മാഡ്രിഡ്
റയൽ മാഡ്രിഡിന്റെ തട്ടകത്തിൽ ചെൽസിക്ക് നേട്ടം. ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ സെമി ആദ്യപാദത്തിൽ ചെൽസി 1–-1ന് റയലിനെ തളച്ചു. മെയ് അഞ്ചിന് ചെൽസി തട്ടകമായ സ്‌റ്റാംഫോർഡ് ബ്രിഡ്‌ജിലാണ് രണ്ടാംപാദം. ക്രിസ്‌റ്റ്യൻ പുലിസിക്കിന്റെ ഗോളിൽ ചെൽസി തുടക്കത്തിൽതന്നെ റയലിനെ ഞെട്ടിച്ചു. കരിം ബെൻസെമയുടെ മനോഹര ഗോളിലാണ് റയൽ ആശ്വാസം നേടിയത്.
ചെൽസിക്ക് അർഹിച്ച ഫലമാണ് നേടിയത്. റയൽ കാലുറപ്പിക്കുംമുമ്പെ ചെൽസി കളം പിടിച്ചു. സുദൃഢമായ പ്രതിരോധവും ഉണർന്നുകളിച്ച മധ്യനിരയുമാണ് ചെൽസിയെ നയിച്ചത്. പക്ഷേ, മുന്നേറ്റത്തിൽ ടിമോ വെർണറുടെ പ്രകടനം നിരാശയായി. ഗോളെന്നുറച്ച അവസരങ്ങളാണ് വെർണർ പാഴാക്കിയത്. കളി തുടങ്ങി നിമിഷങ്ങൾക്കുള്ളിൽ വെർണെർക്ക് അവസരം കിട്ടി. പക്ഷേ, ഈ ജർമൻകാരന്റെ ഷോട്ട് നേരെ റയൽ ഗോൾ കീപ്പർ തിബൗ കുർടോയുടെ കൈകളിലേക്കായിരുന്നു.
എന്നാൽ പുലിസിക്ക് പരിഭ്രമിച്ചില്ല. റയൽ പ്രതിരോധത്തെ സമർഥമായ മറികടന്ന്, ശാന്തമായി അടിതൊടുത്തു. ഗോൾ വീണതിന്റെ മികവിൽ ചെൽസി കളിയിൽ ചുവടുറപ്പിച്ചു. റയൽ തിരിച്ചുവരവിന് ആഞ്ഞുശ്രമിച്ചു. ഇടയ്‌ക്ക് ബെൻസെമയുടെ ചാട്ടുളിപോലൊരു ലോങ് റേഞ്ചർ പോസ്‌റ്റിന് അരിക് തട്ടി പറന്നു.
ഗോൾ വഴങ്ങി പതിനഞ്ച് മിനിറ്റിനുള്ളിൽ റയൽ തിരിച്ചുവന്നു. ബെൻസെമയുടെ ഒന്നാന്തരം നീക്കം റയലിന് ജീവൻ നൽകി. കോർണറിൽനിന്നായിരുന്നു തുടക്കം. ടോണി ക്രൂസിന്റെ കുറിയ ക്രോസ് ലൂക്കാ മോഡ്രിച്ചിലേക്ക്. പിന്നെ മാഴ്‌സെലോ.
ഈ ബ്രസീലുകാരന്റെ ക്രോസ് പോസ്‌റ്റിന്റെ വലതുഭാഗത്തേക്ക്. എയ്‌ദെർ മിലിറ്റാവോ ക്രോസിൽ തലവച്ചു.
ബെൻസെമയിലേക്ക്. തലകൊണ്ട് തടുത്ത്, ഈ ഫ്രഞ്ചുകാരൻ സിസർകട്ടിലൂടെ അടിപായിച്ചു. ചെൽസി ഗോൾ കീപ്പർ എഡ്വേർഡ് മെൻഡിക്ക് ഉത്തരമുണ്ടായില്ല. പിന്നാലെ റാഫേൽ വരാനെയുടെ ഹെഡർപുറത്തുപോയി.എതിർതട്ടകത്തിൽ ഗോൾ നേടിയത് ചെൽസിക്ക് രണ്ടാംപാദത്തിൽ മുൻതൂക്കം നൽകും. എന്നാൽ റയലിനെ എഴുതിത്തള്ളാൻ കഴിയില്ലെന്നായിരുന്നു ചെൽസി പരിശീലകൻ തോമസ് ടുഷെലിന്റെ പ്രതികരണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..