01 May Saturday

ബാഴ്‌സയ്‌ക്ക്‌ ഗ്രനഡ ആക്രമണം ; കിരീടപ്പോരിൽ ബാഴ്‌സയ്‌ക്ക്‌ തിരിച്ചടി

വെബ് ഡെസ്‌ക്‌Updated: Saturday May 1, 2021


നൗകാമ്പ്‌
സ്‌പാനിഷ്‌ ലീഗ്‌ ഫുട്‌ബോളിൽ കിരീടത്തിലേക്ക്‌ അടുക്കാനുള്ള ബാഴ്‌സലോണയുടെ സ്വപ്‌നങ്ങൾക്ക്‌ കനത്ത തിരിച്ചടി. ഗ്രനഡയോട്‌ 1–-2ന്‌ തോറ്റതോടെ മൂന്നാം സ്ഥാനത്ത്‌ തുടരുകയാണ്‌ ബാഴ്‌സ. ജയിച്ചിരുന്നെങ്കിൽ അത്‌ലറ്റികോ മാഡ്രിഡിനെ പിന്തള്ളി ഒന്നാമതെത്താമായിരുന്നു. അത്‌ലറ്റികോ –-73, റയൽ മാഡ്രിഡ്‌ –-71, ബാഴ്‌സ –-71, സെവിയ്യ –-70 എന്നിങ്ങനെയാണ്‌ നിലവിലെ പോയിന്റ്‌ നില. അഞ്ച്‌ മത്സരം ബാക്കി.

നൗകാമ്പിൽ അപ്രതീക്ഷിതമായിരുന്നു ബാഴ്‌സയുടെ തോൽവി. ലയണൽ മെസിയുടെ ഗോളിൽ മുന്നിലെത്തിയ ബാഴ്‌സ അവസാനഘട്ടത്തിൽ പ്രതിരോധപ്പിഴവിലൂടെ ഗോൾ വഴങ്ങുകയായിരുന്നു. ഡാർവിൻ മാച്ചിസും പകരക്കാരൻ ഹോർജെ മൊളിനയും ഗ്രനഡയ്‌ക്കായി ഗോളടിച്ചു.

തോൽവിയോടെ ഞായറാഴ്‌ച അത്‌ലറ്റികോയുമായുള്ള മത്സരം ബാഴ്‌സയ്‌ക്ക്‌ നിർണായകമായി.ഗ്രനഡയ്‌ക്കെതിരെ കളി പൂർണമായും ബാഴ്‌സയുടെ നിയന്ത്രണത്തിലായിരുന്നു. മെസിയും ഒൺടോയ്‌ൻ ഗ്രീസ്‌മാനും നിരവധിതവണ ഗ്രനഡ ഗോൾമുഖത്തെത്തി. മധ്യനിരയിൽ സെർജിയോ ബുസ്‌ക്വെറ്റ്‌സും തകർത്തുകളിച്ചു. അരമണിക്കൂർ തികയുംമുമ്പ്‌ ബാഴ്‌സ ലീഡ്‌ നേടി. ഗ്രീസ്‌മാൻ ഒരുക്കിയ അവസരത്തിൽ മെസി ലക്ഷ്യം കണ്ടു. തുടർന്ന്‌ ഗ്രീസ്‌മാന്‌ തുറന്ന അവസരം കിട്ടിയെങ്കിലും ഈ ഫ്രഞ്ചുകാരൻ അത്‌ പുറത്തേക്കടിച്ചുകളഞ്ഞു.

രണ്ടാംപകുതിയിൽ ഗ്രനഡയുടെ പ്രത്യാക്രമണം ബാഴ്‌സയുടെ പ്രതിരോധത്തിൽ വിള്ളൽ വീഴ്‌ത്തി. ലോങ്‌ ക്രോസ്‌ പിടിച്ചെടുക്കാനുള്ള ബാഴ്‌സ പ്രതിരോധക്കാരൻ ഓസ്‌കാർ മിൻഗ്വേസയുടെ ശ്രമം പിഴച്ചപ്പോൾ പന്ത്‌ കിട്ടിയത്‌ മാച്ചിസിന്‌. ബാഴ്‌സ ഗോൾ കീപ്പർ മാർക്‌ ആന്ദ്രേ ടെർസ്‌റ്റെയ്‌ഗന്‌ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. രണ്ടാമത്തെ ഗോൾ കളി തീരാൻ 11 മിനിറ്റ് ശേഷിക്കെയായിരുന്നു. ഗോൾമുഖത്തേക്കുള്ള ക്രോസിൽ മൊളിന തലവയ്‌ക്കുമ്പോൾ ബാഴ്‌സ പ്രതിരോധം ചിത്രത്തിലേ ഉണ്ടായിരുന്നില്ല. പതിനഞ്ച്‌ ഷോട്ടുകളാണ്‌ ബാഴ്‌സ തൊടുത്തത്‌. ഒരെണ്ണം മാത്രം ലക്ഷ്യം കണ്ടു. മറുവശത്ത്‌ ഗ്രനഡ അഞ്ച്‌ ഷോട്ടുകൾ പായിച്ചു. അതിൽ രണ്ടെണ്ണം വലയിൽ കയറി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top