കൊച്ചി > വൈഗയെ കൊലപ്പെടുത്തിയ കേസിൽ അച്ഛൻ സനു മോഹനെ നാലു ദിവസംകൂടി പൊലീസ് കസ്‌റ്റഡിയിൽ വിട്ടു. തെളിവെടുപ്പ് പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം പരിഗണിച്ചാണ് തൃക്കാക്കര ജെഎഫ്‌സിഎം കോടതിയുടെ നടപടി.
സനു മോഹന്റെ പത്ത് ദിവസത്തെ പൊലീസ് കസ്‌റ്റഡി വ്യാഴാഴ്‌ച അവസാനിച്ചു. സനു നൽകിയ മൊഴികളുടെയും കർണാടകം, തമിഴ്‌നാട്, ഗോവ എന്നിവിടങ്ങളിൽനിന്ന് ലഭിച്ച തെളിവുകളുടെയും അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം വേണ്ടതുണ്ടെന്ന് കസ്‌റ്റഡി അപേക്ഷയിൽ പൊലീസ് വ്യക്തമാക്കി. ആലപ്പുഴയിൽ വിവിധയിടങ്ങളിൽ സനുവുമായി തെളിവെടുപ്പ് നടത്തും. ബുധനാഴ്‌ച ഭാര്യ രമ്യയെയും ഇവരുടെ സഹോദരി, ഭർത്താവ് എന്നിവരെയും പൊലീസ് നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങൾ ബോധ്യപ്പെടുത്തി. മാധ്യമങ്ങളിൽ വന്ന വാർത്തകളെക്കാൾ ഗൗരവമുള്ള ചില കാര്യങ്ങൾകൂടി അവരെ അറിയിച്ചതായി എസിപി ആർ ശ്രീകുമാർ പറഞ്ഞു.
സനു കൊക്കക്കോളയിലാണ് മദ്യം കലർത്തി വൈഗയ്‌ക്ക് നൽകിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലയ്‌ക്ക് സാമ്പത്തിക പ്രശ്‌നമല്ലാതെ എന്തെങ്കിലും കാരണമുണ്ടോയെന്നും പരിശോധിക്കും. പണം നൽകാനുള്ളവരെ കബളിപ്പിക്കാനാണ് മകളെ കൊന്നതെന്നും ആൾമാറാട്ടം നടത്തി ജീവിക്കാനായിരുന്നു പദ്ധതിയെന്നുമാണ് പൊലീസ് നിഗമനം.
മുംബൈയിലെ മൂന്നുകോടി രൂപയുടെ വഞ്ചനാക്കേസിൽ മുംബൈ പൊലീസ് സനുവിനെ കസ്‌റ്റഡിയിലെടുക്കും. ട്രാൻസിസ്‌റ്റ് വാറന്റുമായി എത്തുന്ന മുംബൈ പൊലീസ് അത് തൃക്കാക്കര ജെഎഫ്‌സിഎം കോടതിയിൽ നൽകും. വൈഗ കേസിലെ പൊലീസ് കസ്‌റ്റഡി അവസാനിച്ചാൽ കോടതി അനുമതിയോടെ സനു മോഹനെ മുംബൈയിലേക്ക് കൊണ്ടുപോകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..