COVID 19KeralaLatest NewsNews

കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രം വന്‍ പരാജയമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ

ഇടതുപക്ഷം കേന്ദ്രം ഭരിക്കുന്നതെങ്കില്‍ ഇങ്ങനെയൊന്നുമായിരിക്കില്ല

തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാര്‍ കൊവിഡ് പ്രതിസന്ധിയെ കൈകാര്യം ചെയ്യുന്ന വിധത്തെ വിമര്‍ശിച്ച് സംസ്ഥാന ആരോഗ്യമന്ത്രി കെ. കെ ശൈലജ ടീച്ചര്‍. കേന്ദ്രത്തിന്റെ വാക്‌സിന്‍ നയം വാക്‌സിന്‍ നിര്‍മാതാക്കള്‍ക്ക് വന്‍ നേട്ടം ഉണ്ടാക്കിക്കൊടുക്കുമെന്നും ലാഭമുണ്ടാക്കാനുള്ള അവസരമായി കേന്ദ്രം ഈ പ്രതിസന്ധിയെ കാണാന്‍ പാടില്ലെന്നും മന്ത്രി വിമര്‍ശിച്ചു.

Read Also : ജനങ്ങളുടെ പൗരബോധത്തില്‍ വിശ്വാസം; സ്വയം ലോക്ക് ഡൗണിലേയ്ക്ക് പോകേണ്ട സാഹചര്യമെന്ന് മുഖ്യമന്ത്രി

‘ഹിന്ദു ബിസിനസ് ലൈനി’ന് നല്‍കിയ അഭിമുഖത്തിലാണ് ആരോഗ്യമന്ത്രി കേന്ദ്രത്തിനെതിരെ ഇക്കാര്യങ്ങള്‍ പറഞ്ഞത്. സ്വന്തം സംവിധാനങ്ങള്‍ പ്രകാരം വാക്‌സിന്‍ നല്‍കാന്‍ സംസ്ഥാനങ്ങളെ അനുവദിക്കണമെന്നും ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനായി മരുന്ന് കമ്പനികളുമായി വിലപേശലുകള്‍ നടത്താന്‍ സാധിക്കുകയില്ലെന്നും മന്ത്രി ശൈലജ പറഞ്ഞു.

‘സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ആവശ്യമായ വാക്‌സിന്‍ നല്‍കണം. ജനങ്ങളുടെ ആരോഗ്യത്തിനും ജീവനുമാണ് മുന്‍ഗണന നല്‍കേണ്ടത്. കേരളം ഒരു ശതമാനം പോലും വാക്‌സിന്‍ പാഴാക്കാത്ത സംസ്ഥാനമാണ്. വാക്‌സിന്‍ വിതരണം അപര്യാപ്തമാണ്. വാക്‌സിന്‍ നല്‍കുന്ന കാര്യത്തില്‍ കേന്ദ്രം സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുക്കണം’.

‘ആവശ്യമുള്ള വാക്‌സിന്‍ ലഭിക്കുകയാണെങ്കില്‍ ഒരു മാസം കൊണ്ടുതന്നെ കൊവിഡിന്റെ രണ്ടാം തരംഗത്തെ വരുതിയില്‍ കൊണ്ടുവരാന്‍ കേരളത്തിന് സാധിക്കും. അക്കാര്യത്തില്‍ സര്‍ക്കാരിന് ആത്മവിശ്വാസമുണ്ട്’ . മറ്റ് രാജ്യങ്ങളുടെ ആരോഗ്യസംവിധാനത്തെ കുറിച്ച് ചോദ്യം വന്നപ്പോള്‍ ക്യൂബ, സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍, യു.കെ എന്നിവയെയാണ് മന്ത്രി ചൂണ്ടിക്കാണിച്ചത്.

സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലാണ് മികച്ച ആരോഗ്യസംവിധാനങ്ങള്‍ ഉള്ളതെന്നും യു.കെയും ഇക്കാര്യത്തില്‍ മാതൃകയാണെന്നും മന്ത്രി പറഞ്ഞു. ക്യൂബയുടെ ആരോഗ്യ സംവിധാനങ്ങളും മികച്ച മാതൃകയാണെന്ന് കെകെ ശൈലജ ചൂണ്ടിക്കാട്ടി. ക്യൂബ ആരോഗ്യ മേഖലയില്‍ വലിയ നിക്ഷേപങ്ങള്‍ നടത്തുമ്പോള്‍ ഇന്ത്യ ജിഡിപിയുടെ ഒരു ശതമാനം മാത്രമാണ് ആരോഗ്യ മേഖലയ്ക്ക് വേണ്ടി മാറ്റി വയ്ക്കുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി.

ഈ മേഖലയിലെ നിക്ഷേപം 10 ശതമാനത്തിലേക്ക് ഉയര്‍ത്തേണ്ടതുണ്ടെന്നും അക്കാര്യത്തില്‍ വൈകാന്‍ പാടില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഇടതുപക്ഷമാണ് കേന്ദ്രം ഭരിച്ചിരുന്നതെങ്കില്‍ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളെ ദേശസാത്ക്കരിച്ചേനെ എന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്രം മീറ്റിംഗുകള്‍ വിളിച്ച് കൊവിഡ് വിവരങ്ങള്‍ മാത്രമാണ് കൈമാറിയതെന്നും വാക്‌സിന്‍ വിതരണം സംബന്ധിച്ച് ഉറപ്പുകളൊന്നും നല്‍കിയില്ലെന്നും മന്ത്രി പറഞ്ഞു.

 

Related Articles

Post Your Comments


Back to top button