പെരിങ്ങോം> കേരളത്തിൽ എൽഡിഎഫ് തുടർഭരണം രാജ്യത്തെ ഇടതുപക്ഷക്കാർ മാത്രമല്ല, ലോകത്തെങ്ങുമുള്ള മലയാളികൾ ഉറ്റുനോക്കുകയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ. കേരളത്തിലെ വിജയം ത്രിപുരയും പശ്‌ചിമ ബംഗാളുമുൾപ്പെടെ ഇന്ത്യയിലാകെ ഇടതുപക്ഷത്തിന് പുതിയ കുതിപ്പുനൽകുമെന്നും അദ്ദേഹം പറഞ്ഞു. മുനയൻകുന്ന് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി അനുസ്‌മരണ പ്രഭാഷണം ഓൺലൈനായി നിർവഹിക്കുകയായിരുന്നു കോടിയേരി.
മുനയൻകുന്നിലേതടക്കം എണ്ണമറ്റ പോരാട്ടങ്ങളിലൂടെ ജനങ്ങളിൽ രൂപപ്പെട്ട സാമൂഹ്യബോധവും രാഷ്‌ട്രീയബോധവുമാണ് കമ്യൂണിസ്‌റ്റ് പ്രസ്ഥാനത്തിന് കരുത്തായത്. 1948ൽ നിരോധിക്കപ്പെട്ട പാർടി ’52ലെ ആദ്യ പൊതുതെരഞ്ഞെടുപ്പിൽ തന്നെ ലോക്‌സഭയിലെ മുഖ്യപ്രതിപക്ഷമായി മാറി. കേരളത്തിൽ 57ൽ നടന്ന ആദ്യനിയമസഭാ തെരഞ്ഞെടുപ്പിൽ കമ്യൂണിസ്‌റ്റ് പാർടി അധികാരത്തിലെത്തി. കേരളത്തിന്റെ സാമൂഹ്യഘടനയിൽ ഇത് വലിയ മാറ്റം വരുത്തി.
ജന്മി–- നാടുവഴിത്തത്തിന്റെ വേരറുക്കാനുള്ള നടപടികൾക്കാണ് ഇ എം എസ് സർക്കാർ ആദ്യപരിഗണന നൽകിയത്. 32 ലക്ഷം കുടികിടപ്പുകാർക്ക് ഭൂമിയിൽ അവകാശം നൽകിയ ഭൂപരിഷ്‌കരണ നടപടികൾ ഇതിന്റെ ഭാഗമായിരുന്നു. ജന്മിത്തത്തിനും നാടുവാഴിത്തത്തിനും പകരം കോർപ്പറേറ്റുകളുമായി ചേർന്നുകൊണ്ടുള്ള മുതലാളിത്ത ചൂഷണമാണ് ഇന്നത്തെ ഏറ്റവും വലിയ വെല്ലുവിളി. മുതലാളിത്ത വ്യവസ്ഥയുടെ എല്ലാ തിന്മകളും നമ്മൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു. കോവിഡ് വാക്‌സിൻ പോലും ലാഭത്തിനുള്ള ഉപാധിയാക്കി മാറ്റിയിരിക്കയാണ് മുതലാളിത്തം. മോഡി സർക്കാർ അതിന് അവസരമുണ്ടാക്കിക്കൊടുത്തുവെന്നും കോടിയേരി പറഞ്ഞു.
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി ഐ മധുസൂദനൻ അധ്യക്ഷനായി. പെരിങ്ങോം ഏരിയാ സെക്രട്ടറി സി സത്യപാലൻ സ്വാഗതം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..