തൃശൂർ > കുഴൽപ്പണ വിവാദത്തിനിടെ ജില്ലയിലെ ബിജെപിയിൽ കലഹം. ഗ്രൂപ്പ് തിരിഞ്ഞ് ജില്ലാ നേതാക്കളെ സംശയനിഴലിൽ നിർത്താൻ സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ശ്രമിച്ചുവെന്ന് ആരോപിച്ച് ജില്ലാ ഭാരവാഹികൾ ബിജെപി–- ആർഎസ്എസ് നേതൃത്വത്തിന് പരാതി നൽകി.
സംഭവശേഷം സംസ്ഥാന സെക്രട്ടറിയടക്കമുള്ള വിഭാഗം ഇതുവരെ പ്രതികരിച്ചിട്ടില്ല. പകരം ജില്ലാ നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കാൻ ഇടപെടലുകൾ നടത്തി. ഇതുസംബന്ധിച്ച് ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദക്കും പരാതി നൽകിയിട്ടുണ്ട്. കൊടകര കുഴൽപ്പണക്കേസിൽ ഇരുവിഭാഗവും പരസ്‌പരം ആരോപണമുയർത്തുന്നുണ്ട്. ഒദ്യോഗിക പക്ഷക്കാരാണ് കുഴൽപ്പണ സംഘത്തിന് തൃശൂരിൽ സ്ഥലം എടുത്തുനൽകി താമസിപ്പിച്ചതെന്നാണ് മറുവിഭാഗം ആരോപിക്കുന്നത്. പിന്നീട് കവർച്ച ആസൂത്രണം ചെയ്‌തതായാണ് ആരോപണം. എന്നാൽ ഇത് തങ്ങളെ കുടുക്കാൻ സംസ്ഥാന സെക്രട്ടറി ആസുത്രണം ചെയ്‌തതായാണ് ഒദ്യോഗിക വിഭാഗക്കാരുടെ ആക്ഷേപം. ഗ്രൂപ്പ് താൽപ്പര്യം മുൻനിർത്തി സംസ്ഥാന സെക്രട്ടറി കൊടകര സ്‌റ്റേഷനിൽ നേരിട്ട് എത്തിയാണ് തങ്ങളെ കുടുക്കാൻ പരാതിപ്പെട്ടെന്നാണ് ആരോപണം.
എന്നാൽ ഇതേ സംസ്ഥാന സെക്രട്ടറിയുടെ ഗ്രൂപ്പുകാരനായ സുനിൽ നായിക്കിന്റേതാണ് പണമെന്ന് പുറത്തുവന്നു. ഇദ്ദേഹത്തിന്റെ വലംകൈയായ ജില്ലാ ജനറൽ സെക്രട്ടറി ഈ മാസം 50 ലക്ഷം രൂപ വാടക കുടിശിക നൽകിയതിൽ ദുരൂഹതയൂണ്ടെന്നും ഇവർ ആരോപിക്കുന്നു. തർക്കം രൂക്ഷമായതോടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപന ചുമതലയിൽ നിന്നും വിവാദ ജില്ലാ ജനറൽ സെക്രട്ടറിയെ ഒഴിവാക്കി. പകരം മറ്റൊരു ജില്ലാ ജനറൽ സെക്രട്ടറിയെ പുതിയ കോ-ഓർഡിനേറ്ററായി നിയമിച്ചു. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പാർടി പൊട്ടിത്തെറിയിലേക്ക് നീങ്ങുമെന്നാണ് സൂചന.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..