കൊച്ചി
വൈഗ കൊലക്കേസില്‍ തെളിവെടുപ്പ് പൂര്‍ത്തിയായി. കൊലയ്‌ക്കുമുമ്പ് വൈഗയുമായി ആലപ്പുഴയില്‍നിന്ന് കൊച്ചിയിലേക്ക് സനു മോഹൻ യാത്ര ചെയ്യുന്നതിനിടെ ഭക്ഷണം കഴിക്കാനിറങ്ങിയ തുറവൂരിലെ ഹോട്ടലിലായിരുന്നു വെള്ളിയാഴ്ചത്തെ തെളിവെടുപ്പ്. പകൽ 11.30ന് സനു മോഹനെ അന്വേഷണസംഘം തെളിവെടുപ്പിനായി ഹോട്ടലില്‍ എത്തിച്ചു.
മൊഴികളിലെ വൈരുധ്യം പരിഹരിക്കാൻ മൊഴി നല്‍കിയവരുടെ സാന്നിധ്യത്തില്‍ സനു മോഹനെ വീണ്ടും ചോദ്യംചെയ്യും. ഇയാൾ സഞ്ചരിച്ചിരുന്ന കാര്‍ പരിശോധിച്ച ഫോറന്‍സിക് വിഭാഗത്തിന്റെ റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ല. കാറിനുള്ളില്‍ കണ്ട രക്തക്കറ വൈഗയുടെതാണെന്ന് ഉറപ്പിക്കുന്നതിനാണ് ഫോറന്‍സിക് വിഭാഗം പരിശോധന നടത്തുന്നത്. മൃതദേഹം മുട്ടാര്‍ പുഴയിലിടാനായി കൊണ്ടുപോയത് ഈ വാഹനത്തിലാണ്. കൊലപാതകത്തിനുശേഷം സംസ്ഥാനം വിട്ട സനു മോഹന്‍ കാര്‍ വിറ്റു. വാങ്ങിയവര്‍ ഷാംപു വാഷ് ചെയ്തതോടെ രക്തക്കറ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ഇല്ലാതായി. എന്നാല്‍, ഫോറന്‍സിക് വിഭാഗത്തിന്റെ വിശദമായ പരിശോധനയില്‍ കാറിന്റെ പിന്‍സീറ്റില്‍നിന്ന് രക്തക്കറ കണ്ടെത്തി. കേസിനെ സംബന്ധിച്ച് ഇത് ഏറെ നിര്‍ണായകമാണ്.
മുംബൈയിൽ മൂന്നുകോടി രൂപയുടെ സാമ്പത്തിക തട്ടിപ്പു നടത്തിയ കേസിലും പ്രതിയായ സനു മോഹനെ വിട്ടുകിട്ടാൻ മുംബൈ പൊലീസ് തൃക്കാക്കര ജെഎഫ്‌സിഎം കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. മെയ് മൂന്നിന് ഇപ്പോഴത്തെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതോടെ മുംബൈ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..