കണ്ണൂർ > ഇത് ത്രസിപ്പിക്കുന്ന വിജയഗാഥ. മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരായ കെ കെ ശൈലജയെയും രാമചന്ദ്രൻ കടന്നപ്പള്ളിയെയും വൻ ഭൂരിപക്ഷത്തോടെ വീണ്ടും തെരഞ്ഞെടുത്ത കണ്ണൂർ ജില്ല, പതിനൊന്നിൽ ഒമ്പത് മണ്ഡലങ്ങളും നൽകി എൽഡിഎഫ് തുടർഭരണത്തിനു കരുത്തു പകർന്നു. കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് മട്ടന്നൂരിൽ കെ കെ ശൈലജ തെരഞ്ഞെടുക്കപ്പെട്ടത്.
അഴീക്കോട്( കെ വി സുമേഷ്) മണ്ഡലമാണ് എൽഡിഎഫ് പുതുതായി പിടിച്ചെടുത്തത്. തളിപ്പറമ്പിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദനും തലശേരിയിൽ എ എൻ ഷംസീറും വൻ വിജയം നേടി. ടി ഐ മധുസൂദനൻ(പയ്യന്നൂർ), എം വിജിൻ(കല്യാശേരി), കെ പി മോഹനൻ(കൂത്തുപറമ്പ്) എന്നിവരും തിളക്കമാർന്ന ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു. ഇരിക്കൂർ, പേരാവൂർ മാത്രമാണ് യുഡിഎഫിന്. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. സജീവ് ജോസഫാണ് ഇരിക്കൂറിൽ വിജയം കണ്ടത്. പേരാവൂരിൽ സണ്ണി ജോസഫ് വിജയിച്ചു. പരാജിതരിൽ ബിജെപി ദേശീയ കൗൺസിൽ അംഗം സി കെ പത്മനാഭൻ, കണ്ണൂർ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി എന്നിവർ ഉൾപ്പെടുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എട്ടു സീറ്റ് എൽഡിഎഫിനും മൂന്നെണ്ണം യുഡിഎഫിനുമായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..