കേരള മുഖ്യമന്ത്രിക്കെതിരെ വ്യക്തിപരമായി വി മുരളീധരൻ ചൊരിഞ്ഞ അധിക്ഷേപം അദ്ദേഹമാണ് അങ്ങനെ ചെയ്തതെന്ന ഒറ്റകാരണംകൊണ്ടുതന്നെ അവഗണിക്കേണ്ടതാണ്. ഒരുവിധ പൊതുജനസേവനവും നടത്തിയ പശ്ചാത്തലമില്ലാതെ വളഞ്ഞവഴിയിലൂടെ കേന്ദ്ര സഹമന്ത്രി പദവിയിലെത്തിയ അദ്ദേഹം സ്വന്തം പാർടിയിലെപ്പോലും ബഹുഭൂരിപക്ഷത്തിന്റെ അവഹേളനാ പാത്രമാണെന്ന് അദ്ദേഹത്തിനുതന്നെ നല്ല ബോധ്യമുണ്ടാകും. കേരളീയർ തിരസ്കരിച്ച അദ്ദേഹം മഹാരാഷ്ട്രയിൽനിന്ന് രാജ്യസഭയിലെത്തി അധികാര സോപാനത്തിലേറി കേരള സർക്കാർ ചെലവിൽ പാർടി ഗ്രൂപ്പ് പ്രവർത്തനം മാത്രമേ നടത്തിയുള്ളൂ. അതിനാലാണ് അദ്ദേഹം കേരളത്തിനുവേണ്ടി ചെയ്ത കാര്യങ്ങൾ എന്തെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു മുന്നിൽ നിശ്ശബ്ദനാകേണ്ടി വന്നത്. മഹാരാഷ്ട്രക്കാർക്ക് ഇങ്ങനെയൊരാൾ ഉള്ളതായി അറിയില്ലാത്തതുകൊണ്ട് അവിടെനിന്ന് ഇത്തരത്തിലൊരു ചോദ്യം പേടിക്കേണ്ടതില്ല.
വിദേശകാര്യ സഹമന്ത്രിസ്ഥാനമാണ് അദ്ദേഹം വഹിക്കുന്നതെങ്കിലും കേരളീയരോ ഇതര സംസ്ഥാനക്കാരോ ആയ പ്രവാസികളുടെ സഹായത്തിന് കോവിഡ് ദുരിതകാലത്തോ മറ്റു കാലങ്ങളിലോ എന്തെങ്കിലും ഇടപെടൽ നടത്തിയതായി അദ്ദേഹംപോലും അവകാശപ്പെടുന്നില്ല. ദുരന്തകാലങ്ങളിലും ദുരിതകാലത്തും ജനങ്ങളെ ചേർത്തുപിടിച്ച് ജനങ്ങളുടെ അഭയസ്ഥാനമായി മാറിയ കേരള മുഖ്യമന്ത്രിയുടെ നേരെ മാലിന്യം വാരിയെറിയാനുള്ള വി മുരളീധരന്റെ നിരന്തരശ്രമം അവസാനിപ്പിച്ചേ മതിയാകൂ. ചിദംബരത്തെപ്പോലുള്ള കോൺഗ്രസ് നേതാക്കൾ കേരള മുഖ്യമന്ത്രിക്ക് എതിരെയുള്ള വി മുരളീധരന്റെ അധിക്ഷേപങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ചപ്പോൾ പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട് വിലയ്ക്കു ലഭിച്ചതിന്റെ നന്ദി പ്രകടമാക്കി.
