുണ്ടാക്കുന്നുവെന്ന് അവകാശപ്പെടുന്ന ഘട്ടത്തില്‍ കേരളത്തില്‍ ബിജെപിയുടെ വോട്ടിംഗ് ശതമാനത്തില്‍ വലിയ കുറവാണ് സംഭവിച്ചിരിക്കുന്നത്. ഇത് വോട്ടുകച്ചവടത്തിന്റെ ഭാഗമായി യുഡിഎഫിന് പോയെന്ന് വിശദാംശം പരിശോധിച്ചാല്‍ മനസിലാകും.ഈ കൂട്ടുകെട്ടിലൂടെ വിജയിക്കാമെന്ന പ്രതീക്ഷയാണ് യുഡിഎഫിനുണ്ടായിരുന്നത്. മതനിരപേക്ഷതയില്‍ അടിയുറച്ച നാട്  എല്‍ഡിഎഫിനെ പിന്തുണച്ചു. അതിനാലാണ് കച്ചവടത്തിലൂടെ പടുത്തുയര്‍ത്തിയ സ്വപനം തകര്‍ന്നത്.

കുണ്ടറയില്‍ ബിജെപിയുടെ 14,160 വോട്ട് കുറഞ്ഞു. യുഡിഎഫ് ഭൂരിപക്ഷം 4454 ആണ്.  തൃപ്പൂണിത്തുറയില്‍ യുഡിഎഫ് ഭൂരിപക്ഷം 992. ബിജെപയുടെ വോട്ടിലെ കുറവ് 6087. പാലായില്‍ ജോസ് കെ മാണി തോറ്റതും ബിജെപി വോട്ട് മറിച്ചതിനാലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പെരുമ്പാവൂരിലും വോട്ടുകച്ചവടമണ് നടന്നത്. കടുത്തുരുത്തി മണ്ഡലത്തില്‍ 5866 ബിജെപി വോട്ടാണ് കുറഞ്ഞത്. 4256 വോട്ടിനാണ് യുഡിഎഫ് വിജയിച്ചത്.

പാലായില്‍ 13,952 വോട്ടിന്റെ കുറവുണ്ടായി. യുഡിഎഫ് വിജയിച്ചത് ഇതിന്റെ ഭാഗമാണെന്ന് മനസിലാകും. ബിജെപി വോട്ടുകള്‍ യുഡിഎഫിന് ലഭിച്ചിരുന്നില്ലെങ്കില്‍ ഇതിലും വലിയ പതനത്തിലേക്ക് യുഡിഎഫ് എത്തും എന്നത് മനസിലാക്കണം. എന്നാല്‍ വോട്ട് വലിയ തോതില്‍ മറിച്ചിട്ടും എല്‍ഡിഎഫ് വിജയിച്ച മണ്ഡലങ്ങളുണ്ട്. തവനൂരില്‍ ബിജെപിയ്ക്ക്  5887 വോട്ട് കുറവാണ്. എല്‍ഡിഎഫ് 2564 വോട്ടിന് അവിടെ വിജയിച്ചു. കൊയിലാണ്ടിയിലും കുറ്റ്യാടിയിലും ബിജെപി വോട്ടില്‍ കുറവുണ്ടായി. എന്നിട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു.

നേമത്തെ കണക്ക് പഴയ കാര്യം ഒന്നുകൂടി വ്യക്തമാക്കി. 15,925 വോട്ടാണ് ബിജെപിയ്ക്ക് കുറഞ്ഞത്. ഏകദേശം ഇത്രയും വോട്ടുകള്‍ യുഡിഎഫിന് കൂടൂതല്‍ ലഭിച്ചു. കഴിഞ്ഞ തവണത്തെ ബിജെപി  സീറ്റ് കോണ്‍ഗ്രസ് സഹായത്തോടെയാണെന്ന് ഉറപ്പിക്കാന്‍ ഇതിലൂടെ സാധിക്കും.വാമനപുരത്ത് ബിജെപി വോട്ടുകള്‍ കുറഞ്ഞു.എന്നാല്‍ അതും മറികടന്നാണ് എല്‍ഡിഎഫ് വിജയിച്ചത്.

 ഇത്തരം നിരവധി സ്ഥലങ്ങളില്‍ വോട്ട് മറിച്ചിട്ടും എല്‍ഡിഎഫ് ജയിച്ചു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ വോട്ട് അവരുടെ സ്ഥാനാര്‍ഥിക്ക് നല്‍കുന്നില്ല, മറിച്ച് എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ മറിച്ച് കൊടുത്ത് കച്ചവടം നടപ്പാക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top