ആലപ്പുഴ > അസമത്വത്തിനും ചൂഷണത്തിനുമെതിരായ ചെറുത്തുനിൽപ്പിലൂടെ കേരളസമൂഹത്തെ ജനാധിപത്യവൽക്കരിച്ച ഇടതുപക്ഷത്തിന് കരുത്തായി എന്നും പെൺപോരാളികളുണ്ട്. സമരകേരളത്തെ നയിച്ച ആലപ്പുഴ അതിലും മാതൃക. ആദ്യനിയമസഭയിൽ തന്നെ രണ്ട് വനിത എംഎൽഎമാരെ ആലപ്പുഴയിൽനിന്ന് വിജയിപ്പിച്ച് ഭരണസാരഥ്യത്തിലെത്തിക്കാൻ കമ്യൂണിസ്‌റ്റ് പാർടിക്കായി. ഒന്ന് സാക്ഷാൽ കെ ആർ ഗൗരിയമ്മയാണെങ്കിൽ ആദ്യ നിയമസഭയുടെ ഡെപ്യൂട്ടി സ്‌പീക്കറായ കെ ഒ ഐഷാബായിയാണ് അടുത്തയാൾ.60ലും ഇരുവരും വജയിച്ചു.
പുതിയ നിയമസഭയിൽ യു പ്രതിഭയെയും ദലീമയെയും വിജയിപ്പിച്ച സിപിഐ എം ആ ചരിത്രം ആവർത്തിക്കയാണ് മിഴിവോടെ. കായംകുളത്ത് ഐഷാബായിയുടെ പിൻഗാമിയാണ് പ്രതിഭയെങ്കിൽ അരൂരിൽ ഗൗരിയമ്മയുടെ പിൻഗാമിയാണ് ദെലീമ. വലതുപക്ഷത്തിന്റെ കടുത്ത യാഥാസ്ഥിതികത്വത്തെ നേരിട്ടാണ് ഗൗരിയമ്മയും ഐഷാബായിയും ഉയർന്നുവന്നത്. വലതുപക്ഷ കാപട്യങ്ങൾ മറികടന്നാണ് പ്രതിഭയും ദെലീമയും മുന്നേറുന്നത്. തുടർച്ചയായ രണ്ടാം ജയത്തോടെ കായംകുളത്ത് പ്രതിഭ ഇടതുകോട്ട കാത്തപ്പോൾ ദെലീമ അരൂർ തിരികെപ്പിടിച്ചു. പ്രിയങ്കഗാന്ധിയും കെ സി വേണുഗോപാലും അടക്കം കോൺഗ്രസിന്റെ ദേശീയനേതൃത്വം നേരിട്ട് യുഡിഎഫ് പ്രചാരണം നയിച്ചിട്ടും പ്രതിഭയെ തടയാനായില്ല.
തകഴി പഞ്ചായത്ത് പ്രസിഡന്റായും ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും പ്രതിഭ മികവു തെളിയിച്ചിരുന്നു. 2015 മുതൽ ആലപ്പുഴ ജില്ലാപഞ്ചായത്ത് അംഗമായ ദെലീമ നിലവിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റാണ്. പ്രശസ്‌ത പിന്നണിഗായികയായ ദെലീമ സാധാരണക്കാർക്ക് അവരുടെ പ്രതിസന്ധികളിലെന്നും ഇമ്പമേറിയ പാട്ടുപോലെ സാന്ത്വനമാണ്.
1957ൽ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ച് ഡെപ്യൂട്ടി സ്‌പീക്കറായ കെ ഐഷാബായി ഗൗരിയമ്മയ്‌ക്ക് ചേർന്ന സഹപ്രവർത്തകയായിരുന്നു. സ്‌ത്രീവിദ്യാഭ്യാസം വിലക്കുകളേറെ നേരിട്ട അക്കാലത്ത് ഇരുവരും നിയമബിരുദം നേടി. ഗവ. അഷുറൻസ് കമ്മിറ്റി ചെയർപേഴ്സൺ (1961–--63), ദേശീയ, സംസ്ഥാന സോഷ്യൽ വെൽഫെയർ ബോർഡംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. കാർഷിക സാമൂഹ്യപുരോഗതിയിൽ ഗൗരിയമ്മ കൈയൊപ്പു ചാർത്തിയപ്പോൾ സർക്കാർ സർവീസിലടക്കം സ്‌ത്രീകളുടെ മാന്യത ഉറപ്പാക്കിയ നിയമനിർമാണങ്ങളിൽ ഐഷയുടെ പങ്കുണ്ട്. 26–-ാം വയസിലാണ് കായംകുളത്ത് മത്സരിക്കുന്നത്. കമ്യൂണിസ്‌റ്റ് പാർടി നിരോധിക്കപ്പെട്ട 50കളുടെ തുടക്കത്തിലേ മഹിളാസംഘം സംസ്ഥാന വൈസ് പ്രസിഡന്റും പ്രഭാഷകയുമായിരുന്നു. കർഷകസമരത്തിൽ പങ്കെടുത്ത് ഒരുമാസക്കാലം ജയിലിലായി.
1965ലാണ് ഗൗരിയമ്മ അരൂരിൽ ചെങ്കൊടി പാറിച്ചത്. 1967, 1970 വർഷങ്ങളിലും വിജയം ആവർത്തിച്ചു. 1977ൽ സിപിഐയുടെ പി എസ് ശ്രീനിവാസൻ ജയിച്ചു. 1980ൽ വീണ്ടും ഗൗരിയമ്മ. 1982, 1987, 1991 വർഷങ്ങളിൽ വിജയം ആവർത്തിച്ചു. 1996ലും 2001ലും ജെഎസ്എസ് പ്രതിനിധിയായി യുഡിഎഫ് ചേരിയിൽനിന്ന് വിജയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..