തിരുവനന്തപുരം
ജനവിരുദ്ധമായ കേന്ദ്ര വാക്‌സിൻ നയത്തിനെതിരെ വീട്ടുമുറ്റങ്ങളെ സമരകേന്ദ്രങ്ങളാക്കി കേരളത്തിന്റെ താക്കീത്. എൽഡിഎഫ് സംഘടിപ്പിച്ച ഗൃഹാങ്കണ സമരത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലക്ഷങ്ങൾ അണിനിരന്നു. വീട്ടുമുറ്റങ്ങളും പാർടി ഓഫീസുകളും വായനശാലകളും സാംസ്‌കാരിക കേന്ദ്രങ്ങളുമടക്കം സമര കേന്ദ്രങ്ങളായി.
വൈകിട്ട് 5.30 മുതൽ ആറുവരെ നടന്ന പ്രതിഷേധത്തിൽ വീടുകൾക്കുമുന്നിൽ കുടുംബങ്ങളൊന്നടങ്കം അണിനിരന്നു. വാക്‌സിൻ വിതരണം സാർവത്രികവും സൗജന്യവുമാക്കുക, കോവിഡിൽ പ്രതിസന്ധിയിലായ സംസ്ഥാനങ്ങളെ കൂടുതൽ അപകടത്തിലാക്കുന്ന കേന്ദ്രനയം തിരുത്തുക, സൗജന്യ വാക്‌സിൻ ഉറപ്പുവരുത്താൻ പിഎം കെയർ ഫണ്ട് ഉപയോഗിക്കുക തുടങ്ങിയ ആവശ്യങ്ങളടങ്ങിയ പ്ലക്കാർഡുകളും പോസ്‌റ്ററുകളും ഉയർത്തി. പ്രതിഷേധം സാമൂഹ്യ മാധ്യമങ്ങളിലും വൈറലായി.
എ കെ ജി സെന്ററിൽ പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ള, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ ആനത്തലവട്ടം ആനന്ദൻ, കെ എൻ ബാലഗോപാൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സിപിഐ ആസ്ഥാന മന്ദിരമായ എം എൻ സ്‌മാരകത്തിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, കേന്ദ്ര കൺട്രോൾ കമീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, സംസ്ഥാന അസിസ്‌റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു എന്നിവർ പങ്കെടുത്തു. സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയും കുടുംബവും തൃശൂർ ജില്ലാകമ്മിറ്റി ഓഫീസിൽ സമരത്തിൽ പങ്കാളിയായി. സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ തൃശൂരിലെ വീട്ടിൽ സമരത്തിൽ പങ്കാളിയായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..