ന്യൂഡൽഹി
ഇഎസ്‌ഐ ഗുണഭോക്താക്കൾക്കോ കുടുംബാംഗങ്ങൾക്കോ കോവിഡ്- ബാധിച്ചാൽ ഇഎസ്‌ഐസിയുടെ പ്രത്യേക കോവിഡ് ആശുപത്രികളിൽ ചികിൽസ സൗജന്യമായിരിക്കുമെന്ന് തൊഴിൽ മന്ത്രാലയം. നിലവിൽ നേരിട്ട് നടത്തുന്ന 21 ഇഎസ്ഐസി ആശുപത്രിയിൽ 3676 ഐസൊലേഷൻ, 229 ഐസിയു, 163 വെന്റിലേറ്റർ കിടക്കകളുണ്ട്. കൂടാതെ, ഇഎസ്ഐസി പദ്ധതിപ്രകാരം സംസ്ഥാന സർക്കാരുകൾ നടത്തുന്ന 26 കോവിഡ് ആശുപത്രിയിൽ 2023 കിടക്ക ലഭ്യമാണ്. ഓരോ ഇഎസ്ഐസി ആശുപത്രിയും കിടക്കകളുടെ ആകെ ശേഷിയുടെ കുറഞ്ഞത് 20 ശതമാനം കോവിഡ് ചികിൽസയ്‌ക്ക് മാറ്റിവയ്‌ക്കണം.
ഗുണഭോക്താക്കൾക്ക് റഫറൽ കത്ത് ഇല്ലാതെ നേരിട്ട് ഇഎസ്ഐ അനുബന്ധ ആശുപത്രിയിൽ അടിയന്തര വൈദ്യചികിത്സ തേടാം. ഏതെങ്കിലും സ്വകാര്യസ്ഥാപനത്തിൽ കോവിഡ് ചികിത്സതേടുകയാണെങ്കിൽ, ചെലവുകളുടെ തുക ക്ലെയിം ചെയ്യാം. ഇൻഷ്വർചെയ്‌തയാൾ കോവിഡ്- ബാധിച്ച് ജോലിയിൽനിന്ന് വിട്ടുനിൽക്കുന്ന കാലയളവിലെ അസുഖ ആനുകൂല്യങ്ങൾ ക്ലെയിം ചെയ്യാം. ശരാശരി ദിവസ വേതനത്തിന്റെ 70 ശതമാനമാണ് അസുഖ ആനുകൂല്യമായി 91 ദിവസംവരെ നൽകുക.
ഇഎസ്‌ഐ ഗുണഭോക്താവ് തൊഴിൽരഹിതനായാൽ പ്രതിദിന വേതനത്തിന്റെ ശരാശരി 50ശതമാനം നിരക്കിൽ പരമാവധി 90 ദിവസത്തേക്ക് അടൽ ബീമിത് വ്യക്തി കല്യാൺ യോജന (എബിവികെവൈ) പ്രകാരം ധനസഹായംലഭിക്കും. ഇതിന് ഗുണഭോക്താവിന് ഓൺലൈൻ വഴി www.esic.in -ൽ ക്ലെയിം സമർപ്പിക്കാം.
തൊഴിൽസ്ഥാപനം അടച്ചുപൂട്ടി തൊഴിൽരഹിതനാകുന്ന ഗുണഭോക്താവിന് ആർജിഎസ്‌കെവൈ പ്രകാരം രണ്ടുവർഷത്തേക്ക് വരെ തൊഴിലില്ലായ്മ അലവൻസ് ക്ലെയിം ചെയ്യാം. ഗുണഭോക്താവ് മരിച്ചാൽ കുടുംബത്തിലെ മുതിർന്ന അംഗത്തിന് ശവസംസ്കാരച്ചെലവ് ഇനത്തിൽ 15,000 രൂപ നൽകുമെന്നും തൊഴിൽ മന്ത്രാലയം അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..