പാത്രം കൊട്ടലും ടോർച്ച് തെളിക്കലും പോലുള്ള പ്രതിരോധ മാർഗങ്ങൾ നമ്മുടെ പ്രധാനമന്ത്രിയിൽനിന്ന് ഇനിയും പ്രതീക്ഷിക്കാം
പ്രതിരോധ കുത്തിവയ്പ് വിപുലമാക്കിക്കൊണ്ടും വൈറസ് പകർച്ചയുടെ തോത് കുറയ്ക്കാനുള്ള വിവിധ പ്രതിരോധമാർഗങ്ങളിലൂടെ രോഗവ്യാപനം കേരളം നിയന്ത്രിക്കുന്നു. അതിനോടൊപ്പം, രോഗികൾക്ക് സൗജന്യമായി മികച്ച ചികിത്സാ സൗകര്യങ്ങൾ ഏർപ്പാടാക്കി മരണനിരക്ക് കഴിയുന്നത്ര പരിമിതപ്പെടുത്തുകയെന്ന ദ്വിമുഖ തന്ത്രം സംസ്ഥാന സർക്കാർ നടപ്പാക്കുന്നു. അത് ലോകാരോഗ്യ സംഘടനയുടെയും ഡൽഹിയിലെ എയിംസ് ഡയറക്ടർ രൺദീപ് ഗുലെരിയയെപ്പോലുള്ള ഈ മേഖലയിലെ വിദഗ്ധരുടെയും പ്രശംസയ്ക്കു പാത്രീഭവിച്ചത് എന്തുകൊണ്ടെന്ന് ആക്ഷേപഹാസ്യകാരൻമാർക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ടാകില്ല. തങ്ങൾക്ക് എയിംസ് പോലുള്ള സ്ഥാപനങ്ങളിലെ ശാസ്ത്രീയ ചികിത്സയും രാജ്യത്തെ സാധാരണ ജനങ്ങൾക്ക് ഗോമൂത്ര ചികിത്സയും വിധിക്കുന്നവരിൽനിന്ന് കൂടുതൽ എന്തു പ്രതീക്ഷിക്കാനാണ്. അതുകൊണ്ടുതന്നെയാണല്ലോ വാക്സിനും ഓക്സിജനും രാജ്യം കടുത്തക്ഷാമം നേരിടുമ്പോൾ ശാസ്ത്രപോഷണത്തിനുള്ള കേന്ദ്രമന്ത്രി ഹർഷവർധൻ തദ്ദേശീയ പശു ഇനങ്ങളുടെ മേൻമ വെളിവാക്കുന്ന തരത്തിൽ പശുശാസ്ത്ര പഠനം വിപുലപ്പെ
ടുത്താൻ നിർദേശം നൽകിയത്. പാത്രം കൊട്ടലും ടോർച്ച് തെളിക്കലും പോലുള്ള പ്രതിരോധ മാർഗങ്ങൾ നമ്മുടെ പ്രധാനമന്ത്രിയിൽനിന്ന് ഇനിയും പ്രതീക്ഷിക്കാം.
ദുരിതകാലത്ത് ആശ്വാസ പ്രതീക്ഷയോടെ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിനായി ജനങ്ങൾ കാത്തിരിക്കുന്നതും പ്രധാനമന്ത്രിയുടെ വാർത്താസമ്മേളനം ഉണ്ടാകുമെന്ന് അറിയുമ്പോൾ ഭയചകിതരാകുന്നതിന്റെയും കാരണം അന്വേഷിച്ചാൽ മതി മുരളീധരന്റെ പാർടിയും ഇടതുപക്ഷവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ. ഇക്കുറിയും ജനങ്ങളുടെ ആശങ്ക അസ്ഥാനത്തായില്ല. വാക്സിൻ ഇല്ലാതെ രാജ്യത്തെമ്പാടും ജനങ്ങൾ നെട്ടോട്ടമോടുമ്പോൾ രാജ്യത്ത് ഉൽപ്പാദിപ്പിക്കുന്ന വാക്സിന്റെ നേർപകുതി മാർക്കറ്റ് വിലയ്ക്ക് വിറ്റു പണമുണ്ടാക്കാൻ മരുന്നുനിർമാണ കുത്തകകൾക്ക് അനുമതി നൽകുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. എന്നു മാത്രമല്ല 150 രൂപ ഉണ്ടായിരുന്ന വാക്സിന് നാനൂറും അറുനൂറും ആയിരവും രൂപയാക്കി ഉയർത്തി. വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെ ഈ പകൽകൊള്ള വൈകിപ്പിച്ചെന്നുമാത്രം. സ്വകാര്യ ആശുപത്രികളോടൊപ്പം സംസ്ഥാന സർക്കാരുകൾക്കു വേണമെങ്കിൽ അവ വിലയ്ക്കു വാങ്ങാം.
മെയ് ഒന്നുമുതൽ 18 വയസ്സിനു മുകളിലുള്ളവർക്കെല്ലാം സമ്പൂർണ പ്രതിരോധ കുത്തിവയ്പെന്ന മനോഹര വാഗ്ദാനത്തിന്റെ ഒപ്പംതന്നെയാണ് പതിവ് ഇരട്ടത്താപ്പ്. ഭാരത് ബയോടെക് ഇന്റർനാഷണൽ എന്ന കമ്പനി നിർമിക്കുന്ന കോവാക്സിൻ വികസിപ്പിച്ചത് ഐസിഎംആറിന്റെ കീഴിലുള്ള പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ആണെന്നതുകൊണ്ടും സാർവത്രിക വാക്സിനേഷനുകൾ സൗജന്യമായി നൽകേണ്ടത് കേന്ദ്രസർക്കാരിന്റെ ഉത്തരവാദിത്തമായതുകൊണ്ടും സ്വകാര്യ കുത്തകകൾക്ക് ലാഭമുണ്ടാക്കാതെ നിശ്ചിതവിലയ്ക്ക് കേന്ദ്ര സർക്കാർ അവ വാങ്ങി സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകണമെന്ന് ആവശ്യപ്പെട്ടാൽ ദേശവിരുദ്ധരെന്നുവരെ മുദ്ര കുത്താൻ അതു മതിയാകും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മൂന്ന് ശതമാനത്തിലേക്ക് സത്വരമായി കുറയ്ക്കണമെന്ന ലക്ഷ്യത്തോടെ ഊർജിത പ്രതിരോധ പ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്ന സംസ്ഥാനത്തിന് ആവശ്യമായ വാക്സിൻ ലഭ്യമാക്കാത്തത് സ്ഥിതി വഷളാക്കാൻ ഇടയുണ്ട്. മുഖ്യമന്ത്രി 50 ലക്ഷം ഡോസ് വാക്സിൻ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ലഭിച്ചത് അതിന്റെ പത്തിലൊന്നു മാത്രമാണെന്നത് ഗുരുതര പ്രശ്നങ്ങൾ ഉയർത്തുന്നു.
