കൽപ്പറ്റ> തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിജെപി നേതൃത്വം വേണ്ടത്ര ഫണ്ട് നൽകിയില്ലെന്നും പ്രചാരണത്തിൽ സഹകരിച്ചില്ലെന്നും പരാതിയുമായി സുൽത്താൻ ബത്തേരിയിലെ എൻഡിഎ സ്ഥാനാർഥി സി കെ ജാനു. ജാനു അധ്യക്ഷയായ ജനാധിപത്യ രാഷ്ട്രീയ പാർടിയുടെ (ജെആർപി) സംസ്ഥാന കമ്മിറ്റി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് പരാതി നൽകിയത്. മണ്ഡലത്തിലെ പ്രചാരണത്തിനെത്തിച്ച ഒരു കോടി രൂപ ബിജെപിയിലെ ചിലർ തട്ടിയെടുത്തിട്ടുണ്ടെന്ന് ജെആർപി വൃത്തങ്ങൾ പറഞ്ഞു.
അതേസമയം കൊടകര കുഴൽപ്പണ കവർച്ചയുമായും വയനാട്ടിലെ ഫണ്ട് വിവാദത്തിന് ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു. വയനാട്ടിൽ ഒരുകോടി കൈമാറിയ ശേഷമാണ് സംഘം പണവുമായി തൃശൂരിൽ എത്തിയതെന്ന സൂചനകളാണ് പൊലീസിന് ലഭിച്ചത്.
ബിജെപി ജില്ലാ നേതൃത്വത്തിനെതിരെ കടുത്ത വിമർശമാണ് സി കെ ജാനു പരാതിയിൽ ഉന്നയിച്ചത്. പ്രചാരണത്തിൽ മനഃപൂർവം വീഴ്ചവരുത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ വോട്ട് ഗണ്യമായി കുറയും. തുടക്കം മുതൽ ജില്ലാ നേതൃത്വം നിസ്സഹകരിച്ചു.
കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ പ്രചാരണത്തിനെത്തിയിട്ടും ഗുണം ലഭിച്ചില്ല. ജില്ലയിലെ പ്രധാന വിഷയങ്ങൾ ഉൾപ്പെടുത്തി പ്രചാരണം നടത്തിയില്ല. ജെആർപിയുടെ രണ്ട് സംസ്ഥാന സെക്രട്ടറിമാരെ ബിജെപി ഏർപ്പാടാക്കിയ വാഹനത്തിൽനിന്ന് ഇറക്കിവിട്ട് അപമാനിച്ചു. രാഷ്ട്രീയ പാർടി എന്ന നിലയിൽ തങ്ങളുടെ ആത്മാഭിമാനത്തെ മുറിവേൽപ്പിക്കുന്നതും നിലനിൽപ്പിനെ ബാധിക്കുന്നതുമായ ഇടപെടലുകളാണുണ്ടായത്. ബിജെപിയെ സംബന്ധിച്ച് ദളിത് വിരുദ്ധർ എന്ന ലേബൽ ഊട്ടിയുറപ്പിക്കുന്നതാണിതെന്നും പരാതിയിൽ പറഞ്ഞിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..