തൃശൂര്‍ > കോവിഡ് ബാധിച്ച് ഏങ്ങണ്ടിയൂര്‍ സ്വദേശിനി ഫാത്തിമ (78) മരിച്ച സംഭവത്തില്‍ ചികിത്സാ വീഴ്ചയുണ്ടായില്ലെന്ന് ആരോഗ്യവകുപ്പ് വിശദീകരണം. 108നു പകരം സ്വകാര്യ ആംബുലന്‍സിലാണ് രോഗിയെ എത്തിച്ചത്. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ടും രോഗാവസ്ഥ കണക്കിലെടുത്തും രാത്രി പന്ത്രണ്ടോടെ ആശുപത്രി ഐസിയുവില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ ആറോടെയാണ് മരണം.
കോവിഡ് സ്ഥിരീകരിച്ചാല്‍ ജില്ലാ പ്രോഗ്രാം മാനേജ്മെന്റ് വഴി രജിസ്റ്റര്‍ ചെയ്ത് 108ആംബുലന്‍സ് വഴിയാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കേണ്ടത്. അതില്ലാതെ നേരിട്ട് സ്വകാര്യ ആംബുലന്‍സിലാണ് രോഗിയെ എത്തിച്ചത്. ഗുരുതര കോവിഡ് അവസ്ഥയില്‍ വെന്റിലേറ്ററില്‍ കയറ്റി, ഉടന്‍ ഓക്സിജന്‍ നല്‍കിയിരുന്നതായി ജില്ലാ ആശുപത്രി സൂപ്രണ്ട് ശ്രീദേവി പറഞ്ഞു.
തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെയാണ് ഫാത്തിമക്ക് വീട്ടില്‍വച്ച് ശ്വാസമുട്ട് അനുഭവപ്പെട്ടത്. ആദ്യം ഏങ്ങണ്ടിയൂര്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. രോഗിയുടെ സ്ഥിതി കണ്ടതോടെ കൊവിഡ് പരിശോധന നടത്താന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു. പരിശോധനയില്‍ കോവിഡ് പോസിറ്റീവായി. എന്നാല്‍ വീട്ടുകാര്‍ക്ക് വിശ്വാസമില്ലാതെ വീണ്ടും സ്വകാര്യ ലാബിലേക്ക് കൊണ്ടുപോയി കോവിഡ് പരിശോധന നടത്തി. വീണ്ടും പോസിറ്റീവ് രേഖപ്പെടുത്തി.
തുടര്‍ന്ന് സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. അവിടെ ഓക്സിജന്‍ കയറ്റി. എന്നാല്‍ ഐസിയു ഒഴിവില്ലാത്തതിനാലാണ് അര്‍ധരാത്രിയോടെ തൃശൂര്‍ ജനറല്‍ ആശുപത്രിക്ക് എത്തിച്ചത്. പിന്നീടാണ് ആരോഗ്യപ്രവര്‍ത്തകരേയും ജനപ്രതിനിധികളേയും അറിയിച്ചത്.
ജനപ്രതിനിധികളും ആരോഗ്യവകുപ്പധികൃതരും പ്രത്യേകം ഇടപ്പെട്ടാണ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് സ്ഥിരീകരിച്ചാല്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിച്ച് രജിസ്റ്റര്‍ ചെയ്യണമെന്നും ഇല്ലെങ്കില്‍ തടസങ്ങളുണ്ടെന്ന വിവരവും തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..