കൊച്ചി
വൈഗയെ കൊലപ്പെടുത്തിയശേഷം കൊല്ലൂരിൽ ഒളിവിൽക്കഴിഞ്ഞ ലോഡ്‌ജിൽനിന്ന് സനുമോഹന്റെ ജാക്കറ്റ് കണ്ടെടുത്തു. കൊല്ലൂരിലെ ബീന റസിഡൻസിയിൽനിന്നാണ് ജാക്കറ്റ് കണ്ടെടുത്തത്. തമിഴ്‌നാട്, കർണാടകം സംസ്ഥാനങ്ങളിലെ തെളിവെടുപ്പ് പൂർത്തിയാക്കി സനു മോഹനെയുംകൊണ്ട് അന്വേഷണസംഘം തിങ്കളാഴ്‌ച രാത്രി കൊച്ചിയിൽ എത്തി. ബീന റസിഡൻസിയിലെ ജീവനക്കാർ സനുമോഹനെ തിരിച്ചറിഞ്ഞു. ആറുദിവസമാണ് സനുമോഹൻ കൊല്ലൂരിൽ തങ്ങിയത്. കൊല്ലൂർ ബസ്‌സ്റ്റാൻഡ്, യാത്രാമധ്യേ ബസ് മാറിക്കയറിയ വനമേഖല എന്നിവിടങ്ങളിലും തെളിവെടുത്തു. വാടകകൊടുക്കാതെ മുങ്ങിയ ഹോട്ടൽമുറിയുടെ താക്കോൽ ബൈന്ദൂരിൽ റോഡരികിൽ വലിച്ചെറിഞ്ഞതായി തെളിവെടുപ്പിനിടെ വ്യക്തമാക്കി.
ബൈന്ദൂരിലെത്തിയ പൊലീസ് സംഘം താക്കോലും കണ്ടെത്തി. കൊച്ചിയിലെത്തിച്ച സനു മോഹനെ പ്രത്യേക കേന്ദ്രത്തിൽ ചോദ്യംചെയ്യും. ഭാര്യ രമ്യയിൽനിന്ന് മൊഴി രേഖപ്പെടുത്തും. തുടർന്ന് ഇരുവരെയും ഒരുമിച്ചിരുത്തിയും ചോദ്യംചെയ്യും. വൈഗയുടെ കൊലപാതകത്തിൽ സനുവിന്റെ പങ്കിന് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും ചോദ്യംചെയ്യലിൽ വ്യക്തതവരുമെന്നും അന്വേഷണസംഘം പറഞ്ഞു. 29 വരെയാണ് സനുവിനെ പൊലീസ് കസ്‌റ്റഡിയിൽ വിട്ടിരിക്കുന്നത്. ആലപ്പുഴയിൽ ഭാര്യാവീട്ടിലും തെളിവെടുപ്പ് നടത്തും.
ഏപ്രിൽ 10ന് രാവിലെ കൊല്ലൂർ ക്ഷേത്രത്തിനു തൊട്ടടുത്ത ബീന റസിഡൻസിയിൽ മുറിയെടുത്ത സനു, 16ന് രാവിലെയാണ് മുങ്ങിയത്. ജീവനക്കാരോട് സൗപർണികയിൽ പോയിവരാമെന്നുപറഞ്ഞാണ് ഇറങ്ങിയത്. വൈകിട്ട് മംഗളൂരുവിൽനിന്ന് വിമാനത്തിൽ മടങ്ങാനുള്ളതാണെന്നും വിമാനത്താവളത്തിൽ പോകുന്നതിനായി ഉച്ചയ്ക്ക് കാർ വേണമെന്നും പറഞ്ഞിരുന്നു. കാർ എത്തിയിട്ടും ഇയാൾ തിരിച്ചെത്തിയില്ല. ഇതോടെയാണ് സനു മുങ്ങിയതായി ഹോട്ടലുകാർക്കു വ്യക്തമായത്. മുറിവാടകയായ 5,700 രൂപ നൽകിയിരുന്നില്ല. തിരിച്ചറിയൽരേഖയായി നൽകിയ ആധാർ കാർഡിലെ വിലാസത്തിൽ അന്വേഷിച്ചപ്പോഴാണ് പൊലീസ് അന്വേഷിക്കുന്ന പ്രതിയാണെന്ന് തിരിച്ചറിഞ്ഞത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..