29 April Thursday

കോവിഷീൽഡ്‌ : സംസ്ഥാനങ്ങൾക്ക്‌ 300 രൂപയാക്കി

വെബ് ഡെസ്‌ക്‌Updated: Thursday Apr 29, 2021


ന്യൂഡൽഹി
സംസ്ഥാനങ്ങൾക്ക്‌ കോവിഷീൽഡ്‌ വാക്‌സിൻ 300രൂപക്ക് നല്‍കുമെന്ന് സിറം ഇൻസ്‌റ്റിറ്റ്യൂട്ട്‌ അറിയിച്ചു. 400 രൂപയായിരുന്നു തീരുമാനിച്ചിരുന്നത്‌. സ്വകാര്യ ആശുപത്രികൾക്ക്‌ 600 രൂപ തന്നെ തുടരും. കേന്ദ്രത്തിന്‌ 150 രൂപയ്‌ക്ക്‌ നൽകുന്ന വാക്‌സിനാണ്‌ പലവിലക്ക് വില്‍ക്കുന്നത്.

മനുഷ്യസ്‌നേഹം മുൻനിർത്തിയാണ്‌ തീരുമാനമെന്നും സംസ്ഥാനങ്ങൾക്ക്‌ കോടിക്കണക്കിന്‌ രൂപ ഫണ്ട്‌ ലാഭിക്കാൻ വഴിയൊരുങ്ങുമെന്നും സിറം ഇൻസ്‌റ്റിറ്റ്യൂട്ട്‌ സിഇഒ അഡാർ പൂനാവാല  ട്വിറ്ററില്‍ കുറിച്ചു.

സിറം ഇൻസ്‌റ്റിറ്റ്യൂട്ടിനേക്കാൾ ഉയർന്ന വിലയാണ്‌ തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിന്‍ നിർമാതാക്കളായ ഭാരത്‌ ബയോടെക്‌ ഈടാക്കുന്നത്‌. സംസ്ഥാനങ്ങൾക്ക്‌ 600 രൂപയ്‌ക്കും സ്വകാര്യ ആശുപത്രികൾക്ക്‌ 1200 രൂപയ്‌ക്കും വാക്‌സിൻ നൽകാനാണ്‌ തീരുമാനം. 45 വയസ്സിൽ താഴെയുള്ളവർക്ക്‌ സൗജന്യ വാക്‌സിൻ നൽകാനാകില്ലെന്നും ആവശ്യമെങ്കിൽ സംസ്ഥാനങ്ങൾ നൽകട്ടെയെന്നുമാണ്‌ കേന്ദ്ര നിലപാട്‌. മെയ്‌ ഒന്നു‌മുതൽ രാജ്യത്ത്‌ നിർമിക്കുന്നതില്‍ പകുതി വാക്സിന്‍ നിര്‍മാതാക്കള്‍ക്ക് ഇഷ്ടമുള്ള വിലക്ക് പൊതുവിപണിയില്‍ വില്‍ക്കാം. ബാക്കി കേന്ദ്രം സഹായവിലക്ക് വാങ്ങും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top