30 April Friday
കുഴൽപ്പണം തട്ടിയവരിൽ 
ആർഎസ്‌എസ്‌ ഉന്നതരും

കുഴൽപ്പണക്കവർച്ച : മുഖ്യപ്രതിയും സഹായിയും പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Apr 30, 2021


തൃശൂർ
ബിജെപി നേതാക്കൾക്ക്‌ ബന്ധമുള്ള  കൊടകരയിലെ മൂന്നരക്കോടി രൂപയുടെ കുഴൽപ്പണക്കവർച്ചക്കേസിൽ  മുഖ്യപ്രതിയും  സഹായിയും  അറസ്റ്റിൽ.  കവർച്ച ആസൂത്രണം ചെയ്‌ത കണ്ണൂർ സ്വദേശി  മുഹമ്മദ് അലി (അലിസാജ്), സഹായി കോഴിക്കോട്‌ സ്വദേശി അബ്ദുൾ റഷീദ് എന്നിവരെയാണ് അന്വേഷകസംഘം പിടികൂടിയത്. മുഹമ്മദലി ഒന്നാം പ്രതിയും അബ്ദുൾറഷീദ്‌ 11-ാം പ്രതിയുമാണ്‌. കണ്ണൂരിലെ ഒളിത്താവളത്തിൽ നിന്ന്‌ പിടികൂടിയ ഇവരെ വിശദമായി ചോദ്യം ചെയ്‌തുവരികയാണ്‌. ക്വട്ടേഷൻ സംഖ്യയായി ഇരുവർക്കും ലഭിച്ച ലഭിച്ച 10 ലക്ഷം രൂപ  ചെലവഴിച്ചതായി ഇവർ മൊഴി നൽകി. ചോദ്യം ചെയ്യൽ തുടരുകയാണ്‌. 

കേസിൽ  പത്തുപ്രതികളാണ്‌ ഇതുവരെ അറസ്‌റ്റിലായത്‌.  മുഹമ്മദലിയാണ്‌ കവർച്ച ആസൂത്രണം ചെയ്‌തതെന്നാണ്‌ വിവരം. പണം നഷ്ടപ്പെട്ടെന്ന്‌ പരാതി നൽകിയ ധർമരാജിന്റെ ഡ്രൈവർ  ഷംജീറിന്റെ  സഹായിയാണ് അബ്ദുൾ റഷീദ്. ഇയാളാണ് വിവരങ്ങൾ മുഹമ്മദലിക്ക് ചോർത്തി നൽകിയത്‌.  മറ്റ് പ്രതികൾ കൊടൈക്കനാലിലേക്ക് കടക്കാൻ പദ്ധതിയിട്ടിരുന്നു. ഈ  വിവരം ലഭിച്ചതിനെത്തുടർന്നുള്ള അന്വേഷണത്തിലാണ് ഇരുവരും കുടുങ്ങിയത്. മുഖ്യ പ്രതികളായ അഞ്ചുപേരെ കണ്ടെത്താൻ ലുക്കൗട്ട്‌ നോട്ടീസ്‌ പുറത്തിറക്കിയിരുന്നു.

കോഴിക്കോട് നിന്ന് കൊച്ചിയിലേക്ക് കാറിൽ കൊണ്ടു പോവുകയായിരുന്ന  25 ലക്ഷം കവർന്നുവെന്നാണ്‌ പണം നഷ്ടപ്പെട്ട  ധർമരാജ്  കൊടകര പൊലീസിൽ പരാതി നൽകിയത്‌. എന്നാൽ ബിജെപിയുടെ തെരഞ്ഞെടുപ്പിനുള്ള കുഴൽപ്പണമായ മൂന്നരക്കോടിയാണ്‌  തട്ടിയെടുത്തതെന്ന്‌  വിവരം പുറത്തുവന്നു.സംശയം തോന്നി പരാതിക്കാരനെ  ചോദ്യംചെയ്‌തപ്പോൾ പരസ്‌പരവൈരുധ്യമുണ്ടായി. ഇയാൾ ആർഎസ്‌എസ്സുകാരനാണെന്നും വ്യക്തമായി. ഇയാൾക്ക്‌ പണം കൊടുത്തത്‌ ബിജെപി ഉന്നതനേതാക്കളുമായി ബന്ധമുള്ള യുവമോർച്ച നേതാവാണെന്നും പൊലീസ്‌ സ്ഥിരീകരിച്ചു.

