തൃശൂർ
കൊടകര കുഴൽപ്പണ കവർച്ചക്കേസിൽ അന്വേഷണം ബിജെപി-- ആർഎസ്എസ് സംസ്ഥാന നേതാക്കളിലേക്ക്. പരാതിക്കാരനായ ധർമരാജൻ ആർഎസ്എസ് പ്രവർത്തകനാണെന്ന് റൂറൽ എസ്‌പി പൂങ്കുഴലി വ്യക്തമാക്കി.
പരാതിയിൽ പറഞ്ഞതിനേക്കാൾ കൂടുതൽ പണം പ്രതികളിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. തട്ടിയെടുത്ത സംഖ്യയിൽ വ്യക്തത വരേണ്ടതുണ്ട്. കൂടുതൽപേരെ ചോദ്യംചെയ്യണമെന്നും എസ്‌പി പറഞ്ഞു. ഏഴ് പേർ അറസ്‌റ്റിലായ കേസിൽ അഞ്ച് മുഖ്യപ്രതികൾക്ക് ലുക്കൗട്ട് നോട്ടീസും പുറത്തിറക്കി. ഒരു പ്രതിയുടെ വീട്ടിൽനിന്ന് 23.4 ലക്ഷം രൂപയും ഒന്നേകാൽ ലക്ഷത്തിന്റെ സ്വർണവും കവർച്ചക്കുശേഷം കേരള ബാങ്കിൽ ആറുലക്ഷം രൂപ വായ്‌പ തിരിച്ചടച്ച രേഖയും കണ്ടെത്തി. തട്ടിയെടുത്ത പണം മൂന്നു മുഖ്യപ്രതികൾ കൊണ്ടുപോയെന്നാണ് വിവരം. പങ്കാളികൾക്ക് കാട്ടൂരിൽവച്ച് ക്വട്ടേഷൻ സംഘം പണം നൽകി വിട്ടയച്ചു.
കോടികൾ ബിജെപിയുടേതുതന്നെ
ധർമരാജന് പണം നൽകിയത് യുവമോർച്ചാ നേതാവ് സുനിൽ നായിക്കെന്നാണ് മൊഴി. പൊലീസ് ചോദ്യംചെയ്‌ത യുവമോർച്ചാ മുൻ ട്രഷററായ സുനിൽ നായിക്, ബിജെപിയുടെ ഉന്നതനേതാവുമായി അടുത്ത ബന്ധമുള്ളയാളാണ്. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനുമായും എം ടി രമേശുമായും അടുപ്പമുണ്ട്.
കോഴിക്കോട് അബ്‌കാരിയായ ധർമരാജൻ കൊടുത്തുവിട്ട 25 ലക്ഷം കൊടകരയിൽ വ്യാജവാഹനാപകടം സൃഷ്ടിച്ച് തട്ടിയെടുത്തുവെന്നാണ് പരാതി. പരാതി വ്യാജമാണെന്നും ബിജെപി തെരഞ്ഞെടുപ്പ് ആവശ്യത്തിന് കൊണ്ടുവന്ന മൂന്നരക്കോടിയാണ് കാറിലുണ്ടായിരുന്നതെന്നും പൊലീസിന് സൂചന ലഭിച്ചു. കവർച്ച നടന്നയുടൻ ബിജെപിയുടെ ഉന്നതനേതാവിന് ഫോണിൽ വിവരം ലഭിച്ചതായും നിമിഷങ്ങൾക്കകം ജില്ലയിലെ രണ്ടു നേതാക്കൾ കൊടകരയിലെത്തിയതായും പൊലീസിന് വിവരം ലഭിച്ചു.
കേസുമായി ഒരു ബന്ധവുമില്ലെന്ന് ബിജെപി നേതാക്കൾ ആവർത്തിക്കുന്നതിനിടെയാണ് ധർമരാജന്റെ ആർഎസ്എസ് ബന്ധവും സുനിൽ നായികിന്റെ ബന്ധവും പുറത്തായത്. കേസിൽ അറസ്‌റ്റിലായ വെള്ളിക്കുളങ്ങര കിഴക്കേക്കോടാലി വീട്ടിൽ ദീപക് ബിജെപി ഭാരവാഹിയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..