മട്ടാഞ്ചേരി
അറബിക്കടലിൽ ബോട്ട് അപകടത്തിൽ കാണാതായ കന്യാകുമാരി സ്വദേശികളായ മത്സ്യത്തൊഴിലാളികൾ സുരക്ഷിതരെന്ന് വിവരം. മത്സ്യത്തൊഴിലാളി ഗ്രാമമായ തേങ്ങാപട്ടണത്തുനിന്ന് കടലിൽപ്പോയ മെഴ്‌സിഡസ് ബോട്ടാണ് ഗോവൻതീരത്തുനിന്ന് 600 നോട്ടിക്കൽ മൈൽ (1111 കി. മീറ്റർ) അകലെ കപ്പലിടിച്ച് തകർന്നത്. ബോട്ടിലുണ്ടായിരുന്ന 11 മത്സ്യത്തൊഴിലാളികളെയും വെള്ളിയാഴ്ച തേങ്ങാപട്ടണം ഹാർബറിൽ എത്തിക്കുമെന്ന് ബോട്ടുടമ ജോസഫ് ഫ്രാങ്ക്ളിൻ ചൊവ്വാഴ്ച രാത്രി സാറ്റലൈറ്റ് ഫോണിൽ ബന്ധുക്കളെ അറിയിച്ചു. ബോട്ടിന്റെ ഉടമ കന്യാകുമാരി സ്വദേശി ജോസഫ് ഫ്രാങ്ക്ളിനും വള്ളവിള്ളെ സ്വദേശികളായ ജോൺ ലിബ്രത്തോസ്, സുരേഷ് പീറ്റർ, ജെ ബീഷ് ജോസഫ്, വിജിഷ് ലൂയീസ്, ജെനിസ്റോൺ ലിബ്രത്തോസ്, സെട്രിക് രാജു, ഫ്രെഡി സിലുവായ്, ജഗൻ ജിറോം, യേശുദാസൻ വൈക്കം, മാർബിൻ മുത്തപ്പൻ എന്നീ തൊഴിലാളികളുമാണ് ബോട്ടിലുണ്ടായിരുന്നത്.
ഒമ്പതിനാണ് ബോട്ട് കടലിൽപ്പോയത്. 24ന് ഉച്ചയ്ക്ക് പെരിയനായകൻ എന്ന ബോട്ടിലെ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ട ബോട്ടിന്റെ അവശിഷ്ടങ്ങൾ കടലിൽ ഒഴുകിനടക്കുന്നത് കണ്ടത്. തുടർന്ന് നേവി, കോസ്റ്റ് ഗാർഡ്, ഗോവ കോസ്റ്റൽ പൊലീസ് എന്നിവർ തെരച്ചിൽ ആരംഭിച്ചു. അതിനിടെയാണ് ബന്ധുക്കൾക്ക് ബോട്ടുടമയുടെ ഫോൺ സന്ദേശമെത്തിയത്. കപ്പലിടിച്ച് ബോട്ട് വീൽഹൗസ് അടക്കം തകർന്നെന്നും കപ്പൽ നിർത്താതെ പോയെന്നുമാണ് ലഭിച്ച വിവരമെന്ന് ഓൾ ഇന്ത്യ ഡീപ് സീ ഫിഷേഴ്സ് അസോസിയേഷൻ സെക്രട്ടറി എം മജീദ് പറഞ്ഞു.
കപ്പലിനെക്കുറിച്ച് അന്വേഷണം നടത്തി നടപടികളെടുക്കണം. കടലിൽ തുടർച്ചയായി മീൻപിടിത്ത ബോട്ടുകൾ കപ്പൽ ഇടിച്ചുതകരുന്ന സംഭവങ്ങൾ തുടരുന്നതിൽ ആശങ്കയിലാണ് മത്സ്യത്തൊഴിലാളികളെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..