എടക്കര > മലപ്പുറം ഡിസിസി പ്രസിഡന്റും, നിലമ്പൂര്‍ നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥിയുമായിരുന്ന അഡ്വ.വി വി പ്രകാശ് ( 55 ) നിര്യാതനായി. വ്യാഴാഴ്ച പുലര്‍ച്ചെ ഹൃദയഘാതത്തെ തുടര്‍ന്നാണ് മരണപ്പെട്ടത്. എടക്കരയിലെ വീട്ടില്‍ നിന്ന് മഞ്ചേരി ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് മരണപ്പെട്ടത്.
കര്‍ഷകനായിരുന്ന കുന്നുമ്മല്‍ കൃഷ്ണന്‍ നായര്‍-സരോജിനിയമ്മ ദമ്പതികളുടെ മകനായി എടക്കരയില്‍ ജനനം. എടക്കര ഗവണ്‍മെന്റ് ഹൈസ്‌കൂളിലും ചുങ്കത്തറ എം.പി.എം ഹൈസ്‌കൂളിലുമായി സ്‌കൂള്‍ പഠനം. മമ്പാട് എം.ഇ.എസ് കോളേജിലും മഞ്ചേരി എന്‍.എസ്.എസ് കോളേജിലുമായി കോളേജ് വിദ്യഭ്യാസം. കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്ന് നിയമ ബിരുദം നേടി. കോഴിക്കോട് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.
ഹൈസ്‌കൂള്‍ പഠന കാലത്ത് തന്നെ കെ.എസ്.യു പ്രവര്‍ത്തകനായ പ്രകാശ് ഏറനാട് താലൂക്ക് ജനറല്‍ സെക്രട്ടറി,മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി,ജില്ലാ പ്രസിഡണ്ട്,സംസ്ഥാന ജനറല്‍ സെക്രട്ടറി പദവികള്‍ വഹിച്ചു. പിന്നീട് കെ സി വേണുഗോപാല്‍ പ്രസിഡണ്ടായ സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയില്‍ ജനറല്‍ സെക്രട്ടറിയായി. കെ മുരളീധരനും രമേശ് ചെന്നിത്തലയും പ്രസിഡണ്ടായ കെപിസിസി കമ്മിറ്റികളില്‍ സെക്രട്ടറിയായ വി വി പ്രകാശ് നാലു വര്‍ഷം മുമ്പ് മലപ്പുറം ജില്ലാ കോണ്‍ഗ്രസ് പ്രസിഡണ്ടായി നിയമിതനായി.
സംഘടനാ പദവികള്‍ക്കിടെ കോഴിക്കോട് സര്‍വകലാശാല സെനറ്റ് അംഗം, കെ.എസ്.ആര്‍.ടി.സി ഡയറക്ടര്‍,എഫ്.സി.ഐ അഡൈ്വസറി ബോര്‍ഡ് അംഗം.ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗം, എടക്കര ഗ്രാമ പഞ്ചായത്ത് അംഗം,എടക്കര ഈസ്റ്റ് ഏറനാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.
ഭാര്യ സ്മിത, മക്കള്‍ വിദ്യാര്‍ത്ഥികളായ നന്ദന ( പ്ലസ് ടു ),നിള ( നാലാം ക്ലാസ് ).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..