28 April Wednesday
ഗുജറാത്തിൽ 9 നഗരത്തിൽക്കൂടി കർശന നിയന്ത്രണം

കർണാടകത്തിൽ പരക്കംപാച്ചില്‍ ; ഗുജറാത്തിൽ 9 നഗരത്തിൽക്കൂടി കർശന നിയന്ത്രണം

വെബ് ഡെസ്‌ക്‌Updated: Wednesday Apr 28, 2021


ബംഗളൂരു
കർണാടകത്തിൽ രണ്ടാഴ്‌ച അടച്ചിടലിന്‌ സമാനമായ സമ്പൂർണ കർഫ്യൂ പ്രഖ്യാപിച്ചതോടെ അവശ്യസാധനങ്ങൾ വാങ്ങാനും വീടുകളിലെത്താനും പരക്കംപാച്ചില്‍. കഴിഞ്ഞ വർഷത്തെ രാജ്യവ്യാപക അടച്ചിടലിനെ ഓർമിപ്പിക്കുന്ന സംഭവങ്ങളാണ്‌ ബം​ഗളൂരുവില്‍ ഉണ്ടായത്‌.

റെയിൽവേ സ്‌റ്റേഷനുകളിലും മജസ്‌റ്റിക്കിലടക്കം പ്രധാന ബസ്‌ സ്‌റ്റാൻഡുകളിലും വലിയ ലഗേജുമായി ആളുകൾ തിങ്ങിനിറഞ്ഞു. കുടുംബങ്ങളും വിദ്യാർഥികളുമടക്കം വൻ ജനക്കൂട്ടമാണ്‌ ഗ്രാമങ്ങളിലേക്കും സ്വന്തം നാടുകളിലേക്കും മടങ്ങുന്നത്‌. ടോൾ പ്ലാസകളിലും സംസ്ഥാനം വിട്ടുപോകുന്ന വാഹനങ്ങളുടെ വലിയ നിര. രാത്രി 10ന്‌ കർശന കർഫ്യു നിലവിൽ വരുന്നതിനുമുമ്പ്‌ ചൊവ്വാഴ്‌ച സാധനങ്ങൾ വാങ്ങാൻ പച്ചക്കറി, പലചരക്ക്‌ ചന്തകളിലും വലിയ തിരക്കാണുണ്ടായത്‌.

മെട്രോയടക്കം പൊതുഗതാഗതങ്ങളൊന്നും ഉണ്ടാകില്ല. സിറ്റിബസുകളും സ്ഥാപനങ്ങളിലേക്ക്‌ ജീവനക്കാരെ എത്തിക്കുന്ന വാഹനങ്ങളും മാത്രമാണ്‌ സർവീസ്‌ നടത്തുക.  ചൊവ്വാഴ്ച രാത്രിമുതല്‍ 14 ദിവസത്തേക്കാണ് കര്‍ശന നിയന്ത്രണം.

ഗുജറാത്തിൽ 9 നഗരത്തിൽക്കൂടി കർശന നിയന്ത്രണം
ഗുജറാത്തിൽ കർശന നിയന്ത്രണങ്ങൾ ഒമ്പത്‌ നഗരത്തിൽക്കൂടി വ്യാപിപ്പിച്ചു. ഇതോടെ 29 നഗരത്തിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തി. മെയ്‌ അഞ്ചുവരെ റസ്‌റ്റോറന്റുകൾ, നീന്തൽ കുളം, സിനിമാശാല, ഷോപ്പിങ്‌ മാൾ, പാർക്കുകൾ എന്നിവ അടച്ചു. എല്ലാ ആരാധനാലയങ്ങളിലും പൊതുജനത്തെ വിലക്കി. കാർഷിക ഉൽപ്പന്ന വിൽപ്പന ചന്തകൾ അടച്ചിടും.
ഏപ്രിൽ ഏഴു‌മുതൽ രാത്രി എട്ടിനും രാവിലെ ആറിനുമിടയിൽ അഹമ്മദാബാദ്‌, സൂറത്ത്‌, രാജ്‌ക്കോട്ട്‌, വഡോദര തുടങ്ങി 20 നഗരത്തിൽ കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഹിമ്മത്‌നഗർ, നവസാരി, വെരാവൽ, വൽസാദ്, പോർബന്ദർ, ബോട്ടാഡ്, വിരാംഗാം, ഛോട്ടാഡെപുർ, പാലൻ‌പുർ നഗരങ്ങളിലാണ്‌ നിയന്ത്രണം വ്യാപിപ്പിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top