01 May Saturday
സ്‌റ്റോക്കുള്ളത്‌ 3.12 ലക്ഷം ഡോസ്‌, ചീഫ്‌ സെക്രട്ടറി കേന്ദ്രത്തിന്‌ കത്തയച്ചു

വാക്സിൻ ദൗർലഭ്യം തുടരുന്നു ; 18ന്‌ മുകളിലുള്ളവർക്കുള്ള വാക്സിനേഷൻ പ്രതിസന്ധിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday May 1, 2021


തിരുവനന്തപുരം
വാക്സിൻ ദൗർലഭ്യം ഗുരുതരമായതോടെ ശനിയാഴ്ച ആരംഭിക്കേണ്ട 18 വയസ്സിന്‌ മുകളിലുള്ളവരുടെ വാക്സിനേഷൻ മുടങ്ങി. പല സംസ്ഥാനങ്ങളിലും ഈ വിഭാഗത്തിനുള്ള വിതരണം ആരംഭിച്ചിട്ടില്ല. ശനിയാഴ്ച   3.12 ലക്ഷം ഡോസ്‌  മാത്രമാണ്‌ സംസ്ഥാനത്ത്‌ സ്‌റ്റോക്കുള്ളത്‌. 1.26 ലക്ഷം കോവാക്സിനും 1.85 ലക്ഷം  കോവിഷീൽഡും.

രണ്ടാം ഡോസുകാർക്ക്‌ മുൻഗണന നൽകുന്നതിനാൽ സ്‌റ്റോക്കുള്ളതിന്റെ ഭൂരിഭാഗം അവർക്കായി നൽകേണ്ടിവരും. ശനിയാഴ്ച യുവജനങ്ങൾക്കുള്ള വാക്സിൻ വിതരണം ആരംഭിക്കുമെന്ന കേന്ദ്ര നിർദേശമുണ്ടായിരുന്നെങ്കിലും നടപടിയുണ്ടായില്ല. തുടർന്ന്‌, കേരളത്തിന് ആവശ്യമുള്ള വാക്സിൻ അടിയന്തരമായി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ഡോ. വി പി ജോയി കേന്ദ്ര ആരോഗ്യ സെക്രട്ടറിക്ക് വെള്ളിയാഴ്ച കത്തയച്ചു. 50 ലക്ഷം ഡോസ് കോവിഷീൽഡും 25 ലക്ഷം ഡോസ് കോവാക്സിനുമാണ്‌ ആവശ്യപ്പെട്ടത്‌. ഇത്‌ രണ്ടാം തവണയാണ്‌ വാക്സിൻ ആവശ്യപ്പെട്ട്‌ കേന്ദ്രത്തിന്‌ കത്തയക്കുന്നത്‌.

വിതരണം ഇനിയും 
വൈകും: മുഖ്യമന്ത്രി
18 വയസ്സിനുശേഷമുള്ളവർക്കുള്ള വാക്സിനേഷൻ അൽപ്പദിവസംകൂടി വൈകുമെന്ന്‌ മുഖ്യമന്ത്രി. നിർമാതാക്കളിൽനിന്ന്‌ വാക്സിൻ വാങ്ങുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. അതുകൊണ്ട് 18ന്‌ മുകളിലുള്ള എല്ലാവർക്കും വാക്സിൻ ഉടൻ നൽകാനാകില്ല. ഇതു മനസ്സിലാക്കി വാക്സിൻ കേന്ദ്രങ്ങളിൽ തിരക്കുണ്ടാകാതെ നോക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ മെയ് 30നുള്ളിൽ 45 വയസ്സിനു മുകളിലുള്ള ആളുകൾക്ക് വാക്സിൻ നൽകാനായിരുന്നു തീരുമാനം. എന്നാൽ, ആവശ്യമായ വാക്സിൻ ലഭിച്ചിട്ടില്ല. സംസ്ഥാനത്ത്‌ ഇതുവരെ  74 ലക്ഷത്തിൽപ്പരം ഡോസ്‌ വിതരണം ചെയ്‌തെങ്കിലും മെയ് 30-നുള്ളിൽ തീർക്കാൻ ലക്ഷ്യമിട്ടതിന്റെ  പകുതിപോലുമായില്ല. അതിനാൽ കൂടുതൽ വാക്സിൻ ലഭ്യമാക്കാൻ വേണ്ട നടപടികൾ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന്‌ ഉടനുണ്ടാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top