ന്യൂഡൽഹി
ഡൽഹിക്ക് അനുവദിച്ച 490 എംടി ഓക്‌സിജൻ എന്തുമാർഗം ഉപയോഗിച്ചും ശനിയാഴ്‌ച തന്നെ എത്തിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ഹൈക്കോടതി. ശനിയാഴ്‌ച ബത്ര ആശുപത്രിയിൽ ഓക്‌സിജൻ കിട്ടാതെ 12രോഗികൾ മരിച്ചിരുന്നു. ‘വീണ്ടും ആളുകള്‍ മരിച്ചിട്ടുണ്ട്. ഞങ്ങൾക്ക് കണ്ണടച്ച് ഇരിക്കാനാകില്ല’–- ജസ്‌റ്റിസുമാരായ വിപിൻ സംഖി, രേഖാപാലി എന്നിവർ അംഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചു. ‘ഡൽഹിക്കും ദേശീയ തലസ്ഥാന മേഖലയ്‌ക്കും (എൻസിആർ) പ്രതിദിനം 490 എംടി ഓക്‌സിജൻ ഏപ്രിൽ 20 മുതൽ അനുവദിക്കാമെന്ന് കേന്ദ്രസർക്കാർ വാഗ്‌ദാനം ചെയ്‌തെങ്കിലും ഒറ്റദിവസം പോലും ഇത്രയും കിട്ടിയിട്ടില്ല. ഇനിയും ഇത് കണ്ടു നിൽക്കാനാകില്ല’–- ജസ്‌റ്റിസ് വിപിൻ സംഖി പൊട്ടിത്തെറിച്ചു.
490 എംടി ഓക്‌സിജൻ ശനിയാഴ്‌ച നൽകിയില്ലെങ്കിൽ ബന്ധപ്പെട്ട അധികൃതർ തിങ്കളാഴ്‌ച കോടതി മുമ്പാകെ ഹാജരാകണമെന്നും കോടതി കൂട്ടിച്ചേർത്തു. ഡൽഹിയിലെ സാഹചര്യങ്ങൾ വളരെ മോശമാണെന്ന് ഡൽഹി സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാഹുൽ മെഹ്‌റ വാദിച്ചു.
അനുവദനീയമായ ഓക്‌സിജൻ ഓരോദിവസവും കിട്ടിയില്ലെങ്കിൽ വലിയ ദുരന്തങ്ങൾക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..