കുഴൽപ്പണം തട്ടിയവരിൽ 
ആർഎസ്‌എസ്‌ ഉന്നതരും
തെരഞ്ഞെടുപ്പാവശ്യത്തിനെത്തിച്ച കുഴൽപ്പണം കവർന്ന കേസിൽ ബിജെപി നേതാക്കൾക്ക്‌ പുറമെ ആർഎസ്‌എസ്‌ ഉന്നതർക്കും നേതാക്കൾക്കും  ബന്ധം.  കുമ്മനം രാജശേഖരൻ പ്രസിഡന്റായപ്പോൾ രൂപീകരിച്ച കോക്കസാണ് തെരഞ്ഞെടുപ്പ്‌ ഫണ്ട്‌ കൈകാര്യം ചെയ്യുന്നത്‌.  ആർഎസ്എസ് ഫണ്ട് കൈകാര്യംചെയ്യുന്ന കൊച്ചിയിലെ വ്യാപാര പ്രമുഖരും  ഇതിന്റെ  ഭാഗമാണ്‌. വൻവ്യവസായികളിൽനിന്ന്‌ പണം  നേരത്തെ കൈപ്പറ്റി തിരിമറിനടത്തും, പിന്നീട്‌ കേരളത്തിന്‌ പുറത്ത്‌ എവിടെയെങ്കിലുംവച്ച്‌  ഒത്തുതീർക്കും. ഇതിനിടെ കോടികൾ‌ ഇടനിലക്കാർ മുഖാന്തരം നേതാക്കളുടെ പോക്കറ്റിലുമെത്തും. കോഴിക്കോട്ടെ ബിജെപി നേതാക്കളായ ധർമരാജനെയും സുനിൽ നായിക്കിനെയും കുഴൽപ്പണം തട്ടാൻ ഏൽപ്പിച്ചത് ആർഎസ്എസ് ചുമതലപ്പെടുത്തിയ  ബിജെപി  നേതാവാണ്. ഇതിന്‌ നിശ്ചിത ശതമാനം കമീഷനും നൽകും.

കണ്ണൂർ, കാസർകോട് ജില്ലകളിലെ കുഴൽപ്പണ സംഘങ്ങൾ ഇതിലുൾപ്പെടുന്നത് ഈ നേതാവിന്റെ ബന്ധങ്ങളിലൂടെയാണ്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തും 1.60 കോടി രൂപ പാർടിയിലെ ചിലർ കവർന്നിട്ടുണ്ട്‌. അന്ന് തമിഴ്നാട്ടിൽനിന്നാണ് പണം അടിച്ചു മാറ്റിയത്. ഫണ്ട് കൈകാര്യം ചെയ്യുന്നതിൽ മാത്രം ശ്രദ്ധിക്കുന്ന ഈ നേതാവ്‌ തന്നെയാണ്‌ പാർടി ദേശീയ കൗൺസിൽയോഗം കോഴിക്കോട് നടന്നപ്പോൾ ഒഴുകിയ കോടികളും കൈകാര്യം ചെയ്തത്. ധർമരാജനെയും സുനിലിനെയും ചോദ്യം ചെയ്താൽ ഈ നേതാവിലേക്കാണ് കാര്യങ്ങൾ ചെന്നെത്തുക. തൃശൂരിലെ പാർടിയിലെ ഒരു വിഭാഗത്തിനും കുഴൽപ്പണകവർച്ചയിൽ ബന്ധമുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top