ന്യൂഡൽഹി
ബംഗാളിൽ മൂന്നാം വട്ടവും തൃണമൂൽ കോൺഗ്രസ് അധികാരത്തിൽ. തമിഴ്‌നാട്ടിൽ 10 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം ഡിഎംകെ സഖ്യം അധികാരം തിരിച്ചുപിടിച്ചു. അസമിൽ ബിജെപി അധികാരം നിലനിർത്തിയപ്പോൾ പുതുച്ചേരിയിൽ എൻആർ കോൺഗ്രസ് സഖ്യം മുന്നില്‍.
കേന്ദ്രാധികാരം ഉപയോഗിച്ചും പണമൊഴുക്കിയും വർഗീയ ധ്രുവീകരണം തീവ്രമാക്കിയും ബംഗാളിൽ അധികാരം പിടിക്കാനുള്ള ബിജെപിയുടെ നീക്കം പൂർണമായും പാളി. രണ്ടുവർഷംമുമ്പ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കാഴ്‌ചവച്ച പ്രകടനത്തിലേക്കുപോലുമെത്താൻ ബിജെപിക്കായില്ല. നന്ദിഗ്രാമിൽ മുഖ്യമന്ത്രി മമതാ ബാനർജിയെ സുകേന്ദു അധികാരി തോൽപ്പിച്ചത് മാത്രമായി ആശ്വാസം. വീണ്ടും വോട്ടെണ്ണണമെന്ന് മമത ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ 2016 നേക്കാൾ കൂടുതൽ സീറ്റുപിടിക്കാന്‍ തൃണമൂലിനായി. ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലുള്ള സംയുക്ത മോർച്ചയ്‌ക്ക് ജയിക്കാനായില്ല.
തമിഴ്‌നാട്ടിൽ ഡിഎംകെ സഖ്യം പൂർണാധിപത്യം നേടി. ജയലളിതയുടെ അഭാവത്തിലുള്ള ആദ്യ തെരഞ്ഞെടുപ്പിൽ 85 സീറ്റിൽ എഐഎഡിഎംകെ സഖ്യം ഒതുങ്ങി. കരുണാനിധിക്കുശേഷം നേതൃത്വം ഏറ്റെടുത്ത എം കെ സ്‌റ്റാലിൻ ഡിഎംകെ മുന്നണിയെ മികച്ച വിജയത്തിലേക്ക് നയിച്ചു. കമലഹാസന്റെ മക്കൾ നീതി മയ്യവും ടിടിവി ദിനകരന്റെ എഎംഎംകെയും പൂർണമായും നിരാശപ്പെടുത്തി. കമൽഹാസൻ തോറ്റു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായി അസമില്‍ അലയടിച്ച ജനവികാരത്തെ തെരഞ്ഞെടുപ്പ് നേട്ടമാക്കാൻ കോൺഗ്രസ് സഖ്യത്തിനായില്ല. പൗരത്വ നിയമത്തിനെതിരായി നിലപാടെടുത്ത എല്ലാ പാർടിയെയും യോജിപ്പിച്ച് ബിജെപിക്കെതിരായി അണിനിർത്തുന്നതിൽ കോൺഗ്രസിനായില്ല. അസമിൽ സോർഭോഗ് മണ്ഡലത്തിൽ സിപിഐ എം സ്ഥാനാർഥി മനോരഞ്ജൻ താലൂക്ക് ധാർ വിജയിച്ചു. പുതുച്ചേരിയില്‍ എൻആർ കോൺഗ്രസ് സഖ്യം മുന്നിലെത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..