ന്യൂഡൽഹി
കോവിഡ് സൃഷ്ടിച്ച അസാധാരണപ്രതിസന്ധി മറികടക്കാൻ വിദേശരാജ്യങ്ങിൽ നിന്നുള്ള സഹായങ്ങൾക്ക് വഴിയൊരുക്കി കേന്ദ്രസർക്കാർ. വൻദുരന്തങ്ങളും പ്രതിസന്ധികളും അഭിമുഖീകരിക്കുന്ന അവസരങ്ങളിലും വിദേശസഹായം ആവശ്യമില്ലെന്ന് 2004ൽ യുപിഎസർക്കാർ നയമുണ്ടാക്കിയിരുന്നു. 16 വർഷം പഴക്കമുള്ള ഈ നയമാണ് എൻഡിഎ സർക്കാരും പിന്തുടർന്നിരുന്നത്. 2018ൽ പ്രളയക്കെടുതിയിലായ കേരളത്തിനെ സഹായിക്കാൻ യുഎഇ വാഗ്‌ദാനം ചെയ്‌ത 700 കോടി സഹായം ഈ നയം ചൂണ്ടിക്കാണിച്ച് കേന്ദ്രസർക്കാർ തടഞ്ഞിരുന്നു.
എന്നാൽ, കോവിഡ് പശ്‌ചാത്തലത്തിൽ ഓക്‌സിജനും മരുന്നുകൾക്കും ചികിത്സാഉപകരണങ്ങൾക്കും വൻക്ഷാമം നേരിടുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാർ മുൻ നയത്തിൽ ഭേദഗതി വരുത്തുകയാണെന്ന് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്‌തു. പുതിയ തീരുമാനപ്രകാരം സംസ്ഥാനങ്ങൾ വിദേശഏജൻസികളിൽ നിന്നും ജീവൻരക്ഷാഉപകരണങ്ങളും മരുന്നുകളും സംഭരിക്കുന്നതും കേന്ദ്രസർക്കാർ തടയാനിടയില്ല.
ചൈന ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നും സഹായങ്ങൾ സ്വീകരിക്കാനാണ് സർക്കാർ മുൻനയത്തിൽ മാറ്റംവരുത്തുന്നത്. നിലവിൽ ഇന്ത്യയെ സഹായിക്കാൻ 40ൽ അധികം രാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. അമേരിക്ക, യുകെ, ഫ്രാൻസ്, ജർമനി, റഷ്യ, അയർലന്റ്, ബെൽജിയം, റൊമാനിയ, പോർച്ചുഗൽ, സ്വീഡൻ, ഓസ്‌ട്രേലിയ, സിംഗപുർ, സൗദിഅറേബ്യ, ഭൂട്ടാൻ, ലക്‌സംബർഗ്, തായ്‌ലന്റ്, ഫിൻലന്റ്, സ്വിറ്റ്‌സർലന്റ്, നോർവെ, ഇറ്റലി, യുഎഇ എന്നിവിടങ്ങളിൽ നിന്നും സഹായവാഗ്‌ദാനങ്ങളുണ്ട്. ഇതെല്ലാം സ്വീകരിക്കാൻ തന്നെയാണ് സർക്കാർ തീരുമാനം.
വിദേശസഹായം സ്വീകരിക്കാൻ മുൻനയം തിരുത്തേണ്ട കാര്യമില്ലെന്നാണ് സർക്കാർ വൃത്തങ്ങളുടെ അവകാശവാദം. ‘ഇന്ത്യ സഹായം അഭ്യർഥിച്ചിട്ടില്ല. ആരെങ്കിലും സ്വന്തംനിലയ്‌ക്ക് സഹായിച്ചാൽ നന്ദിയോടെ സ്വീകരിക്കും’–- സർക്കാർ വൃത്തങ്ങൾ പ്രതികരിച്ചു. നേരത്തെ പിഎം കെയേഴ്‌സ് ഫണ്ട് വിദേശ സംഭാവനകൾ സ്വീകരിക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നു.
ഓക്‌സിജൻ ക്ഷാമം പരിഹരിക്കാൻ ചൈനയിൽ നിന്നും 25,000 ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ ഇന്ത്യയിൽ എത്തും. ‘ഇന്ത്യയിൽ നിന്നുള്ള ഓർഡറുകൾക്ക് വേണ്ടി മെഡിക്കൽ കമ്പനികൾ രാപ്പകൽ അദ്ധ്വാനിക്കുന്നു’–- ചൈനീസ് അംബാസിഡർ സുൻ വെയ്‌ഡോങ്ങ്‌ചു പ്രതികരിച്ചു. ഇന്ത്യയെ സഹായിക്കാൻ തയ്യാറാണെന്ന് പാകിസ്ഥാനും അറിയിച്ചിരുന്നു. എന്നാൽ, ഈ സഹായം സ്വീകരിക്കണോയെന്ന് തീരുമാനിച്ചിട്ടില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..