02 May Sunday

ചരിത്രമെഴുതി വിപ്ലവഭൂമി; ആലപ്പുഴയിൽ ഒമ്പതിൽ എട്ടും എൽഡിഎഫിന്‌

വെബ് ഡെസ്‌ക്‌Updated: Sunday May 2, 2021

ആലപ്പുഴ > ചരിത്രം ആവർത്തിച്ച്‌ പുന്നപ്ര –- വയലാർ വിപ്ലവഭൂമി. ജില്ലയിലെ ഒമ്പത്‌ സീറ്റിൽ എട്ടിടത്തും എൽഡിഎഫിന്‌ തിളക്കമാർന്ന ജയം. 2019 ലെ ഉപതെരഞ്ഞെടുപ്പിൽ കൈവിട്ടുപോയ അരൂർ കൂടി തിരിച്ചുപിടിച്ചതോടെ ഫലം 2016 ലെ തനിയാവർത്തനമായി. പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല മത്സരിച്ച ഹരിപ്പാട്‌ മാത്രമാണ്‌ യുഡിഎഫിന്‌ നിലനിർത്താനായത്‌. അവിടെയും ഭൂരിപക്ഷം- കുറഞ്ഞു.

ആലപ്പുഴ, അമ്പലപ്പുഴ, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, കുട്ടനാട്, അരൂർ, ചേർത്തല മണ്ഡലങ്ങളിലാണ്‌ എൽഡിഎഫ്‌ വിജയിച്ചത്‌. സിറ്റിങ്‌ എംഎൽഎമാരായ സജി ചെറിയാനും യു പ്രതിഭയും മണ്ഡലങ്ങൾ നിലനിർത്തി. യുഡിഎഫിലെ സിറ്റിങ്‌ എംഎൽഎ ഷാനിമോൾ ഉസ്‌മാനെ അട്ടിമറിച്ചാണ്‌  പുതുമുഖമായ ദലീമ അരൂർ തിരിച്ചുപിടിച്ചത്‌. പി പി ചിത്തരഞ്ജൻ,  എച്ച്‌ സലാം, എം എസ്‌ അരുൺകുമാർ, തോമസ്‌ കെ തോമസ്‌ എന്നീ പുതുമുഖ ജനനായകരും ആലപ്പുഴ ജില്ലയിൽ നിന്ന്‌ നിയമസഭയിലേക്ക്‌. ചേർത്തലയിൽ വിജയം കണ്ട പി പ്രസാദ്‌ കഴിഞ്ഞ തവണ രമേശ്‌ ചെന്നിത്തലയോട്‌ പരാജയപ്പെട്ടിരുന്നു.

മുതിർന്ന നേതാക്കളും മന്ത്രിമാരുമായ ഡോ. തോമസ്‌ ഐസക്‌ , ജി സുധാകരൻ, പി തിലോത്തൻ എന്നിവർ മത്സരരംഗത്തുനിന്നു മാറിയതോടെ മാധ്യമ ചർച്ചകളിൽ നിറഞ്ഞ മണ്ഡലങ്ങളിൽ ഉജ്വല വിജയം നേടാനായത്‌ എൽഡിഎഫിന്റെ മികച്ച സംഘടനാ പാടവത്തിന്റെ വിജയം കൂടിയായി. വനിതാ മത്സരത്തിലൂടെ ശ്രദ്ധേയമായ കായംകുളത്തെയും അരൂരിലെയും എൽഡിഎഫ്‌ വിജയവും ശ്രദ്ധേയമായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top