ഗുജറാത്തിലെ സ്ഥിതി പുറംലോകം അറിയാതിരിക്കാനായി മരണസംഖ്യ മറച്ചുവയ്ക്കുന്നുവെന്നാണ് ദേശീയ ദിനപത്രങ്ങൾ റിപ്പോർട്ട് ചെയ്തത്
സംസ്ഥാനത്ത് രോഗസ്ഥിരീകരണ നിരക്ക് ഗണ്യമായി വർധിക്കുന്നുണ്ടെങ്കിലും പരിശോധന വ്യാപിപ്പിച്ച് സൗജന്യ ചികിത്സാ സൗകര്യം ഏർപ്പെടുത്തുന്നത് മരണനിരക്ക് ഇപ്പോഴും നിയന്ത്രിച്ചുനിർത്താൻ സാധ്യമാക്കിയിട്ടുണ്ട്. വീടുകളിൽ നേരിട്ടെത്തി പരിശോധന നടത്താനുള്ള പുതിയ തീരുമാനം ഏറ്റവും സ്വാഗതാർഹമാണ്. ഗുജറാത്തിലെ സ്ഥിതി പുറംലോകം അറിയാതിരിക്കാനായി മരണസംഖ്യ മറച്ചുവയ്ക്കുന്നുവെന്നാണ് ദേശീയ ദിനപത്രങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ, നമ്മുടെ സംസ്ഥാനത്ത് അഗതികളും അതിഥിത്തൊഴിലാളികളും ഉൾപ്പെടെ ഒരാൾക്കും പണമില്ലാത്തതിന്റെ പേരിൽ ചികിത്സയോ ഭക്ഷണമോ മുടങ്ങില്ലെന്ന് ഉറപ്പാക്കി. സന്നദ്ധസേന രൂപീകരിച്ച് രോഗികൾക്ക് മാനസിക, സാമൂഹ്യ പിന്തുണ ഉറപ്പാക്കി.
അതീവഗുരുതര സാഹചര്യം നേരിടുന്ന മഹാരാഷ്ട്ര സംസ്ഥാനത്തെ മുഖ്യമന്ത്രി ഉദ്ദവ് താക്കറേ കേന്ദ്രസർക്കാരിന്റെ ഉത്തരവാദിത്തം നിറവേറ്റണമെന്ന് ആവശ്യപ്പെടാനായി പ്രധാനമന്ത്രിയെ ഫോണിൽ ബന്ധപ്പെടാൻ നടത്തിയ ശ്രമം രാഷ്ട്രീയ വിദ്വേഷംകൊണ്ട് വിഫലമാക്കിയത് പ്രധാനമന്ത്രിപദത്തിനുതന്നെ കളങ്കമാണ്. ഇത്തരത്തിൽ ജനങ്ങളോട് പ്രതിബദ്ധതയില്ലാത്ത ഒരു രാഷ്ട്രത്തലവനേ ഉണ്ടായിരുന്നുള്ളു; ട്രംപ്. ആദ്യഘട്ട കോവിഡ് വ്യാപനകാലത്ത് ട്രംപിന് വോട്ട് പിടിക്കുന്ന തിരക്കിലായിരുന്നു നമ്മുടെ പ്രധാനമന്ത്രിയെന്നത് ഇന്നാട്ടിലെ ജനങ്ങൾ മറന്നിട്ടില്ല.
അതീവഗുരുതര പ്രതിസന്ധിയിലൂടെ രാജ്യം കടന്നുപോകുന്ന ഈ ഘട്ടത്തിൽ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ ഒത്തൊരുമിച്ച് പ്രവർത്തിച്ച് തദ്ദേശസ്ഥാപന പ്രതിനിധികളുടെയും സന്നദ്ധ സേവകരുടെയും നേതൃത്വത്തിൽ രാഷ്ട്രീയഭേദമെന്യേ ഒത്തൊരുമയോടെ ഇടപെടേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കാനുള്ള വിവേകം കേന്ദ്ര സഹമന്ത്രിക്കും സംസ്ഥാനത്തെ പ്രതിപക്ഷത്തിനും ഉണ്ടാകുമെന്ന് ആശിക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..